ടി പി വധക്കേസ് മുതല്‍ കേരളത്തിലെ ഐഎസ് ബന്ധം വരെ: ഷൗക്കത്തലിയുടെ ജൈത്രയാത്ര തുടരുന്നു

single-img
4 October 2016

shoukathali-dysp

കണ്ണൂര്‍ കനകമലയില്‍ നടന്ന എന്‍ഐഎ റെയ്ഡും ആറ് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന വാര്‍ത്ത ഒപ്പം റെയ്ഡിന് നേതൃത്വം നല്‍കിയ ഷൗക്കത്തലി എന്ന എസ്പിയും വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിലെ കുറ്റവാളികളുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞ ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഒട്ടനവധി കേസുകളില്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ച ശേഷമാണ് എന്‍ഐഎയില്‍ എത്തിയത്.

തലശേരി ഡിവൈഎസ്പി ആയിരിക്കെ മുടക്കോഴി മലയില്‍ നിന്നും ടി പി വധക്കേസ് പ്രതികളെ സൈലന്റ് നൈറ്റ് ഓപ്പറേഷനിലൂടെ പിടികൂടിയതോടെയാണ് ഷൗക്കത്തലി എന്ന സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥനെ കേരളം മനസിലാക്കുന്നത്. അതോടെ ഷൗക്കത്തലി രാഷ്ട്രീയക്കാരുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ ശത്രുവാകുകയും ചെയ്തു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരിക്കാനാണ് കേരള പോലീസിലെ സീനിയര്‍ ഡിവൈഎസ്പിയായിരിക്കെ എന്‍ഐഎയില്‍ അഡീഷണല്‍ സൂപ്രണ്ടായി ചേക്കേറിയത്. പിന്നീട് സംസ്ഥാന പോലീസ് എസ്പിയായി പ്രമോഷന്‍ നല്‍കിയതോടെ എന്‍ഐഎയിലും എസ്പിയായി.

കണ്ണൂരും മലബാറും ഉള്ളംകൈയിലെ രേഖപോലെ നന്നായി അറിയാവുന്ന ഷൗക്കത്തലിയുടെ മിടുക്കാണ് കനകമലയിലെ ഐഎസ് ബന്ധം വെളിച്ചത്തുകൊണ്ടുവന്നതും അറസ്റ്റിലേക്ക് നയിച്ചതും. എട്ട് മാസത്തോളം നീണ്ട നീക്കത്തിനൊടുവില്‍ വലയില്‍ കുരുങ്ങിയ ഐഎസ് പ്രവര്‍ത്തകര്‍ വഴുതിപ്പോകാതിരിക്കാനുള്ള മുന്‍കരുതലുകളും ഇദ്ദേഹമെടുത്തിരുന്നു.

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഐഎസ് അനുഭാവികള്‍ ടെലഗ്രാമില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. സമീര്‍ അലിയെന്ന് അറിയപ്പെട്ടിരുന്ന കണ്ണൂര്‍ സ്വദേശി മന്‍സീദായിരുന്നു സംഘത്തലവന്‍. ഈ ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെട്ട എന്‍ഐഎ അപേക്ഷ നല്‍കി പങ്കാളിയായി. കുറ്റാന്വേഷണത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പരിശീലനം നേടിയിട്ടുള്ള ഷൗക്കത്തലി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കുടുക്കാനുള്ള പരിശീലനവും അവിടെ നിന്നും നേടിയിരുന്നു. അതിനാല്‍ തന്നെ അദ്ദേഹമാണ് ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത്. കേരളത്തിലെ ഇസ്ലാമില്‍ തീവ്രസ്വഭാവം വച്ചുപുലര്‍ത്തുന്ന സംഘടനകളെയും വ്യക്തികളെയും അടുത്തുപരിചയമുള്ളതിനാല്‍ ഷൗക്കത്തലിയുടെ നീക്കങ്ങളില്‍ മന്‍സീദിന് യാതൊരു സംശയവും തോന്നിയില്ല. കൊച്ചിയില്‍ നടന്ന ജമഅത്ത് സമ്മേളനത്തിലേക്ക് ഫ്രാന്‍സിലെ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ലോറി ഇടിപ്പിച്ചു കയറ്റാനുള്ള നീക്കം പാളിയതോടെയാണ് സംഘത്തില്‍ നുഴഞ്ഞു കയറ്റമുണ്ടായതായി ഇവര്‍ മനസിലാക്കിയത്. ജമഅത്ത് സമ്മേളനം പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് വേദി മാറ്റുകയായിരുന്നു.

ഷൗക്കത്തലിയും കൊടി സുനിയും

ഷൗക്കത്തലിയും കൊടി സുനിയും

ഇതോടെയാണ് അംഗങ്ങള്‍ പരസ്പരം കാണാന്‍ കനകമലയില്‍ ഒത്തുകൂടാന്‍ സംഘം തീരുമാനിച്ചത്. എന്നാല്‍ ഈ വിവരം ഗ്രൂപ്പിലൂടെ തന്നെയറിഞ്ഞ ഷൗക്കത്തലി തീവ്രവാദികള്‍ക്കായി കനകമലയില്‍ വലവിരിക്കുകയായിരുന്നു. മലയുടെ പ്രത്യേകതകള്‍ നന്നായി അറിയാവുന്ന ഷൗക്കത്തലി കരുതലോടെ മുന്നില്‍ നിന്നപ്പോള്‍ തീവ്രവാദികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ലാതായി.

