സാംസങ് ഗാലക്സി നോട്ട് 7 ഫോണുകള്‍ അപകടകാരികള്‍

galaxy

സാംസങിന്റെ പ്രീമിയം ഫോണുകളിലൊന്നായ ഗാലക്സി നോട്ട് 7 ഫോണുകള്‍ ഇനി കമ്പനി നിര്‍മ്മിക്കില്ല. നിര്‍മ്മാണത്തിലെ പിഴിവിനെത്തുടര്‍ന്ന് തുടര്‍ച്ചയായി ഇത്തരം ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ഇതിനകം സാംസങ് ഗാലക്സി നോട്ട് 7 ഫോണുകള്‍ സ്വന്തമാക്കിയവര്‍ ഫോണ്‍ സ്വിച്ച് ഓഫാക്കണമെന്നും കമ്പനി നിര്‍ദേശം നല്‍കുന്നു. 25 ലക്ഷം ഗാലക്സി നോട്ട് 7 ഫോണുകളാണ് ലോകമെമ്പാടും സാംസങ് വിറ്റഴിച്ചത്. ഈ ഫോണുകളെല്ലാം തിരികെ വിളിക്കുകയും പകരം തകരാറില്ലാത്ത ഫോണ്‍ നല്‍കുകയും ചെയ്യുകയാണ് കമ്പനി ഇപ്പോള്‍.

ബാറ്ററി തകരാറാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നും പഴയ ഫോണുകള്‍ക്ക് പകരം തകരാറില്ലാത്തവ നല്‍കി തുടങ്ങിയെന്നും സാംസങ്ങ് പറയുന്നു. എന്നാല്‍ സാംസങ്ങ് മാറ്റി നല്‍കിയ ഫോണുകളും കുറ്റമറ്റവയല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഫോണ്‍ പൊട്ടിത്തെറിയെക്കുറിച്ച് നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും വിമാന യാത്രക്കിടെ സാംസങ് ഗാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചതാണ് സാംസങിന് പാരയായത്. പഴയ ഫോണിന് പകരമായി നല്‍കിയ ഫോണാണ് ഇത്തരത്തില്‍ തീ പിടിച്ചതെന്നത് സാംസങ്ങിനെ ഏറെ വലച്ചിട്ടുണ്ട്.

80 ശതമാനം ബാറ്ററി ചാര്‍ജ് ഉണ്ടായിരുന്ന ഫോണ്‍ ഫ്ളൈറ്റ് ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരം ഓഫാക്കി വച്ചിരുന്നതാണെന്നും പൊട്ടിത്തെറി തന്നെ അഭുതപ്പെടുത്തിയെന്നും ഫ്ളൈറ്റ് യാത്രികനായ ഗാലക്സി നോട്ട് 7 ഉടമ പറയുന്നു. മൊബൈല്‍ പൊട്ടിത്തെറിച്ച വിമാനം പറന്നുയരാത്തതിനാല്‍ കൂടുതല്‍ അപകടങ്ങളുണ്ടാകാതെ യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനായി. പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്നും വിമാനത്തിന്റെ കാര്‍പറ്റിലും തീപിടിച്ചത് സാംസങ് ഗാലക്സി നോട്ട് 7 ഫോണുകള്‍ അപകടകരമാണെന്ന് വ്യക്തമാക്കുന്നു.