ജയരാജന് മുന്നില്‍ വാതിലുകളെല്ലാമടയുന്നു: ബന്ധുനിയമനത്തിനെതിരെ എം സി ജോസഫൈന്‍ രേഖാമൂലം പരാതി നല്‍കി

single-img
12 October 2016

josephine

മന്ത്രിമാരുടെ ബന്ധുക്കളെ പ്രധാന തസ്തികകളില്‍ നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംസി ജോസഫൈന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രേഖാമൂലം പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ബന്ധുവിനെ അടക്കം മന്ത്രിമാരുടെ ബന്ധുക്കളെയും ഭാര്യമാരെയും സര്‍ക്കാര്‍ അഭിഭാകരായി നിയമിച്ചതാണ് ജോസഫൈന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

അഭിഭാഷക സ്ഥാനങ്ങള്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളും ഭാര്യമാരും കൈയ്യടക്കി. ഇത് ജനങ്ങളില്‍ പാര്‍ട്ടിയോട് അവമതിപ്പുണ്ടാക്കിയെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായ പരിശോധന നടത്തണമെന്നുമാണ് എഴുതി തയ്യാറാക്കി നല്‍കിയ പരാതിയില്‍ പറയുന്നത്. ബന്ധുനിയമനത്തിനെതിരെ പാര്‍ട്ടിയിലെ പല പ്രമുഖരും പരസ്യ പ്രസ്താവന നടത്തിയിരുന്നെങ്കിലും ഇത് ആദ്യമായാണ് ഒരു നേതാവ് രേഖാമൂലം പരാതി നല്‍കുന്നത്.

ഹൈക്കോടതിയിലെ അഭിഭാഷക നിയമനം സംബന്ധിച്ച് ജോസഫൈന്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിച്ചിരുന്നു. അതേസമയം അങ്കമാലിയിലെ ഒരു പ്രമുഖ അഭിഭാഷകയെ സര്‍ക്കാര്‍ അഭിഭാഷകയായി നിയമിക്കണമെന്ന് ജോസഫൈന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകയായ മറ്റൊരു അഭിഭാഷകയെ നിയമിക്കുകയായിരുന്നു. ഇതില്‍ ജോസഫൈന്‍ അതൃപ്തയായിരുന്നു.

സാധാരണ പ്രവര്‍ത്തകരെ തഴഞ്ഞ് നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും പലയിടങ്ങളിലും നിയമി്കകുന്നതില്‍ എറണാകുളം ജില്ലാ ഘടകവും പരാതി ഉന്നയിച്ചിട്ടുണ്ട്. ടെല്‍ക് ചെയര്‍മാനായി ചുമതലയേല്‍ക്കാനിരിക്കുന്ന എന്‍ സി മോഹനന്റെ ഭാര്യ രേഖ സി നായരെ സര്‍ക്കാര്‍ അഭിഭാഷകയാക്കുന്നതിനെ പെരുമ്പാവൂരിലെ പാര്‍ട്ടി ഘടകവും എതിര്‍ക്കുന്നുണ്ട്.