Travel

മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്;മഴയെത്തേടി..മഞ്ഞ് വീണ വഴിയിലൂടെ അഗുംബെയിലേക്ക്..

pic1
അഗുംബെ ഒരു അനുഭവമാണ്.മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്.നനയാന്‍ ഇഷ്ടമുള്ളവര്‍ പോയാല്‍ അതനുഭവിക്കാന്‍ കഴിയും.അഗുംബെ ഒരു സ്വപ്നമായി മാറിയിട്ട് കാലമേറെയായിരുന്നു.ഈ യാത്രയുടെ അനുഭവത്തെ വാക്കുകളാല്‍ വര്‍ണിക്കാനാവില്ല.സത്യത്തില്‍ ഈ യാത്ര പ്രകൃതിയുടെ സൗന്ദര്യത്തിലേക്കുള്ള മടക്കയാത്രയായിരുന്നു….ഓര്‍മക്കൂട്ടിലെ മഴയാത്ര

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപൂഞ്ചി എന്നറിയപ്പെടുന്ന അഗുംബെ എന്ന കൊച്ചു ഗ്രാമം.എപ്പോഴും പെയ്തിറങ്ങുന്ന തണുത്ത മഴയാണ് ഇവിടുത്തെ പ്രത്യകത.ഏറ്റവും കൂടുതല്‍ രാജവെമ്പാല ഇനത്തില്‍ പെട്ട പാമ്പുകള്‍ കാണുന്നതും ഇവിടെ തന്നെ.അഗുംബെയിലേക്കൊരു യാത്ര പോകാം.
തിരുവന്തപുരത്തു നിന്ന് 700 കിലോമീറ്റര് അകലെയാണ് അഗുംബെ.വയനാട് വഴി ആയിരുന്നു എന്റെ യാത്ര.ദൂരം ഒരല്‍പം കൂടുതലാണ്.സാദാരണ അഗുംബെയില്‍ എത്തുന്നവര്‍ ഉഡുപ്പിയില്‍ നിന്നും തിരിയുകയാണ് പതിവ്.സ്ഥിരം വഴികള്‍ ഉപേക്ഷിച്ചു പുതിയ വഴികള്‍ തേടുന്നത് എന്നും യാത്രയില്‍ ഒരു ഹരം തന്നെയാണ്.വയനാട് എത്തുമ്പോള്‍ ഉച്ചയ്ക്ക് 2 മണി ആയിരുന്നു.അന്ന് വയനാട് തങ്ങി,പിറ്റേന്ന് പുലര്‍ച്ചെ 6 മണിയോടെ വയനാട് നിന്നും പുറപ്പെട്ട് കുട്ട എന്ന സ്ഥലെത്തി.

pic5
പശ്ചിമഘട്ടത്തിന്റെ ചെരുവുകളില്‍ സ്ഥിതി ചെയ്യുന്ന കുടക് ലക്ഷ്യമാക്കിയാണ് പിന്നീട് യാത്ര ചെയ്തത്.കാപ്പി തോട്ടങ്ങള്‍ക്കു പ്രശസ്തി കേട്ട സ്ഥലമാണ് കുടക്.എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പായിരിക്കും.റോഡിനിരുവശത്തും നിറയെ കാപ്പിത്തോട്ടങ്ങള്‍.കൂര്‍ഗിലുടെയുള്ള യാത്ര തന്നെ ഒരു അനുഭവമാണ്.കാഴ്ച കാണണമെങ്കില്‍ മൂന്നു ദിവസമെങ്കിലും വേണ്ടി വരും.ലക്ഷം കൂര്‍ഗ് അല്ലാത്തതിനാല്‍ യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു.മടിക്കേരിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലയെയാണ് അഗുംബെ.വളരെ പതിയെ ആയിരുന്നു എന്റെ യാത്ര അത് കൊണ്ട് തന്നെ ബാന്‍ഡ്വാള്‍ എന്ന സ്ഥലത്തു യാത്ര അവസാനിപ്പിച്ച് വിശ്രമിക്കേണ്ടതായി വന്നു.ഇരുട്ടില്‍ അഗുംബെയിലേക്കുള്ള വഴികള്‍ മഞ്ഞില്‍ മൂടി പോകുമെന്ന് വഴിയില്‍ കണ്ട ചലര്‍ പറഞ്ഞിരുന്നു.വണ്ടിയിലെ വെളിച്ചക്കുറവ് രാത്രിയില്‍ യാത്ര ദുഷ്‌കരമാകുമെന്നു തോന്നിയതിനാല്‍ കേവലം 350 രൂപയ്ക്കു വൃത്തിയുള്ള ഒരു റൂമില്‍ അന്നത്തെ രാത്രി കഴിച്ചു

