ഇന്ത്യ 557ന് ഡിക്ലയര്‍ ചെയ്തു; കിവീസിന് പതിഞ്ഞ തുടക്കം

single-img
9 October 2016

kohli

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയും (211) അജിന്‍ക്യ രഹാനയുടെ സെഞ്ചുറിയുമാണ് (188) ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറയായത്.

രോഹിത് ശര്‍മ്മ(51 നോട്ടൗട്ട്) ഈ സീരീസിലെ തന്റെ മൂന്നാം അര്‍ദ്ധ സെഞ്ചുറി നേടി ഇന്ത്യന്‍ ഇന്നിംഗ്‌സിനെ വേഗതയില്‍ അഞ്ഞൂറു കടത്തി. ശര്‍മ്മ അര്‍ദ്ധ സെഞ്ചുറി നേടിയതിന് പിന്നാലെ തന്നെ കോഹ്ലി ഡിക്ലയര്‍ തീരുമാനം അറിയിച്ചു. രവീന്ദ്ര ജഡേജ പതിനേഴ് റണ്‍സെടുത്ത് പുത്താകാതെ നിന്നു. ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്താന്‍ ഇന്ന് കിവീസ് ബൗളിംഗിനായില്ല. 263 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ നാലാം വിക്കറ്റെടുക്കാന്‍ കിവീസ് ബൗളിംഗ് നിരയ്ക്ക് സാധിച്ചത് വൈകുന്നേരത്തെ ചായയ്ക്ക് ശേഷം മാത്രമാണ് അപ്പോഴേക്കും കോഹ്ലി ഇരട്ട സെഞ്ചുറിയും രഹാന 150ന് മുകളിലും റണ്‍സ് നേടിക്കഴിഞ്ഞിരുന്നു. ചായയ്ക്ക് ശേഷം ജീതന്‍ പട്ടേലിന്റെ പന്തില്‍ കോഹ്ലി എല്‍ബിഡബ്ല്യൂ ആകുകയായിരുന്നു. രഹാന ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ വാട്‌ലിംഗിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നീടും ഇന്ത്യ സ്വയം ഇന്നിംഗ്‌സ് മതിയാക്കുന്നതുവരെ കിവീസ് ബൗളിംഗിന് വിക്കറ്റ് ദാരിദ്ര്യം തുടര്‍ന്നു.

കിവീസിന് വേണ്ടി ബോള്‍ട്ട്, പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതുവും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഒമ്പത് ഓവര്‍ മാത്രമാണ് കിവീസിന് ഇന്ന് നേരിടാന്‍ സാധിച്ചത്. പതിയെ തുടങ്ങിയ അവര്‍ക്ക് ഇന്ന് വിക്കറ്റൊന്നും നഷ്ടമാകാതെ 28 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്തില്‍(17), ടോം ലാതം (ആറ്) എന്നിവരാണ് ക്രീസില്‍.