“വരാനുള്ളത് വഴിയില്‍ മുട്ടില്ല; എന്നാല്‍ വഴിയില്‍ മുട്ടിയ ആളെ രക്ഷിച്ചുകൂടെ..?”

single-img
17 October 2016

l_124

ജീവന്റെ വിലയെത്രയാണ്…? ആര്‍ക്കെങ്കിലും ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാവുമോ.. വിലയേറിയ ആ ഉത്തരം തേടുന്നതിനുമപ്പുറം നമ്മളുടെ ഒരു ചെറുപ്രവര്‍ത്തിയാല്‍ ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ സാധിച്ചാല്‍ നശ്വരമായ ഈ ജീവിതത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നേട്ടം ആയിരിക്കില്ലേ അത്..? ഇന്ന് ഒക്‌ടോബര്‍ 17 ലോക ട്രോമ ദിനം, അപകടത്തില്‍പ്പെട്ടു കിടക്കുന്നവരേയും അവശനിലയില്‍ കിടക്കുന്നവരുടേയും ഒരിക്കലും അവഗണിക്കരുത് എന്ന സന്ദേശമാണ് ഈ ട്രോമാ ദിനം നമുക്ക് നല്‍കുന്നത്.

അപകടം, അത്യാഹിതം.. ഏതു നിമിഷവും സംഭവിക്കാവുന്ന എത്രയെത്ര കാര്യങ്ങള്‍.. വാഹനാപകടങ്ങള്‍, ഹൃദയാഘാതം, പാമ്പുകടി,തീപ്പൊള്ളല്‍, ഇടിമിന്നല്‍ അങ്ങനെ എന്തെല്ലാം… ആരും സഹായത്തിനില്ലാതെ, അത്യാവശ്യ സമയത്ത് ചികില്‍സ കിട്ടാതെ എത്രയെത്ര ജീവനുകള്‍ പൊലിയുന്നു. ഇത്തരം ഘട്ടങ്ങളില്‍ ഒരു കൈ സഹായം… മരണത്തിനു മുന്നില്‍ നിന്ന് ഒരു പിടിവള്ളി… ജീവന്‍ അല്‍പനേരംകൂടി പിടിച്ചു നിര്‍ത്താന്‍ ശ്രമം…പല അത്യാവശ്യഘട്ടങ്ങളിലും അപകടത്തില്‍പ്പെട്ടവര്‍ക്കു മുന്നില്‍ ഒാടിക്കൂടുന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കാറുണ്ട്. അടിയന്തരഘട്ടങ്ങളിലെ ചെറിയൊരു ശ്രമം പോലും ഒരു പക്ഷെ ജീവന്‍ രക്ഷിച്ചേക്കാം. അത്തരം ശ്രമങ്ങള്‍ക്ക് ഒരു വഴികാട്ടിയാകട്ടെ ഇത്…

ഒരു അപകടം നടന്നാലുടന്‍ ആദ്യം സംഭവസ്ഥലത്തെത്തുന്നയാള്‍ അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്രാഥമിക കര്‍ത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാണ പ്രഥമ ശുശ്രൂഷ നല്‍കാറുള്ളത്.

റോഡപകടങ്ങളില്‍ പെടുമ്പോള്‍

ഒരു ദിവസം എത്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും റോഡുകളുടെ പരിതാപകരമായ അവസ്ഥയും വാഹനപ്പെരുപ്പവും അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതേയുള്ളു. അപകടത്തില്‍ പെട്ടയാളെ പലപ്പോഴും വാഹനത്തിനുള്ളില്‍ നിന്ന് വാതില്‍ വെട്ടിപ്പൊളിച്ചും വലിച്ചും ഒക്കെയാകും പുറത്തെടുക്കുക. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നത് പലപ്പോഴും ആള്‍ക്കൂട്ടമാകും. ബഹളത്തിനും തിരക്കിനുമിടയില്‍ മുന്‍പിന്‍ നോക്കാതെയും അപകടത്തിന്റെയും അപകടത്തില്‍പെട്ടയാളിന്റെ പരുക്കിന്റെ അവസ്ഥയും നോക്കാതെയുള്ള രക്ഷാപ്രവര്‍ത്തനമാകരുത് നടത്തേണ്ടത്.