.pic4
അതിരാവിലെ യാത്ര തുടങ്ങിയ ഞാന്‍ അഗുംബെയിലെക്കുള്ള കലോമീറ്റര്‍ രേഖപ്പെടുത്തുന്ന ആദ്യത്തെ മൈല്‍ കുറ്റി കാണുമ്പോള്‍ സമയം എട്ടു മണിയോടടുത്തിരുന്നു.ഇരുവശത്തും നിബിഡമായ വനമായിരുന്നു.വെളിച്ചം താഴേക്ക് പതിക്കുനില്ല.മഴക്കാറുകള്‍ എപ്പോള്‍ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന രീതിയില്‍ മൂടിക്കെട്ടി നില്‍ക്കുന്നു.കര്‍ണാടകം സ്റ്റേറ്റ് ഹൈവേ ഒന്ന് ആണ് അഗുംബെയിലേക്കുള്ള റോഡ്.വളഞ്ഞു തിരിഞ്ഞ വഴികള്‍.ബൈക്കിലാണ് യാത്ര…

മഴയെ തേടിയുള്ള യാത്രയാണിത്…അഗുംബെ എത്തുന്നതിനു മുന്നേയുള്ള ഈ ചുരങ്ങളാണ് .ഇറങ്ങുന്ന വലിയ വണ്ടികള്‍ പോയതിനു ശേഷം മാത്രമേ കയറ്റം കയറുന്ന വണ്ടികള്‍ കയറു.പരസ്പരം അറിഞ്ഞും സഹകരിച്ചും ഉള്ള ഒരു യാത്ര.മഴ അത്യാവശ്യം ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു…നനയാന്‍ തീരുമാനിച്ചു യാത്ര തുടര്‍ന്നു. നല്ല തണുപ്പുണ്ടായിരുന്നു മഴയ്ക്കു…മഴ തുള്ളിയെടുത്തപ്പോള്‍ കോടമഞ്ഞു കാടിനെ പുതപ്പണിയിക്കാന്‍ തുടങ്ങി.പച്ച വിരിച്ച വലിയ മരങ്ങള്‍ക്കിടയില്‍ വെളുത്ത തൂമഞ്ഞിന്‍ പുതപ്പ്.

