സ്വര്‍ഗത്തില്‍ അല്ലാഹുവിന്റെ അടുത്താവും ഞങ്ങളുടെ നൗഷാദിക്ക; ഗാന്ധിഭവനിലെ കുരുന്നുകള്‍ക്ക് കണ്ണുനീരിന്റെ നനവ്

single-img
19 October 2016
ഗാന്ധിഭവനിലെത്തിയ നൗഷാദ് കുട്ടികള്‍ക്ക് ഓറഞ്ച് വിതരണം ചെയ്യുന്നു

ഗാന്ധിഭവനിലെത്തിയ നൗഷാദ് കുട്ടികള്‍ക്ക് ഓറഞ്ച് വിതരണം ചെയ്യുന്നു

”ഞങ്ങളോടൊപ്പം ഞങ്ങളുടെ കൂട്ടുകാരനായി ചേര്‍ന്ന് ഞങ്ങള്‍ക്ക് ഓറഞ്ചുകള്‍ നല്‍കി. ഞങ്ങളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത അങ്ങ് ഇപ്പോള്‍ ഞങ്ങളെ തോരാ കണ്ണീരില്‍ വീഴ്ത്തിയിരിക്കുകയാണ്. ഞങ്ങള്‍ മറക്കില്ലൊരിക്കലും…സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്റെ അടുത്തുതന്നെയായിരിക്കും ഇക്കയുടെ ഇരിപ്പിടം ഞങ്ങള്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു” ഇത് പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികളുടെ വാക്കുകള്‍.

കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറിവില്‍പ്പനക്കാരന്‍ മാത്രമായിരുന്നില്ല നൗഷാദ്..സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹിയായിരുന്നു. മാനവികത നഷ്ടപ്പെടുന്ന ഇന്നത്തെ സമൂഹത്തിന് മാതൃകയായിരുന്നു നൗഷാദ്. മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് ഒരുപാട് ഓറഞ്ചുകളുമായി പുഞ്ചിരിയോടെ എത്തിയ നൗഷാദിന്റെ മുഖം ഓര്‍മയില്‍ നിന്നും പോകുന്നില്ല എന്നാണ് പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി സോമരാജന്‍ ഇ വാര്‍ത്തയോട് പ്രതികരിച്ചത്. ഗാന്ധിഭവന്റെ എല്ലാ പരിപാടികള്‍ക്കും നൗഷാദിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്.

noushad1

കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പ്പനയിലെ കൊടുംകൊള്ളയെക്കുറിച്ച് വീഡിയോ തയ്യാറാക്കി ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച നൗഷാദ് അഹമ്മദ് തിരുനെല്‍വേലിയില്‍ വച്ചാണ് വാഹനാപകടകത്തില്‍ കൊല്ലപ്പെട്ടത.് കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പ്പനയിലെ കൊള്ളയ്ക്കെതിരെ നൗഷാദ് പ്രതികരിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് നൗഷാദ് പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ തുടങ്ങിയതോടെ മറ്റ് കച്ചവടകകാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ചാണ് നൗഷാദ് ഫേസ്ബുക്കിലൂടെ വീഡിയോ പോസ്റ്റ് പ്രചരിപ്പിച്ചത്. ഒറ്റദിവസം കൊണ്ട് പതിനൊന്ന് ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. അഞ്ച് രൂപയുടെ സാധനം അമ്പത് രൂപയ്ക്ക് വില്‍ക്കുന്നവരാണ് തനിക്കെതിരെ പോലീസിനെ സമീപിച്ചതെന്ന് നൗഷാദ് വീഡിയോയില്‍ പറയുന്നു. എന്തുവന്നാലും തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് കഴുത്തറപ്പന്മാര്‍ എന്ന തലക്കെട്ടില്‍ നൗഷാദ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ പോലീസിന് കേസ് പോലും ഉപേക്ഷിക്കേണ്ടി വന്നു.

നൗഷാദ് ആന്‍ഡ് കമ്പനിയെന്നാണ് കായംകുളം മാര്‍ക്കറ്റിലെ ഇയാളുടെ സ്ഥാപനത്തിന്റെ പേര്. കൊള്ളലാഭം തനിക്ക് വേണ്ട, എല്ലാം ഒറ്റയ്ക്ക് തിന്നണമെന്ന് വാശിയുള്ള ചില കച്ചവടക്കാര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് എന്നായിരുന്നു നൗഷാദ് വീഡിയോയിലൂടെ പറഞ്ഞത്. ഇതോടെ കായംകുളം മാര്‍ക്കറ്റില്‍ നൗഷാദിന്റെ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്തു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്ന നൗഷാദിന്റെ മരണം പ്രീയപ്പെട്ടവരൊയൊക്കെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.