റോഡപകടങ്ങളുണ്ടായി അധിക ആളുകളും മരിക്കുന്നത് രക്തസ്രാവം കാരണമാണ്. അതുകൊണ്ടുതന്നെ റോഡപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കാന്‍ രക്തസ്രാവം തടയാനുള്ള നടപടികളാണ് ആദ്യം ചെയ്യേണ്ടത്.
അപകടത്തില്‍ അസ്ഥി ഒടിയുകയോ പൊട്ടുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ അത് കഴിയുമെങ്കില്‍ നേരെയാക്കി ഒരു വടിയുമായി ഇതിനെ ചേര്‍ത്ത് കെട്ടുക. കയ്യിന്റെ അസ്ഥിയാണ് ഒടിഞ്ഞതെങ്കില്‍ വടിവച്ച് കെട്ടിയ ശേഷം ഒരു സ്ലിംഗ് പോലെ ഉണ്ടാക്കി കഴുത്തില്‍ തൂക്കിയിടണം.
പരിക്കേറ്റയാള്‍ക്ക് ബോധമുണ്ടോ എന്ന് നോക്കുക. ശുശ്രൂഷകന്റെ ചോദ്യങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടയാള്‍ കൃത്യമായി മറുപടി പറയുന്നുണ്ടെങ്കില്‍ ബോധാവസ്ഥയിലാണെന്ന് മനസ്സിലാക്കാവുന്നതാണ്.
പരിക്കേറ്റയാള്‍ക്ക് ശ്വാസമുണ്ടോ , നാഡിമിടിപ്പുണ്ടോ എന്ന് നോക്കുക: രോഗിയുടെ മൂക്കിനു താഴെവിരല്‍ വെച്ച് നോക്കിയാല്‍ ശാസോച്ഛ്വാസ ഗതി മനസ്സിലാക്കാന്‍ കഴിയും. കൈത്തണ്ടയില്‍
വിരല്‍വച്ചാല്‍ നാഡിമിടിപ്പും അറിയാന്‍ കഴിയും.
അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഇന്ധന ചോര്‍ച്ച തടയുകയും ബാറ്ററി വിച്ഛേദനം ചെയ്യുകയും ആവാം.
അടിയന്തിര സഹായം ഉറപ്പു വരുത്തുക: കൂടുതല്‍ സഹായം ലഭിക്കാനായി മറ്റുള്ളവരെ വിവരം അറിയിക്കുക. സന്ദര്‍ഭത്തിനനുസരിച്ച് കഴിയുമെങ്കില്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷന്‍ , ഫയര്‍സ്‌റ്റേഷന്‍ , ആശുപത്രി, എന്നിവിടങ്ങളില്‍ വിവരമറിയിക്കുക, അപകടസ്ഥലത്തെപ്പറ്റിയും , തങ്ങള്‍ എവിടെനിന്നാണ് സംസാരിക്കുന്നതെന്നും, അപകടത്തില്‍ എത്രപേര്‍ അകപ്പെട്ടിട്ടുണ്ടെന്നും , ഏത് തരത്തിലുള്ള അപകടമാണ് നടന്നിട്ടുള്ളതെന്നും വ്യക്തമാക്കണം.