pic6
ലോകപ്രശസ്തമായ ഇവിടുത്തെ അസ്തമയ കാഴ്ച കാണുന്ന വ്യൂ പോയിന്റില്‍ എത്തി അവിടെ നിന്ന് നോക്കിയാല്‍ അറബിക്കടല്‍ കാണാന്‍ കഴിയും.മഞ്ഞു മൂടിയാല്‍ ദൂരെക്കാഴ്ച കുറവായിരുന്നു.സൂര്യന്‍ അസ്തമിക്കുന്നു ഭാവനയില്‍ കാണാനേ കഴിഞ്ഞുള്ളു.മഞ്ജു മൂടിയാല്‍ അസ്തമനവും ഉദയവും കാണാന്‍ കഴിഞ്ഞില്ല.ഒരേ സ്ഥലത്തു രണ്ടു വ്യൂ പോയിന്റ് റോഡിനു അപ്പുറം ഉദയം കാണാനും ഇപ്പുറം അസ്തമയം കാണാനും.രണ്ടിടത്തും അതിനു വേണ്ട സൗകര്യങ്ങള്‍ കര്‍ണാടകം ടൂറിസം ഒരുക്കിയിരിക്കുന്നു.കുറച്ചുകൂടി പോയാല്‍ അഗുംബെ ഗ്രാമത്തിലെത്താം.
പൊളിഞ്ഞു വീഴാറായ കരിങ്കല്ലില്‍ തീര്‍ത്ത വിരലിലെണ്ണാവുന്ന വീടുകള്‍.വാതിലിനു മുന്നിലായി പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ചിരിക്കുന്നു.അധികം ആളുകള്‍ ഇല്ലാത്ത ഒറ്റപ്പെട്ട ഗ്രാമം.ഒരു ബാങ്ക് ഇവിടെ പ്രവര്‍ത്തിക്കുന്നു.എ ടി എം ഉള്ളതൊഴിച്ചാല്‍ ആധുനികതകള്‍ ഒന്നും എത്തിയിട്ടില്ല ഇവിടെ.പോലീസ് സ്റ്റേഷന് പുറമെ ഒരു പട്ടാള ക്യാമ്പും ഉണ്ട്.നക്‌സലുകളുടെ താവളമായതിനാലത്രേ അങ്ങനെയൊരു ക്യാമ്പ്.മഴയുള്ളിടത്തു പോയാല്‍ എന്താകും കാഴ്ച വെള്ളച്ചാട്ടങ്ങള്‍ തന്നെ.മഴ പെട്ടെന്ന് വന്നു പെയ്തു തോറും ഒരല്പം സമയത്തേക്ക് സൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ നിന്ന് പുറത്തേക്കു നോക്കും.നാലൊരു ഹോട്ടല്‍ ഉണ്ട് ഇവിടെ അത്യാവശ്യം നല്ല വൃത്തിയുള്ള ആഹാരം കിട്ടും ഇവിടെ.തണുത്തു വിറച്ചിരുന്നതിനാല്‍ ആദ്യം റൂം എടുക്കാം എന്ന് കരുതി.അഗുംബെയില്‍ താമസിക്കാന്‍ എത്തുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് കസ്തുരി അക്കയുടെ വീട്ടിലെ ഹോംസ്റ്റേയ് ആണ്.ആഹാരം കസ്തുരി അക്ക തന്നെ ഉണ്ടാക്കി തരും.വീടുകള്‍ കുറവായതിനാല്‍ അവരുടെ വീട് കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടിയില്ല.അഗുംബെയിലെ സാമാന്യം വലുപ്പമുള്ള വീട് തന്നെ.രണ്ടു നിലയാണ് ,നാലുകെട്ടാണ്.റൂം എല്ലാം ബുക്ക് ആയിപോയെന്നു അറിയാന്‍ കഴിഞ്ഞു.ബൈക്കിലാണ് കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും നോക്കട്ടെ എന്ന് അവര്‍ പറഞ്ഞു.നല്ല മനസിന് നന്ദി പറഞ്ഞു ഞാന്‍ പുറത്തേക്കു നടന്നു.അവിടെ ‘മല്യയുടെ ‘ ബഹുനില മന്ദിരത്തില്‍ ഒരു റൂം എടുത്തു.വണ്ടി പാര്‍ക്ക് ചെയ്തു ഞാന്‍ ചൂട് വെള്ളത്തില്‍ കുളിച്ചു.

‘ഒനാക്കേ ആബി ഫാള്‍സ്’ എന്ന വെള്ളച്ചാട്ടത്തിലേക്കാണ് ആദ്യം പോയത്..400 അടി ഉയരത്തില്‍ നിന്ന് വീഴുന്ന വെള്ളച്ചാട്ടം കാണണമെങ്കില്‍ 4 കിലോമീറ്ററോളം കാട്ടിലൂടെ നടക്കണം.രാജവെമ്പാലകള്‍ നിറഞ്ഞ കാട്.പെര്മിസ്സഷന്‍ വാങ്ങിയേ അങ്ങോട്ട് പോകാന്‍ കഴിയു.റൂമില്‍ നിന്ന് പുറത്തിറങ്ങി നല്ലൊരു കട്ടന്‍ കാപ്പി കുടിച്ചു.തൊട്ടടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് പെര്മിസ്സഷന്‍ വാങ്ങി കാടിനുള്ളിലേക്ക് കയറി.മഴ പെയ്യുന്നുണ്ടായിരുന്നു .തുള്ളികള്‍ താഴേക്ക് വരുന്നില്ല മരങ്ങള്‍ കുടപിടിച്ചു നില്കുന്നു.വഴിയിലാരെയും കാണാനും കഴിഞ്ഞില്ല.മഞ്ഞും പച്ചപ്പും കാടും ഫോട്ടോഗ്രാഫര്‍ക്ക് പിന്നെ വേറെ എന്ത് വേണം.എന്റെ ക്യാമറയുടെ ഷട്ടറുകള്‍ തുറന്നടയാന്‍ തുടങ്ങി.കാലില്‍ എന്തോ അനക്കം തോന്നിയത് കൊണ്ടാണ് നോക്കിയത്…കുളയട്ടകള്‍..കാലു മുഴുവന്‍ ചോരയും.ഉപ്പു കയ്യില്‍ കരുതിയതും ഇല്ല.പാമ്പുള്ള കാട്ടില്‍ അട്ടയെ ഓര്‍ത്താതെ ഇല്ല.അതിനെ എടുത്തു കളയാന്‍ എടുത്ത കമ്പില്‍ പോലും നിറയെ അട്ടകള്‍.പിന്നീട് വെള്ളച്ചാട്ടം വരെ നിര്‍ത്താതെ ഓടി.നിന്നാല്‍ അട്ട കാലു പൊതിയും.വഴി അവസാനിച്ചത് പടിക്കെട്ടുകള്‍ നിറഞ്ഞ ഒരിടത്താണ്.താഴേക്ക് പടിക്കെട്ടുകള്‍ നടന്നിറങ്ങി.വെള്ളച്ചാട്ടത്തിന്റെ ഭീകരത ഉണര്‍ത്തുന്ന ആ ശബ്ദം അകലെ കേള്‍ക്കാമായിരുന്നു.പടിക്കെട്ടു അവസാനിക്കുന്നത് ഒരു ചെറിയ പുഴയിലാണ്.പുഴയിലെ വെള്ളം താഴേക്ക് പതിക്കുന്നു അവിടെ നിന്ന്.ആരോ വെട്ടിയെടുത്ത പോലെ പാറയുടെ അവസാനം.അവിടുന്നാണ് 400 അടി താഴ്ച.നുരഞ്ഞു പതിഞ്ഞു താഴേക്ക് പതിക്കുന്ന വെള്ളം ഒരു വെള്ള പുടവ പോലെ പച്ച വിരിഞ്ഞ മഴക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്നു.

