ഈ ഫോൺ വാങ്ങി ഒരു വർഷത്തിനുള്ളിൽ കേടായാൽ പുതിയ ഫോൺ കിട്ടും

zopo-color-c2വിവിധ മൊബൈൽ കമ്പനികളുടെ വില്പനാന്തര സേവനങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് നാൾക്കു നാൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രീമിയം ബ്രാൻഡുകൾ പോലും നിലവാരമില്ലാത്ത സർവീസ് പാർട്ണർ മൂലം പഴി കേൾക്കുന്നത് പതിവാണ്. എന്നാൽ ഇനി ഫോൺ ചീത്തയായാൽ സർവീസ് സെന്ററിൽ കയറിയിറങ്ങി ചെരുപ്പ് തേയ്ക്കണ്ട. ഫോൺ വാങ്ങി ഒരു വർഷത്തിനുള്ളിൽ കേടായാൽ സർവീസ് ചെയ്യാൻ നിൽക്കാതെ പുതിയ ഫോൺ നൽകുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് സോപ്പോ എന്ന മൊബൈൽ നിർമ്മാതാക്കൾ.

ഒക്ടോബർ ഒന്നിന് ശേഷം വാങ്ങുന്ന എല്ലാ സോപ്പോ ഫോണുകളിലും ഈ ഓഫർ ലഭ്യമാകും. ഫോണിന് പ്രകടമായ എന്തെങ്കിലും പോരായ്മകളോ കേടുപാടുകളോ ശ്രദ്ധയിൽപ്പെട്ടാൽ 4 മുതൽ 5 ദിവസത്തിനുള്ളിൽ നിങ്ങൾ ഉപയോഗിച്ച് വരുന്ന ഫോണിന് പകരം പുതിയ ഫോൺ സോപ്പോ നൽകും. മികച്ച കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഉറപ്പു വരുത്തുന്നതിനാണ് ഇത്തരത്തിൽ ഒരു ഫോൺ റീപ്ലേസ്മെന്റ് പദ്ധതിയുമായി എത്തിയിരിക്കുന്നതെന്നു സോപ്പോ മൊബൈൽ വൃത്തങ്ങൾ പറയുന്നു.

സ്മാർട്ട്ഫോൺ വിപണിയിൽ നിരവധി ഉല്‌പന്നങ്ങളുമായി ചുവടുറപ്പിക്കാനെത്തുന്ന സോപ്പോ ഈയിടെ കളർ എഫ് 1 എന്ന മാഷ്‌മെലോ അധിഷ്ഠിത ഫോൺ വിപണിയിലെത്തിച്ചിരുന്നു. 5 .5 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ളേയോടെ എത്തിയ ഈ ഫോണിന് 1 ജിബി റാമും 16 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. 8,890 രൂപയ്ക്കു വിപണിയിലെത്തിയ ഈ ഫോണിന് 8 മെഗാപിക്സൽ പ്രധാന കാമറയും 2 എംപി സെൽഫി ഷൂട്ടറുമാണുള്ളത്. സോപ്പോയുടെ 1 വർഷ ഓൺസൈറ്റ് വാറണ്ടി സേവനം കൂടുതൽ ഉപഭോക്താക്കളെ ഈ ബ്രാൻഡിലേക്ക് ആകർഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.