പൊള്ളലേല്ക്കുമ്പോള്‍

പൊള്ളല്‍ പലരീതിയില്‍ സംഭവിക്കാം. അത് ചെറുതായാലും വലുതായാലും ഗൌരവത്തോടെ കാണണം. കാരണം പൊള്ളലിനു ശേഷം സംഭവിക്കുന്ന അണുബാധയാണ് ഏവും വിനാശകരം. അഗ്നിബാധ മൂലവും ,ആസിഡ്, രാസ വസ്തുക്കള്‍ തുടങ്ങിയവ വഴിയും ഗ്യാസ് പോലുള്ളവ പൊട്ടിത്തെറിച്ചും വൈദ്യുതി വഴിയും മിന്നല്‍ വഴിയുമൊക്കെ പൊള്ളലേല്‍ക്കാം. കഠിന ചൂടില്‍ സൂര്യതാപമേറ്റും പൊള്ളല്‍ ഉണ്ടാകാം.ചര്‍മത്തില്‍ ഒട്ടേറെ ചെറിയ രക്തക്കുഴലുകളുണ്ട്. പൊള്ളലേല്‍ക്കുമ്പോള്‍ ഈ രക്തക്കുഴലുകള്‍ക്ക് നാശം സംഭവിക്കുകയും ഇവയില്‍ക്കൂടി രക്തത്തിലെ പ്രോട്ടീന്‍ ഘടകങ്ങളും ലവണങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പലപ്പോഴും പുറമെ വ്യാപകമായി കാണാനില്ലെങ്കിലും പൊള്ളല്‍ ഉള്ളിലേക്ക് വ്യാപിക്കാനിടയുണ്ട്. ഇത് തിരിച്ചറിയാന്‍ സമയമെടുക്കും. പൊള്ളലേറ്റ ഭാഗത്ത് പൊടിയും അണുക്കളും കയറി ഉണ്ടാകുന്ന അണുബാധ ഏറെ ശ്രദ്ധിക്കേണ്ടതാണ്.

അഗ്നിബാധയുണ്ടായ സ്ഥലത്ത് എത്തുന്നയാള്‍ ആദ്യം ചെയ്യേണ്ടത് പൊള്ളലേയാളെ തീയണച്ച് രക്ഷിക്കുകയാണ്. ഈയവസരത്തില്‍ രക്ഷിക്കാന്‍ മുതിരുന്നയാള്‍ക്ക് പൊള്ളലേല്‍ക്കാതിരിക്കാനും അപകടത്തില്‍ പെടാതിരിക്കാനും ശ്രദ്ധിക്കണം.
പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഐസ് വയ്ക്കരുത്. പത്തുമിനിറ്റിലേറെ വെള്ളം ഒഴിച്ചു കൊടുക്കാന്‍ ശ്രമിക്കണം. ഇത് പൊള്ളല്‍ ഉള്ളിലേയ്ക്ക് വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും.
ടാപ്പിലെ വെള്ളം ഇല്ലെങ്കില്‍ തണുപ്പിക്കാനായി തുണി നല്ലവണ്ണം നനച്ചിട്ടാല്‍ മതിയാകും.
കൈകളോ, കാലുകളോ ഒക്കെയാണെങ്കില്‍ പൊള്ളലേറ്റ ഭാഗം വെള്ളത്തില്‍ മുക്കി വയ്ക്കുന്നതാണ് നല്ലത്.
കുമിളകള്‍ ഉണ്ടാകുന്നതിന് മുമ്പ് ആഭരണങ്ങള്‍, വാച്ച് എന്നിവ അഴിച്ച് മാറ്റണം. പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്.
വസ്ത്രങ്ങള്‍ കത്തിയതിന്റെ ഭാഗങ്ങള്‍ മുറിവിനോട് ചേര്‍ന്നിരിപ്പുണ്ടെങ്കില്‍ വലിച്ചിളക്കാന്‍ ശ്രമിക്കരുത്.
ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കില്‍ വെള്ളം കുടിക്കാന്‍ കൊടുക്കണം ശ്വാസ തടസ്സം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസം നല്‍കാം.
പൊള്ളലേല്‍ക്കാത്ത ഭാഗങ്ങളില്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ച് ശരീരത്തിന്‍റെ ചൂട് നിലനിര്‍ത്തണം.
വലിയ ഒരു നാണയത്തേക്കാള്‍ വലിപ്പത്തിലാണ് പൊള്ളലേറ്റതെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കണം.

പാമ്പു കടിയേറ്റാല്‍

പാമ്പു കടിയ്േ മരിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെയേറെയാണ്. ഇതിന്റെ പ്രധാന കാരണം കൃത്യ സമയത്ത് മതിയായ ചികില്‍സ ലഭിക്കാത്തതാണ്. ആന്റിവെനം എന്ന ഒൌഷധമാണ് പാമ്പ്കടിക്ക് മരുന്നായി ഉപയോഗിക്കുന്നത്. പലപ്പോഴും ആളുകള്‍ മരിക്കുന്നതിന് കാരണം അമിത ഭയം കൂടി ചേരുമ്പോഴാണ്. അതിനാല്‍ പ്രഥമ ശുശ്രൂഷക്ക് ഒരുങ്ങുന്നയാള്‍ പാമ്പ് കടിയേറ്റയാള്‍ക്ക് ധൈര്യം പകര്‍ന്നു നല്‍കാന്‍ പരിശ്രമിക്കണം.

കടിച്ച പാമ്പിനെ തിരിച്ചറിയാനായാല്‍ അത് ചികില്‍സക്ക് ഏറെ ഉപകാരപ്പെടും.
പാമ്പുകടിയേയാളെ സ്വസ്ഥമായി കിടത്തുക.ആളുടെ ഹൃദയഭാഗം ഉയര്‍ന്നിരിക്കാന്‍ തലയിണയോ മറ്റോ വച്ചു കൊടുക്കാം.
മുറിവ് വൃത്തിയായി കഴുകി വിഷം കലര്‍ന്ന രക്തം പുറത്തു പോകാന്‍ അനുവദിക്കുക. കടിയേറ്റ ഭാഗത്തിന് മുകളില്‍ നന്നായി കെട്ടുക.
എത്രയും പെട്ടെന്ന് ചികില്‍സകന്റെ അടുത്തെത്തിക്കണം. പാമ്പു കടിയേയാള്‍ നടക്കുന്നതും ഒാടുന്നതും ഒഴിവാക്കുന്നത് വിഷം രക്തത്തില്‍ കലരുന്നത് കുറയ്ക്കാന്‍ സഹായിക്കും.

വൈദ്യുതാഘാതമേറ്റാല്‍

ഒരു തവണയെങ്കിലും ചെറുതായെങ്കിലും ഷോക്കടിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിലൂടെ വൈദ്യുതി കടന്നു പോകുന്നതിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് ഷോക്കിന്റെ ശക്തി കൂടും. പൊള്ളലിലോ, അംഗവൈകല്യത്തിലോ, മരണത്തിലോ ഇത് കലാശിക്കാം. മഴക്കാലത്ത് വൈദ്യുതി ലൈന്‍ പൊട്ടി വീണും മരച്ചില്ലകളിലൂടെ വൈദ്യതി പ്രവഹിച്ചും ഒക്കെ അപകടമുണ്ടാകാം. വൈദ്യുതി ഉപകരണങ്ങള്‍ സ്വയം നന്നാക്കാന്‍ ശ്രമിച്ചും വൈദ്യതി അലങ്കാരപ്പണികള്‍ വിദഗ്ധസഹായം കൂടാതെ ചെയ്തും ഒക്കെ അപകടത്തില്‍ പെടാറുണ്ട്.

ഏവും പ്രധാനം വൈദ്യുതാഘാതം ഏറ്റ വ്യക്തിയില്‍ നിന്ന് വൈദ്യുതി ബന്ധം വിഛേദിക്കലാണ്. സ്വിച്ച് ഒാഫാക്കിയും ഉണങ്ങിയ കമ്പ് ഉപയോഗിച്ച് വൈദ്യുതി ലൈന്‍ തട്ടി മാറ്റിയും ഇത് സാധ്യമാക്കാം. പലപ്പോഴും പരിഭ്രമത്തില്‍ വൈദ്യുതാഘാതമേയാളെ നേരിട്ട് പിടിച്ചു മാറ്റാന്‍ ശ്രമിക്കാറുണ്ട്. ഇത് രക്ഷിക്കാന്‍ശ്രമിക്കുന്നയാളെയും അപകടത്തില്‍ പെടുത്തും.
ഷോക്കേയാള്‍ ബോധ രഹിതനാകാന്‍ സാധ്യതയുണ്ട്. ഇയാള്‍ക്ക് കൃത്രി ശ്വാസം നല്‍കണം. പള്‍സ് ഇല്ലെങ്കില്‍ ഹൃദയ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കണം.
ഹൈ വോള്‍ട്ടേജ് ഉള്ള കേന്ദ്രങ്ങളില്‍ നിന്ന് ( 110 കെ.വി. ലൈന്‍, ഫാക്ടറികള്‍, പവര്‍ സ്ഷേന്‍ തുടങ്ങിയവ) വൈദ്യുതി ആഘാതമേറ്റാല്‍ ആദ്യം ചെയ്യേണ്ടത് വൈദ്യുതി ബന്ധം വിഛേദിക്കുകയാണ്. ചിലപ്പോള്‍ നേരിട്ട് സമ്പര്‍ക്കമില്ലാതെ തന്നെ അടുത്തു നില്‍ക്കുന്നവരെ ഷോക്കേല്‍പ്പിക്കാന്‍ ശക്തിയേറിയ വൈദ്യുതി കേന്ദ്രങ്ങള്‍ക്ക് കഴിയും.

