ഐഫോണിനെ വെല്ലാൻ പുത്തൻ ഫോണുമായി ഗൂഗിൾ

pixel-by-googleനെക്സസ് ഫോണുകൾക്ക് ശേഷം സ്വന്തം ബ്രാൻഡിൽ ഗൂഗിൾ എത്തിക്കുന്ന പിക്സൽ ഫോണുകൾ ഇന്ത്യയിൽ ഉടനെയെത്തും. പിക്സൽ,പിക്സൽ എക്സ് എൽ എന്നീ മോഡലുകൾ ഒക്ടോബർ 13 മുതൽ ഇന്ത്യയിൽ പ്രീ ബുക്കിങ്ങിനു ലഭ്യമാകും. 57000 രൂപ മുതൽ വില വരുന്ന ഈ സ്മാർട് ഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുന്ന സ്മാർട് ഫോണുകളായ ഐഫോണിന്റെ മികച്ച എതിരാളിയായി മാറും എന്നാണു വിലയിരുത്തുന്നത്. കൂടിയ വിലയ്ക്കു മികച്ച സൗകര്യങ്ങൾ നൽകുന്ന ആപ്പിളിൻെറ ശൈലിയാണ് പിക്സലിൽ ഗൂഗിൾ കടംകൊണ്ടിരിക്കുന്നത്.

googlepixelബ്ളാക്ക്, സിൽവർ എന്നീ രണ്ടു നിറങ്ങളിൽ ഇന്ത്യയിൽ എത്തുന്ന പിക്സൽ ഫോണുകളുടെ 32 ജിബി, 128 ജിബി വേരിയന്റുകളാകും ഒക്ടോബർ 13 മുതൽ പ്രീബുക്കിങ്ങിലൂടെ വാങ്ങാൻ കഴിയുക. 66000 രൂപയാണ് പിക്സൽ ഏക്സ് എൽ ഫോണുകളുടെ 32 ജിബി വേരിയന്റിന് പ്രതീക്ഷിക്കുന്ന വില. 76000 രൂപയ്ക്കാകും ഇവയുടെ 128 ജിബി വേരിയന്റുകൾ ഇന്ത്യൻ വിപണിയിലെത്തുക. പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്കാർട്ട് വഴിയാകും പ്രധാനമായും പിക്സൽ ഫോണുകൾ ഗൂഗിൾ ഇന്ത്യയിലെത്തിക്കുക.

ഗൂഗിൾ പിന്തുണയോടെ എൽ ജി,ഹുവായി എന്നീ കമ്പനികളാണ് നെക്സസ് നിർമ്മിച്ച് വിപണിയിലെത്തിച്ചതെങ്കിൽ പൂർണ്ണമായും ഗൂഗിൾ നിർമ്മിക്കുന്ന ഫോൺ എന്ന പ്രത്യേകതയും പിക്സലിനുണ്ട്.എയറോസ്‌പേസ് അലൂമിനിയം ഗ്രേഡ് ബോഡിയുടെ എത്തുന്ന പിക്സൽ ഫോണിൽ 2.5 ഡി കോർണിങ് ഗൊറില്ല ഗ്ളാസ് 4 ആണ് ഡിസ്പ്ളെയ്ക്കു സംരക്ഷണമേകുന്നത്.ഫിംഗർ പ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയെത്തുന്ന ഫോണിന് ഗൂഗിൾ അസിസ്റ്റന്റ് പിന്തുണയുമുണ്ട് .ആൻഡ്രോയിഡിന്റെ പുതിയ വേർഷനായ ആൻഡ്രോയ്ഡ് 7.1 നൗഗട്ട് ഉൾപ്പെടുത്തിയാകും 5 ഇഞ്ച്, 5.5 എന്നീ രണ്ട് വലുപ്പങ്ങളിൽ ഈ ഫോൺ വിപണിയിലെത്തുന്നത്.