pic3തിരികെ നടന്നു അഗുംബെയില്‍ എത്തി ഉച്ചയാഹാരം കഴിഞ്ഞു. പിന്നെയുമൊരുപാട് നടന്നു.വൈകുനേരം സൂര്യാസ്തമയ പോയിന്റില്‍ ചെന്ന് നിന്നു.അസ്തമയം കാണാന്‍ കഴിഞ്ഞില്ല.കോട വന്നു മൂടി പോകുന്നു.ആരെയും കാന പറ്റാത്ത വിധത്തില്‍.കയറ്റം കയറി വരുന്ന വാഹങ്ങളുടെ മുരള്‍ച്ചകള്‍ കേള്‍ക്കാം.അടുത്തെത്തുമ്പോള്‍ വണ്ടിയുടെ വെളിച്ചം കാണാം അത്ര തന്നെ.റൂമില്‍ വന്നു പുറത്തെ ബാല്‍ക്കണിയില്‍ ഇരുന്നപ്പോള്‍ മഴ വീണ്ടും വന്നു.പെയ്തു പോകുന്ന മഴയ്ക്കകമ്പടിയായി മഞ്ഞും.സമയം കുറെ കഴിഞ്ഞു അത്താഴം കഴിഞ്ഞു കിടക്കാന്‍ തുടങ്ങുമ്പോള്‍ പുതപ്പിനൊന്നും പ്രതിരോധിക്കാന്‍ കഴിയാത്തതത്ര തണുപ്പായിരുന്നു.ചുടു വെള്ളത്തില്‍ കാലു മുക്കി കുറെ നേരം ഇരുന്നു. പിന്നെ ഉറങ്ങാന്‍ കിടന്നു.രാവിലെ യാത്ര പുറപ്പെട്ടാല്‍ കുന്ദാദ്രി മലയുടെ മുകളില്‍ എത്താം അവിടെ ഒരു ജൈന ക്ഷേത്രം ഉണ്ട്.പഴമയുടെ പ്രൗഢി കാത്തു സൂക്ഷിക്കുന്ന മഴവീണു തഴമ്പിച്ച ക്ഷേത്രം.അഗുംബെയില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം.അതും കണ്ടു നേരെ ജോഗ് ഫാല്‍സിലേക്കു പോകാം…

യാത്ര കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ വല്ലാത്തൊരു സങ്കടമായിരുന്നു..പ്രീയപ്പെട്ടതിനെയൊക്കെ തനിച്ചാക്കി വരുന്ന സങ്കടം..മഴയെ തേടിയാണ് ഞാന്‍ യാത്ര തുടങ്ങിയത്..മഴ അനുഭവത്തിന്റെ വെളിച്ചമാണ്..മഴയെയിഷ്ടമാണെങ്കില്‍ തീര്‍ച്ചയായും ഇവിടേക്ക് വരാം…അല്ലെങ്കില്‍ ഇതൊരു കുഗ്രാമം മാത്രമാണ്..മഴ പെയ്യുന്നുണ്ട്..ചിങ്ങി ചിണുങ്ങി…