മത്സരത്തിന് മുമ്പേ തിരിച്ചടി: ട്രംപിനോട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍

single-img
9 October 2016

donald-trump

വിവാദ സ്ത്രീ വിരുദ്ധ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനോട് മത്സരത്തില്‍ നിന്നും പിന്മാറാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ആവശ്യം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകാന്‍ കേവലം ഒരുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളാണ് ട്രംപിനെതിരെ തിരഞ്ഞിരിക്കുന്നത്.

രണ്ടാം സ്ഥാനാര്‍ത്ഥി സംവാദം ഇന്ന് നടക്കാനിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്. ട്രംപിന് പകരം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പലരുടെയും ആവശ്യം. 2008ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ആര്‍-അരിസോണയില്‍ നിന്നുള്ള സെനറ്ററുമായ ജോണ്‍ മക്കൈന്‍ ആണ് ട്രംപിനെതിരെ ഏറ്റവും ശക്തമായി രംഗത്തുള്ളത്. ട്രംപ് മത്സരത്തില്‍ തുടര്‍ന്നാല്‍ താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

2005ല്‍ സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയാണ് ട്രംപിന് വിനയായത്. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് വിവാദ പ്രസ്താവന പുറത്ത് വിട്ടത്. സ്ത്രീകളെക്കുറിച്ച് മോശം ഭാഷയിലുള്ള ലൈംഗിക പരാമര്‍ശങ്ങളാണ് ട്രംപ് അന്ന് നടത്തിയത്. സംഭവം വിവാദമായതോടെ പണ്ട് നടത്തിയ പരാമര്‍ശത്തില്‍ ട്രംപ് മാപ്പ് ചോദിച്ചെങ്കിലും സ്വന്തം കുടുംബത്തില്‍ നിന്നുപോലും ട്രംപിന് ഇതിന്റെ പേരില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നിരിക്കുകയാണ്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നതായി പറഞ്ഞ മെലാനിയ താന്‍ മനസിലാക്കിയ ട്രംപ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ആളായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി ഇക്കുറി വോട്ട് ചെയ്യുന്നില്ലെന്നാണ് ഹോളീവുഡ് താരവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ അറിയിച്ചത്. അതേസമയം തന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ല വാദമുന്നയിച്ചാണ് ട്രംപ് ഇന്ന് രണ്ടാം സ്ഥാനാര്‍ത്ഥി സംവാദത്തിന് ഇറങ്ങുന്നത്. എല്ലാക്കാലത്തും വിവാദങ്ങള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ട്രംപിന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരിക്കുന്നത്. ട്രംപ് സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകുന്നത് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമാകുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍.