ഫേസ്ബുക്കിലെ വീഡിയോ വൈറസിനെ ചെറുക്കാന്‍ ചില പൊടിക്കൈകള്‍

ഫോട്ടോ കാപ്ഷന്‍: എനിക്കും ഇത്തരത്തില്‍ ചാറ്റില്‍ ഒരു പണി വന്നു കിടക്കുന്നത് കണ്ടോ? നമ്മളാരാ മോന്‍ എപ്പോ ഡിലീറ്റി എന്ന് ചോദിച്ചാല്‍ പോരെ. നിങ്ങളും ഇത് പോലെ ജാഗ്രത പാലിക്കുമല്ലോ; അല്ലെ.

ഫോട്ടോ കാപ്ഷന്‍: എനിക്കും ഇത്തരത്തില്‍ ചാറ്റില്‍ ഒരു പണി വന്നു കിടക്കുന്നത് കണ്ടോ? നമ്മളാരാ മോന്‍ എപ്പോ ഡിലീറ്റി എന്ന് ചോദിച്ചാല്‍ പോരെ. നിങ്ങളും ഇത് പോലെ ജാഗ്രത പാലിക്കുമല്ലോ; അല്ലെ.

രംഗം തിരുവനന്തപുരത്തെ ഒരു ആഫീസിന്റെ ഇടനാഴിയാണ്. അവിടെ പണിയെടുക്കുന്ന രണ്ട് വനിതകള്‍ ചര്‍ച്ചയിലാണ്. ‘എന്നാലും പുള്ളി എന്ത് പരിപാടിയാ ഈ കാണിച്ചത്? എന്ത് മാന്യന്‍ എന്ന് വിചാരിച്ച ആളാ; ഇന്നലെ അങ്ങേരു എന്റെ ഇന്‍ബോക്‌സിലേക്ക് വേണ്ടാതീനം കാണിക്കുന്ന പടവും വീഡിയോയുടെ ലിങ്കും ഒക്കെ അയച്ചേക്കുന്നു. ഇന്നിത് ചോദിച്ചിട്ടു തന്നെ കാര്യം’. ഇത്രേം പറഞ്ഞിട്ട് കൂടെ ജോലി നോക്കുന്ന ഒരു അപ്പാവി പയ്യനെ തെറി വിളിക്കാന്‍ പോകുവാ ഈ രണ്ട് കൂട്ടുകാരികള്‍ ചേര്‍ന്ന്. ഉടനെ ആ ഓഫീസിലെ മറ്റു ചിലര്‍ പരാതി പറഞ്ഞ കൂട്ടുകാരിയെ പുച്ഛഭാവത്തില്‍ നോക്കുന്നു. അടുത്തിരിക്കുന്ന ആളോട് രഹസ്യം പറഞ്ഞു ചിരിക്കുന്നു.

കാര്യം ആകെ മൊത്തം കണ്‍ഫൂഷ്യന്‍ ആയി… ഉടനെ പുള്ളിക്കാരിയുടെ ഒരു അടുത്ത സുഹൃത്ത് ഓടി അരികിലെത്തിയിട്ടു ചോദിച്ചു. ‘താന്‍ എന്തൊക്കെയാ ആ രാജീവിനും, നാന്‍സിക്കും, ഷിബുവിനും ഒക്കെ എഫ്ബിയിലൂടെ അയച്ചു കൊടുത്തേ; വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി’. അപ്പാവി പയ്യനെ ഒറ്റ അടിക്കു തീര്‍ക്കാന്‍ പോയ പെണ്‍കുട്ടി ഐസായി. കാര്യം അന്വേഷിച്ചു ആ ഓഫീസിലെ കമ്പ്യൂട്ടര്‍ മുതലാളി എന്നറിയപ്പെടുന്ന സിസ്റ്റം അഡ്മിനെ സമീപിച്ചപ്പോഴാണ് കാര്യം വൈറസിന്റെ കളിയാണെന്നു സര്‍വ്വതിനും കത്തിയത്.

