ദോഹ തുറമുഖം നവീകരണത്തിനായി മാര്‍ച്ച് 30 മുതല്‍ അടച്ചിടുന്നു

single-img
19 October 2016

doha-new-port

ദോഹ: അടുത്തവര്‍ഷം മാര്‍ച്ച് 30ന് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ദോഹ തുറമുഖം പൂര്‍ണമായും അടയ്ക്കുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. തുറമുഖത്തിന്റെ ഡ്രില്ലിങ്ങും മറ്റു വികസനപ്രവര്‍ത്തനങ്ങളും അടുത്തവര്‍ഷം ഏപ്രില്‍ ആദ്യവാരം തുടങ്ങും.

ദോഹ തുറമുഖത്തിന്റെ നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി റിയാലാണ് ചെലവിടുന്നത്. ഈ വര്‍ഷം ഡിസംബര്‍ മുപ്പതിനുള്ളില്‍ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ഹമദ് അന്താരാഷ്ട്ര തുറമുഖത്തിലേക്ക് മാറ്റുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ ക്വാളിറ്റി ആന്‍ഡ് പ്രൊഡക്റ്റിവിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ തുടങ്ങിയ ഖത്തര്‍ ഗതാഗത സുരക്ഷാ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖത്തിന്റെ പ്രധാന കനാലിനും തുറമുഖ അറ്റകുറ്റപ്പണികള്‍ക്കുമാണ് ഗതാഗതമന്ത്രാലയം ഏറെ പ്രാധാന്യം നല്‍കുന്നത്. നിര്‍മാണച്ചുമതല ഏതു കമ്പനിക്കു നല്‍കുമെന്നത് ഭാവിയില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം രാജ്യത്തെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ദോഹ തുറമുഖത്തെ അത്യാധുനിക സൗകര്യങ്ങളുള്ള ക്രൂയിസ് ഷിപ്പ് ടെര്‍മിനലാക്കിമാറ്റുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോഡ് സുരക്ഷയുടെ കാര്യത്തില്‍ യു.എന്‍. മുന്നോട്ടുവെച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഖത്തര്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും 2020-നുള്ളില്‍ റോഡ് സുരക്ഷാ ലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.