കാമുകനൊപ്പം ചേർന്ന് അമ്മയേയും തന്റെ മകളേയും കൊലപ്പെടുത്തിയ അനുശാന്തിയെ ഇനി തനിയ്ക്ക് വേണ്ടെന്ന് അനുശാന്തിയുടെ ഭർത്താവ് ലിജേഷ്;വിവാഹമോചനക്കേസിൽ അടുത്ത മാസം വിധി

single-img
5 October 2016

nino_041816-2

ആറ്റിങ്ങലില്‍ കാമുകനൊപ്പം ചേര്‍ന്ന് മകളെയും ഭര്‍തൃമാതാവിനെയും കൊലചെയ്ത കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഐ.ടി സ്ഥാപനത്തിലെ ടീം ലീഡറായിരുന്ന അനുശാന്തിയെ തനിയ്ക്ക് വേണ്ടെന്ന് അനുശാന്തിയുടെ ഭർത്താവ് ലിജേഷ്.അനുശാന്തിയെ ആറ്റിങ്ങൾ കുടുംബ കോടതിയിൽ ഹാജരാക്കി.

ജീവനെക്കാളേറെ സ്‌നേഹിച്ച അനുശാന്തിയുടെ ഭാഗത്തുനിന്നുള്ള ചതി പൊറുക്കാന്‍ പറ്റുന്നതല്ലെന്നായിരുന്നു ലിജേഷ് പറഞ്ഞത്. അനുശാന്തിക്കും കാമുകന്‍ നിനോ മാത്യുവിനും കോടതി ശിക്ഷ വിധിച്ചതോടെ ലിജേഷ് വിവാഹമോചന ഹര്‍ജി നല്കുകയായിരുന്നു. നേരത്തെ രണ്ടുതവണ ഹാജരാകാതിരുന്ന അനുശാന്തിയെ കോടതിയുടെ പ്രോഡക്ഷന്‍ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹാജരാക്കിയത്. കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന അനുശാന്തിയെ കനത്ത പോലീസ് കാവലിലാണ് ആറ്റിങ്ങലിൽ എത്തിച്ചത്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ മേയ് അഞ്ചിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനുശാന്തി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണു.

അനുശാന്തിയുടെ മൂന്നര വയസ്സുകാരിയായ മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ കേസിലാണ് കീഴ്കോടതി മുഖ്യപ്രതി നിനോ മാത്യുവിനും കൂട്ടുപ്രതിയും കാമുകിയുമായ അനുശാന്തിക്കും ശിക്ഷ വിധിച്ചത്. അനുശാന്തിയുടെ സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായിരുന്ന നിനോ മാത്യുവാണ് കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചത്.

അപൂര്‍വങ്ങളില്‍ അപൂവമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയായതിനാലുമാണ് അനുശാന്തിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത്. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയടക്കണമെന്നും കീഴ്കോടതി ഉത്തരവിട്ടു.