കുഴഞ്ഞു വീണാല്‍

പെരുവഴിയിലോ, ആള്‍ക്കൂട്ടത്തിനിടയിലോ കുഴഞ്ഞു വീഴുന്ന സംഭവങ്ങള്‍ കൂടി വരികയാണിപ്പോള്‍. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ പലപ്പോഴും ബോധശൂന്യനാകും. അതു കൊണ്ടുതന്നെ കൃത്യമായ ചികില്‍സ ലഭിക്കാതെ പോകുന്നു.ഹൃദ്രോഗമുള്ളവര്‍ രോഗത്തെ സംബന്ധിച്ച എന്തെങ്കിലും തെളിവ് പോക്കറ്റില്‍ സൂക്ഷിക്കുന്നതും സ്ഥിരമായി കഴിക്കുന്ന ഗുളികകള്‍ ഒപ്പം കരുതുന്നതും നല്ലതാണ്.

രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം.
നിലത്ത് കിടത്തുന്നതിനെക്കാള്‍ ആശ്വാസകരം ചാരിയിരുത്തുന്നതാണ്. പരമാവധി കാറ്റ് കിട്ടത്തക്ക വിധം വേണം ഇരുത്താന്‍. ഗുളികള്‍ കഴിക്കുന്ന ആളാണെങ്കില്‍ അത് കഴിക്കാന്‍ നല്‍കണം.
ശ്വസന തടസ്സമോ ഹൃദയം നിലച്ചു പോകുന്ന അവസ്ഥയോ ഉണ്ടെങ്കില്‍ പുനരുജ്ജീവന മാര്‍ഗങ്ങള്‍ തേടണം.

വെള്ളത്തില്‍ വീഴുമ്പോള്‍
വെള്ളത്തില്‍ വീണു നീന്തലറിയാതെ ഒഴുക്കില്‍പെട്ടും ഒക്കെയുള്ള അപകടങ്ങള്‍ സര്‍വസാധാരണം. വെള്ളത്തില്‍ മുങ്ങിയ ആളെ രക്ഷിക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെടുന്നവരും ഏറെ. ശ്വാസകോശത്തില്‍ വെള്ളം കയറിയും ശ്വാസം മുട്ടിയുമാണ് മരണം സംഭവിക്കുക. വെപ്രാളത്തിനിടയില്‍ ആമാശയത്തിലും വെള്ളം കയറുന്നു.

വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്നയാളെ തറയില്‍ മലര്‍ത്തിക്കിടത്തണം. തല ചെരിച്ചു വച്ച് വെള്ളം വായിലൂടെ സ്വാഭാവികമായി പുറത്തുപോകാന്‍ അനുവദിക്കണം.
വയറില്‍ അമിത സമ്മര്‍ദം കൊടുക്കരുത്. വായില്‍ നിന്ന് വെള്ളത്തിനൊപ്പം ആഹാരപദാര്‍ഥങ്ങളും പുറത്തു വരും. ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ടില്‍ ആഹാര പദാര്‍ഥങ്ങള്‍ ശ്വാസ കോശത്തിലേക്ക് കടക്കാനിടയുണ്ട്. അതിനാല്‍ തല വല്ലാതെ താഴ്ന്നിരിക്കാതെ ശ്രദ്ധിക്കണം.
ശരീരം അമിതമായി തണുത്തിട്ടുണ്ടെങ്കില്‍ നനഞ്ഞ വസ്ത്രങ്ങള്‍ നീക്കി പുതപ്പിക്കുകയോ നേരിയ രീതിയില്‍ ചൂട് നല്‍കുകയോ വേണം.
ബോധം തെളിഞ്ഞാലും ആശുപത്രിയിലെത്തിക്കാന്‍ മടിക്കരുത്. ശ്വാസകോശത്തില്‍ കടന്നിട്ടുള്ള വെള്ളം പിന്നീട് നീര്‍ക്കെട്ടിന് ഇടയാക്കും.

