ബന്ധു നിയമനം: മന്ത്രി ഇ.പി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചെന്ന് സൂചന

single-img
13 October 2016

e-p-jayarajan

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാജിസന്നദ്ധത അറിയിച്ചെന്ന് സൂചന. ബന്ധു നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദം കൂടുതല്‍ രൂക്ഷമാവുകയും വിജിലന്‍സ് ത്വരിത അന്വേഷണം ആരംഭിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജയരാജന്റെ തീരുമാനം.

മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവെയ്ക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നതെന്നും അറിയുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമന വിവാദം വിശദമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി സന്നദ്ധത അറിയിച്ചത്.

പാര്‍ട്ടിക്കും സര്‍ക്കാറിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ പങ്കെടുത്തിരുന്നു. രാജി സന്നദ്ധത അറിയിച്ച കാര്യം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നാണ് അറിയുന്നത്.