ധോണിയുടെ ഭാര്യയ്‌ക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ്

single-img
12 October 2016

sakshi-dhoni-wiki

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ നിര്‍വാണ കണ്‍ട്രി ടൗണ്‍ഷിപ്പിലെ ഗുരുഗ്രാം സ്വദേശിയായ ഡെന്നിസ് അറോറ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സാക്ഷിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഋതി എംഎസ്ഡി അല്‍മോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സാക്ഷിയുടെ പങ്കാളികളായ അരുണ്‍ പാണ്ഡെ, ശുഭാവതി പാണ്ഡെ, പ്രതിമ പാണ്ഡെ എന്നിവരാണ് കേസില്‍പ്പെട്ട മറ്റുള്ളവര്‍. സ്‌പോര്‍ട്‌സ്ഫിറ്റ് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ജിം ഫിറ്റ്‌നസ് സെന്ററില്‍ ഇവരുടെ കമ്പനിക്ക് പങ്കാളിത്തമുണ്ട്. സ്‌പോര്‍ട്‌സ് ഫിറ്റിന്റെ മുഖ്യ ഓഹരി ഉടമകളില്‍ ഒരാളാണ് പരാതിക്കാരനായ ഡെന്നിസ് അറോറ. ഇദ്ദേഹത്തിനും പിതാവ് വികാസ് അറോറയ്ക്കുമായി ഇവിടെ 3 ശതമാനം ഓഹരി ഉടമസ്ഥതയാണ് ഉള്ളത്.

ഇതിനിടെ വികാസ് അറോറയുടെ ഓഹരി വാങ്ങാന്‍ സാക്ഷിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഓഹരി കൈമാറ്റത്തിന് 11 കോടി രൂപയുടെ കരാര്‍ ആണ് ഒപ്പിട്ടതെങ്കിലും തുക കൈമാറേണ്ട അവസാന തിയതിയായ മാര്‍ച്ച് 31 വരെയും 2.25 കോടി രൂപ മാത്രമാണ് ഇവര്‍ നല്‍കിയതെന്ന് ഡെന്നിസിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം വികാസില്‍ നിന്നും വാങ്ങിയ ഓഹരിയുടെ വിലയേക്കാള്‍ കൂടുതല്‍ തങ്ങള്‍ നല്‍കിയെന്നാണ് അരുണ്‍ പാണ്ഡെയുടെ വിശദീകരണം. കൂടാതെ ഒരു വര്‍ഷം മുമ്പ് സാക്ഷി കമ്പനിയില്‍ നിന്നും വിട്ടുപോയെന്നും അതിനാല്‍ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും പാണ്ഡെ ആവശ്യപ്പെടുന്നു. മാത്രമല്ല, ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസ് ഒത്തുതീര്‍പ്പിനായി മാറ്റിവച്ചിരിക്കുകയാണെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും ഇവര്‍ വാദിക്കുന്നു.

അതേസമയം സാക്ഷി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെയും കേസില്‍ സാക്ഷിക്കുള്ള പങ്കിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.