1995ലെ എസ്‌ഐ ബാച്ചില്‍ ഒന്നാം റാങ്കുകാരനായിരുന്നു ഷൗക്കത്തലി. ടി പി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് ഇദ്ദേഹം എന്‍ഐഎയില്‍ എത്തിയത്. 2012 ജൂലൈ 14നാണ് മുടക്കോഴി മലയില്‍ വച്ച് ടിപി വധക്കേസിലെ കൊലയാളി സംഘത്തെ ഇദ്ദേഹം കുരുക്കിയത്. കൊടി സുനിയെയും സംഘത്തെയും മലയില്‍ വച്ച് അതിസാഹസികമായാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച ലംബു പ്രദീപിനെ കുടുക്കിയത്, ടി കെ രജീഷിനെ തേടി മുംബൈയിലേക്ക് യാത്ര ചെയ്തത്, പി മോഹനനെ അറസ്റ്റ് ചെയ്തത് എല്ലാം ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. ഇതില്‍ പി മോഹനന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. മോഹനനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സിപിഎം നേതാവ് എംവി ജയരാജന്‍ ഷൗക്കത്തലിയെ ഓഫീസിലെത്തി അസഭ്യം പറഞ്ഞതെല്ലാം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ടി പി വധക്കേസോടെ സിപിഎമ്മിന്റെ ശത്രുവായി മാറിയ ഷൗക്കത്തലി ഭരണം മാറിവരുമ്പോള്‍ തന്റെ നില പരുങ്ങലിലാകുമെന്ന് മനസിലാക്കിയാണ് കിട്ടിയ അവസരത്തില്‍ എന്‍ഐഎയിലേക്ക് ഡെപ്യൂട്ടേഷന്‍ നേടി പോയത്. അതേസമയം പ്രൊമോഷന്‍ സമയത്ത് ഷൗക്കത്തലിയുടെ പേര് കണ്ട എല്‍ഡിഎഫ് സര്‍ക്കാര്‍ അത് തടഞ്ഞു വയ്ക്കാനാണ് ശ്രമിച്ചത്. ഏകദേശം രണ്ടര മാസത്തോളം ചുവപ്പുനാടയ്ക്കുള്ളില്‍ കുരുങ്ങിക്കിടന്ന പ്രൊമോഷന്‍ ഉത്തരവ് കഴിഞ്ഞ മാസമാണ് ഷൗക്കത്തലിക്ക് അനുകൂലമായത്.

എന്‍ഐഎയിലെത്തി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ പ്രാവീണ്യം നേടിയതോടെയാണ് ഐഎസിന്റെ കേരള വേരുകള്‍ കണ്ടെത്തേണ്ട ചുമതല ലഭിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയുള്ള യാത്രയാണ് അവരുടെ മലയാളം ഗ്രൂപ്പിലെത്തിച്ചത്. കൂടാതെ ദിസങ്ങളായി യുവാക്കളുടെ ഫോണ്‍ നമ്പരുകളും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഈ നിരീക്ഷണത്തില്‍ ഇതില്‍ അഞ്ച് പേരുടെ നമ്പരുകള്‍ ഒരുമിച്ച് കണ്ടതോടെയാണ് ഓപ്പറേഷന്‍ വൈകിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. അഞ്ചുപേരെ വളഞ്ഞിട്ട് പിടിച്ചപ്പോള്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ പന്ത്രണ്ട് പേരില്‍ പകുതിയോളം പേര്‍ വിദേശത്താണെന്നാണ് നിഗമനം.

shoukathali

കനമലയിലെ ഓപ്പറേഷനില്‍ പങ്കെടുത്ത വിക്രമന്‍ എന്ന ഡിവൈഎസ്പിയും കേരള പോലീസിലെ തീക്കട്ടയായിരുന്ന ഉദ്യോഗസ്ഥനാണ്. മലപ്പുറം പേരാമ്പ്രയില്‍ ബാങ്ക് കൊള്ള നടത്തിയ സംഘത്തെ സിനിമാറ്റിക് സ്റ്റൈലില്‍ പിടികൂടിയത് വിക്രമന്‍ ആണ്. കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ നിന്നും വന്‍തോതില്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ അതിന് പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി താഹിറാണെന്നും താഹിറിന് ഐഎസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയത് ഇദ്ദേഹമാണ്.

അതേസമയം കനകമലയില്‍ നിന്നും അറസ്റ്റിലായ സംഘത്തില്‍ നിന്നും എന്‍ഐഎയ്ക്ക് കേരളത്തില്‍ നടത്താനിരുന്ന നിരവധി ആക്രമണങ്ങളുടെ വിവരങ്ങള്‍ ആണ് ലഭിച്ചിരിക്കുന്നത്. പാനൂര്‍ അണിയാരം സ്വദേശി മദീന മന്‍സിലില്‍ മന്‍സീദ്, മലപ്പുറം സ്വദേശി പി സഫ്വാന്‍, കോഴിക്കോട് സ്വദേശി എന്‍ കെ ജാസിം, കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ് എന്നിവരെയാണ് എന്‍ഐഎ സംഘം ഞായറാഴ്ച കനകമലയില്‍ നിന്നും പിടികൂടിയത്. ഇവരെ കൂടാതെ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും റംഷാദ്, കോയമ്പത്തൂരില്‍ നിന്നും ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും എന്‍ഐഎ അന്ന് പിടികൂടി.