കുറ്റം ചെയ്താല്‍ സൗദിയില്‍ എല്ലാവര്‍ക്കും ഒരു നിയമം മാത്രം; കൊലപാതകക്കുറ്റത്തിന് സൗദി രാജകുമാരനു വധശിക്ഷ

single-img
19 October 2016

 

saudi-arabia

സൗദി: സൗദിയില്‍ കുറ്റം ചെയ്താല്‍ എല്ലാവര്‍ക്കും ഒരു നിയമം മാത്രമാണെന്ന് തെളിയിച്ചിരിക്കുന്നു. രാജകുടുംബത്തിലെ അംഗത്തെ കൊലപാതക കുറ്റത്തിന് വധശിക്ഷ നല്‍കി കൊണ്ടാണ് രാജകുടുംബം രാജ്യത്തിന് മാതൃകയായത്. ആയിരക്കണക്കിന് സൗദി കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സംഭവമായിരുന്നു ഇത്.

രാജകുമാരനായ തുര്‍ക്കി ബിന്‍ സഊദ് അല്‍-കബീര്‍ സുഹൃത്തായ ആദില്‍ അല്‍ മഹമ്മദുമായുണ്ടായ കലഹത്തിനിടെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. റിയാദ് രാജകുടുംബത്തിലെ ഒരംഗം സുഹൃത്തിനെ കൊന്നു എന്നായിരുന്നു 2014ല്‍ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അന്ന് പേരു പുറത്ത് പറഞ്ഞിരുന്നില്ല. ഡിസംബര്‍ 2012 റിയാദിന്റെ അറ്റത്തുള്ള ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. തര്‍ക്കത്തിനിടെ വെടിവെപ്പുണ്ടാവുകയും ഒരാളുടെ ജീവന്‍ നഷ്ടപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരുഭൂമിയില്‍ സ്വദേശികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്ന പ്രശസ്ത സ്ഥലമാണിവിടം. കൊല്ലപ്പെട്ടത് തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമാണെന്ന് കൊലയാളി പറഞ്ഞിരുന്നതായാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കുറ്റവാളികളെ വാള്‍ കൊണ്ട് ശിരഛേദം ചെയ്യുന്നതാണ് സൗദി അറേബ്യയിലെ വധശിക്ഷ. ആര് കൊലപാതകം നടത്തിയാലും അതിനുള്ള കര്‍ശനമായ ഇസ്ലാമിക നിയമസംഹിത ഇവിടെ ഉണ്ട്. മയക്കുമരുന്ന് കടത്ത്, സായുധ മോഷണം, ബലാത്സംഗം, വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള എല്ലാ കുറ്റത്തിനും ശിക്ഷ വധശിക്ഷയാണ്.

2015ല്‍ 158 പേരെ സൗദിയില്‍ വധശിക്ഷക്ക് വിധേയരാക്കിയിരുന്നുവെന്നാണ് ലോക പൊതുമാപ്പ് സംഘടന പുറത്ത് വിട്ട് കണക്ക് പറയുന്നത്. ഈ വര്‍ഷം ഇത് 134-ാമത്തെ വധശിക്ഷയാണ്. ഇന്ത്യയിലും ഇത്തരം ശിക്ഷാനിയമങ്ങള്‍ വരികയാണെങ്കില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ കുറ്റകൃത്യത്തിനു അറുതിയുണ്ടാവും. സൗദി രാജകുമാരന്റെ വധശിക്ഷയെ തുടര്‍ന്ന സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയിലെ നിയമസംഹിതയുമായി ബന്ധപ്പെടുത്തി ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്.