ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധിയുമായി സൗദിക്കെതിരെ യു.എസ് കോണ്‍ഗ്രസില്‍ ബില്‍

single-img
1 October 2016

us-uae

ദുബായ്: സെപ്തംബര്‍ 11 ആക്രമണത്തിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ വീറ്റോ അധികാരത്തെ മറികടന്ന് പാസാക്കപ്പെട്ട ഈ ബില്‍ ഗള്‍ഫ് മേഖലയില്‍ പുതിയ രാഷ്ട്രീയപ്രതിസന്ധിക്ക് വഴിതെളിക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. സൈനികസഖ്യങ്ങളെപ്പോലെതന്നെ വിദേശനിക്ഷേപങ്ങളെയും ഈ ബില്‍ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ 2001 സപ്തംബര്‍ 11-ന് നടന്ന ഭീകരാക്രമണത്തില്‍ 2996 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ നഷ്ടപരിഹാരം സൗദിയില്‍നിന്ന് ഈടാക്കാനുള്ള കേസ് ഫയല്‍ ചെയ്യാനുള്ള ബില്ലാണ് യു.എസ്. കോണ്‍ഗ്രസ് പാസ്സാക്കിയത്. ഇതോടെ ഇതു ബില്ലാവാനുള്ള സാഹചര്യമൊരുങ്ങി.

സൗദിയും അമേരിക്കയുമായുള്ള സൗഹൃദവും െൈസെനിക പങ്കാളിത്വവും ഇപ്പോഴത്തെ സാഹചര്യത്തില്‍ അറബ് മേഖലയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുകയെന്ന് യു.എ.ഇയും മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. സൗദിക്കെതിരായ നീക്കം യുക്തിരഹിതമാണെന്ന് യു.എ.ഇ. വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് അറിയിച്ചു. ആയിരം കോടി ഡോളറിന്റെ അടിസ്ഥാനസൗകര്യങ്ങളാണ് അമേരിക്കയ്ക്ക് ഈ ആക്രമണംകൊണ്ട് നഷ്ടമായത്. എന്നാല്‍ അമേരിക്ക കണക്കാക്കിയ നഷ്ടം മൂന്നുലക്ഷം കോടി ഡോളറാണ്. അത് സൗദി സര്‍ക്കാറില്‍നിന്ന് ഈടാക്കാനുള്ള നിയമമാണ് ഒരുങ്ങുന്നത്.