നമ്മുടെ ഫേസ്ബുക്ക് ചാറ്റില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകളാണ് ഈ പ്രശ്‌നത്തിന്റെ തുടക്കക്കാരന്‍. ‘നിങ്ങളുടെ വീഡിയോ യൂട്യൂബില്‍ കണ്ടു. നല്ല തമാശയാണല്ലോ’ എന്ന് പറഞ്ഞുകൊണ്ടുള്ള നിങ്ങളുടെ ഒരു സുഹൃത്തിന്റെ മെസേജ് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും. ആകാംഷയോടെ അത് ക്ലിക്ക് ചെയ്യും അല്ലെ? എന്നാല്‍ അതോടെ കമ്പ്യൂട്ടറില്‍ ചാത്തന്റെ പണി തുടങ്ങുകയായി. നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള സകല ആളുകള്‍ക്കും ഇത്തരം സ്പാം മെസേജുകള്‍ നിങ്ങളുടെ പേരില്‍ എത്തും. നിങ്ങള്‍ അയച്ചതാണെന്നു കരുതി അവരും അതില്‍ ക്ലിക്ക് ചെയ്യും. കംപ്ലീറ്റ് പണി പാളും; ഇതൊരു തുടരന്‍ ആയി വിലസും ഇതാണ് കഥ.

നിങ്ങളുടെ ഫേസ്ബുക്ക് വാളിലും ചിലപ്പോള്‍ ഇത്തരം അശ്ലീല വീഡിയോകളും ലിങ്കുകളും ആട്ടോമാറ്റിക്കായി പോസ്റ്റ് ചെയ്യപ്പെടാം. അതോടെ നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും മുന്നില്‍ നമ്മള്‍ കംപ്ലീറ്റ് നാറി ഒരു പരുവമാകും. അല്ലേ? ഈ അനുഭവം നിങ്ങളില്‍ ആര്‍ക്കെങ്കിലുമൊക്കെ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിക്കാണുമെന്നു ഞാന്‍ കരുതുന്നു. എന്നാല്‍ ഇത്തരം എട്ടിന്റെ പണികള്‍ കിട്ടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഫേസ്ബുക്കിലെ ചാറ്റില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ആഴ്ചയിലൊരിക്കല്‍ ഫേസ്ബുക്ക് പാസ്വേഡ് മാറ്റുക. എല്ലാവര്‍ക്കും അറിയാവുന്ന മൊബൈല്‍ നമ്പരോ ഫോണ്‍നമ്പരോ ഫേസ്ബുക്കിന്റെ ലോഗിന്‍ ഐഡി ആയി ഉപയോഗിക്കാതിരിക്കുക (ഇത് ഹാക്കിങ്ങിനുള്ള സാധ്യത കൂട്ടും). ഫേസ്ബുക്കിലെ മുകളിലായി കാണുന്ന നീല റിബണിലെ വലത്തെ അറ്റത്തുള്ള ഡൗണ്‍ ആരോയില്‍ ക്ലിക്ക് ചെയ്ത് ”ആക്റ്റിവിറ്റി ലോഗ്” പരിശോധിക്കുക; നിങ്ങള്‍ ചെയ്യാത്ത എന്തെങ്കിലും കാര്യങ്ങള്‍ അവിടെ കാണിക്കുന്നുണ്ടെങ്കില്‍ ആ ആക്ടിവിറ്റി ഡിലീറ്റ് ചെയുക.

വീണ്ടും ഡൗണ്‍ ആരോയില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്‌സില്‍ എത്തുക. അവിടെ നിന്നും ഇടതു വശത്തെ സെക്യൂരിറ്റി എന്ന മെനുവില്‍ നിന്നും സെക്യൂരിറ്റി സെറ്റിങ്‌സിന് കീഴിലുള്ള Where You’re Logged In എന്ന വിഭാഗത്തില്‍ എത്തി ”എന്‍ഡ് ആള്‍ ആക്ടിവിറ്റി” എന്ന ലിങ്ക് അമര്‍ത്തി അനാവശ്യ ലോഗിന്‍ സാധ്യതകള്‍ ഒഴിവാക്കാം. ഇതൊക്കെ ചെയ്ത ശേഷം പാസ്‌വേഡ് ഒന്ന് മാറ്റിക്കോളൂ; അതോടെ ചാത്തന്റെ ശല്യം ഒരുവിധം തീര്‍ന്നു എന്ന് കരുതാം. പിന്നൊരു കാര്യം ഓരോ ഫേസ്ബുക്ക് സെഷന്‍ ആരംഭിക്കുന്നതിനു മുന്‍പായി ബ്രൗസറിന്റെ ഹിസ്റ്ററി സെറ്റിംഗ്‌സ് എടുത്ത് കുക്കീസ്, കാഷ് എന്നിവയെല്ലാം ഒന്ന് ക്ലീനാക്കുന്നതും ഫേസ്ബുക്ക് സുരക്ഷയ്ക്ക് ഉത്തമമാണ്.