രക്ഷയ്ക്കൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കുക:

രക്ഷയ്ക്കൊരുങ്ങുമ്പോള്‍ തനിക്ക് അപകടം സംഭവിക്കാനിടയുണ്ടോയെന്ന് മനസ്സിലാക്കുക. (വൈദ്യുതാഘാതം പോലുള്ളവ)
ക്ഷമാപൂര്‍വവും മനസാന്നിധ്യത്തോടെയും പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കഴിവ്. അപകടത്തില്‍ പെട്ടയാള്‍ക്ക് പരമാവധി ധൈര്യവും ശക്തിയും പകര്‍ന്നു കൊടുക്കുന്ന വിധമാകണം സംസാരവും പെരുമാറ്റവും.
പരമാവധി വേഗം ആശുപത്രിയിലെത്തിക്കാനുള്ള പരിശ്രമം.
ഏതു തരം അപകടമായാലും പരിശോധിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ശ്വാസോച്ഛാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അവസ്ഥയാണ്. അപകടത്തിന്റെ ആഘാതത്തിലും ഷോക്കിലും പെട്ട് ബോധം നഷ്ടപ്പെടാനും ശ്വാസം നിലക്കാനും ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയിലെത്താനും സാധ്യതയേറെയാണ്. അതുകൊണ്ട് പ്രഥമശുശ്രൂഷകന്‍ കൃത്രിമശ്വാസം നല്‍കാനും ഹൃദയപുനരുജ്ജീവനം നടത്താനും പരിശീലനം നേടിയിരിക്കണം. നാം ശ്വസിച്ച ശേഷം പുറത്തു വിടുന്ന വായുവില്‍ 15 ശതമാനം ഒാക്സിജന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നിശ്വസിക്കുന്ന വായുവാണെങ്കിലും ശ്വാസം നിലച്ചയാളുടെ ശ്വാസകോശത്തിലെത്തിയാല്‍ അത് പ്രവര്‍ത്തനസജ്ജമാകാന്‍ ഉപകരിക്കും.
കൃത്രിമ ശ്വാസം നല്‍കുന്നതിനു മുമ്പ് പരുക്കേയാളുടെ വായിലോ തൊണ്ടയിലോ എന്തെങ്കിലും വസ്തുവോ വെള്ളമോ തടസ്സമായി നില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. അവ നീക്കം ചെയ്യണം. അപകടത്തില്‍ പെട്ടയാളെ സ്വസ്ഥമായ സ്ഥലത്ത് കിടത്തണം. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് അപകടത്തില്‍ പെട്ടയാളുടെ വായ് തുറന്ന് ചുണ്ടുകള്‍ ചേര്‍ത്ത് ശക്തിയായി ഊതുക. തടസ്സം ഉണ്ടാകാതിരിക്കാന്‍ താടി കുറച്ച് മുകളിലേക്ക് ഉയര്‍ത്തി തല താഴ്ത്തി വയ്ക്കണം രണ്ടു സെക്കന്‍ഡ് സമയമെങ്കിലും വേണം ശ്വാസകോശം നിറയാന്‍. വായു നിറഞ്ഞാല്‍ നെഞ്ച് ഉയരുന്നത് കാണാം. അതിനു ശേഷം സാവകാശം ശ്വാസം പുറത്തു പോകാന്‍ അനുവദിക്കുക. ഈ ശ്രമം തുടരുകയും വേണം.
അപകടത്തിലോ ആഘാതത്തിലോ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ കൃത്രിമമായി അതിനെ പുനരുജ്ജിവിപ്പിക്കണം. നെഞ്ചില്‍ ഇരു കൈകളും ഉപയോഗിച്ച് ഇടവിട്ട് അമര്‍ത്തി നിലച്ച ഹൃദയത്തെ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

logoതിരുവനന്തപുരം എസ്.പി ഫോര്‍ട്ട്‌ ആശുപത്രിയിലെ ട്രോമ കെയര്‍ ടീം തയ്യാറാക്കിയത്.