നോക്കിയ എത്തുന്നത് ആൻഡ്രോയിഡ് ഫോണുമായല്ല

screenshot_4കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് നോക്കിയ ആൻഡ്രോയിഡ് ഫോണുമായി എത്തുമെന്നു ഇ-വാർത്ത ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജീക്ക്ബെഞ്ച് ബെഞ്ച്മാർക്കിങ് സൈറ്റിലെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകിയത്.   എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം നോക്കിയ എത്തുന്നത് ആൻഡ്രോയിഡ് ഫോണുമായല്ല മറിച്ച് കിടിലൻ ഫീച്ചറുകളുള്ള ടാബുമായാണ്.

നോക്കിയ എന്ന ഫിൻലൻഡ്‌ മൊബൈൽ നിർമ്മാതാക്കൾ ഇന്ത്യയിലെ മൊബൈൽ വിപണിയിൽ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകമായായിരുന്നു ഒരു കാലത്ത്;എന്നാൽ മൈക്രോസോസ്ഫ്റ്റുമായ ബാന്ധവത്തോടെ വിസ്‌മൃതിയിലായ നോക്കിയ എന്ന ബ്രാൻഡ് നാമം ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. നോക്കിയയിൽ നിന്നുമുള്ള ആൻഡ്രോയിഡ് സ്മാർട്ട് ഫോണാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നതെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈൽ ഒഎസ്സായ ആൻഡ്രോയിഡിന്റെ കരുത്തിൽ ഏറെ സവിശേഷതകളുള്ള പുതിയ ടാബ്‌ലറ്റ് പിസിയാണ് നോക്കിയ വിപണിയിലെത്തിക്കുന്നത്.

2015 ജനുവരിയിൽ നോക്കിയ എൻ 1 എന്ന പേരിൽ ഒരു ആൻഡ്രോയിഡ് ടാബ് വിപണിയിലെത്തിച്ചിരുന്നു. 7.9 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനോട് കൂടിയ ഈ ടാബിന് മികച്ച പ്രതികരണമാണ് ലഭിച്ചത്‌. സ്വന്തം ബ്രാൻഡിൽ മൊബൈൽ ഫോണുകൾ വിപണിയിൽ ഇറക്കാൻ കഴിയില്ല എന്ന മൈക്രോസോസ്ഫ്റ്റുമായുള്ള കരാറിന്റെ ഭാഗമായ നിബന്ധന 2015 ൽ അവസാനിച്ചെങ്കിലും നോക്കിയയുടെ ആൻഡ്രോയിഡ് ഫോൺ ഇന്നും സ്വപ്നമായി തുടരുന്നു. നോക്കിയ D1C എന്ന കോഡ് നാമത്തിലാണ് പുതിയ ആൻഡ്രോയിഡ് ടാബിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്.

GFXBench എന്ന സൈറ്റ് പുറത്ത് വിടുന്ന വിവരങ്ങൾ പ്രകാരം 1 .40 ജിഗാ ഹെട്സ് വേഗതയുള്ള 8 കോർ എ.ആർ.എം പ്രോസസറിന്റെ കരുത്തിലാണ് നോക്കിയ D1C ടാബ് അണിയറയിലൊരുങ്ങുന്നത്. 32 ജിബി ആന്തരിക സംഭരണ ശേഷിയാണ് ടാബിനുള്ളത്. നോക്കിയയുടെ ഈ ടാബിന് 16 മെഗാപിക്സൽ വ്യക്തത നൽകുന്ന പിൻകാമറയും 8 മെഗാപിക്സൽ വ്യക്തത നൽകുന്ന മുൻ കാമറയുമാണുള്ളത്.

3 ജിബിയുടെ പ്രാഥമിക മെമ്മറിയുമായി എത്തുന്ന ടാബിന്റെ ഓപ്പ റേറ്റിങ് സിസ്റ്റം ആൻഡ്രോയിഡിന്റെ പുതിയ വേർഷനായ ആൻഡ്രോയ്ഡ് 7.0 ന്യൂഗട്ട് ആയിരിക്കും. ഒക്ടാകോർ പ്രോസസറിനൊപ്പം പ്രവർത്തിക്കുന്ന അഡ്രീനോ 505 ജി.പി.യു പുതിയ നോക്കിയ ടാബിന് ഗെയിമിങ്ങ് കരുത്ത് പകരും.സ്മാർട്ട് ഫോൺ വിപണിയിലേക്കുള്ള നോക്കിയയുടെ സ്വതന്ത്രമായ വരവ് പ്രതീക്ഷിച്ചിരിക്കുന്നവർ തൽക്കാലം ഈ ടാബ് കൊണ്ട് തൃപ്തിപ്പെടുക. നോക്കിയയുടെ ആൻഡ്രോയിഡ് ഫോൺ വരും; വരാതിരിക്കില്ല.