നാളെ ലോക വൃദ്ധ ദിനം: നരയ്ക്കുന്ന കേരളമേ വൃദ്ധസദനത്തിലേക്കുള്ള ടിക്കറ്റ് റെഡി

single-img
30 September 2016

 

grandma

മുത്തശ്ശിയോ അതെന്ത് സാധനം? ഇത് ഇന്നത്തെ തലമുറയുടെ ചോദ്യമാണ്. കാലാവധി കഴിയുമ്പോള്‍ വൃദ്ധസദനത്തില്‍ തള്ളുന്ന സാധനം തന്നെ എന്നു ചുരുക്കം. ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിലേതാണ് ഇത്. വൃദ്ധരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഇഷ്ടങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കമെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഇവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പലരും അറിയാതെ പോകുന്നു. എന്നാല്‍ യുവത്വത്തിന്റെ പ്രസരിപ്പില്‍ മാത്രമല്ല ഇഷ്ടങ്ങളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകുന്നത്. വാര്‍ദ്ധക്യത്തിലേക്ക് ഒരിക്കല്‍ പോലും നോക്കാന്‍ ഇഷ്ടപ്പെടാത്ത യുവതലമുറയ്ക്ക് ഇന്ന് വൃദ്ധസദനങ്ങള്‍ തേടിയലയുകയും അവര്‍ക്കായ് ഒരു ദിനം കരുതിവയ്ക്കുകയും ചെയ്യുന്നു. ഈ ദിനം നമുക്ക് ഓരോരുത്തര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലാണ്. എന്നിരുന്നാലും വാര്‍ദ്ധക്യം നാമറിയാതെ നമ്മെ കീഴ്‌പ്പെടുത്തുമെന്ന സത്യം പലരും പലപ്പോഴും മറക്കുന്നു.

രണ്ടാം ബാല്യമായാണ് പലരും വാര്‍ദ്ധക്യത്തെ വിശേഷിപ്പിക്കാറുള്ളത്. ശാരീരിക ചാപല്യങ്ങലും ബുദ്ധിപരമായ അപക്വതയും കണക്കിലെടുക്കുമ്പോള്‍ ഇത് ശരി തന്നെയാണ്. കുഞ്ഞുങ്ങളെ പോലെയാണ് അവര്‍ പലപ്പോഴും പെരുമാറുന്നത്. എന്നാല്‍ കുട്ടികളുടെ അത്തരം പെരുമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അതിലേറെ അവ ആസ്വദിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തും. രണ്ടാം ബാല്യത്തിലേക്കു വരുമ്പോള്‍ കാര്യങ്ങള്‍ തികച്ചും മാറിമറിയുന്നു. മുന്നില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ദ്ധക്യത്തെ കുറിച്ച് ചിന്തിക്കാതെ പലപ്പോഴും മാതാപിതാക്കള്‍ തങ്ങളുടെ സംതൃപ്ത ജീവിതത്തിന് തടസ്സമാകുന്നുവെന്നാണ് പലരും ചിന്തിക്കുന്നത്.

കേരളത്തിലെ ഓരോ ജില്ലയിലും ശരാശരി 35 വൃദ്ധസദങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ അവയുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ കേരളത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വര്‍ഷംതോറും സര്‍ക്കാരുകള്‍ സമയാസമയങ്ങളില്‍ രൂപീകരിക്കുന്ന നിയമങ്ങളും വര്‍ദ്ധിച്ചുവരുന്ന വൃദ്ധ സദനങ്ങളും കൊണ്ട് വൃദ്ധരുടെ സംരക്ഷണം പൂര്‍ണമാകുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ അമേരിക്കയിലും, ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമൊക്കെ മാത്രം നിലനിന്നിരുന്ന ഈ സംസ്‌കാരം ഇപ്പോള്‍ നീരാളിക്കൈ പോലെ കേരളത്തെയും പിടികൂടിയിരിക്കുകയാണ്. വയോധികരോടുള്ള അവഗണന കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വൃദ്ധസദനങ്ങളുടെ എണ്ണം പെരുകുന്നുവെന്നതാണ് സൂചിപ്പിക്കുന്നത്. ഒരു ജന്മം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച് അവസാന നിമിഷം മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുകയാണ് ആധുനിക കേരളത്തിന്റെ പരിഷ്‌കാര ഭ്രമം. ഒരായുസ്സു മുഴുവന്‍ നല്‍കിയ സ്‌നേഹത്തിന് പകരമായി വൃദ്ധസദനങ്ങളിലേക്കുള്ള സൗജന്യ ടിക്കറ്റ് കൈപ്പറ്റിയവരാണ് ഏറെയും.

കേരളത്തില്‍ വിദ്യാലയങ്ങള്‍ പോലെ ഇന്ന് വൃദ്ധസദനങ്ങള്‍ പെരുകുകയാണ്. ആധുനിക മനുഷ്യന്‍ പല മൂല്യങ്ങളും മറക്കുന്നതിനിടയില്‍ സ്വന്തം മാതാപിതാക്കള്‍ നല്‍കിയ സ്‌നേഹവും പരിചരണവും ലാളനയും വിസ്മരിക്കുന്നു. ആധുനികരെന്നും പൂര്‍ണ്ണ സാക്ഷരത കൈവരിച്ചവരെന്നും പറയുന്ന മലയാളിയുടെ സാംസ്‌കാരിക പരമായ അധ:പതനം ഏതുനിലയില്‍ എത്തിനില്‍ക്കുന്നുവെന്ന് ഇത്തരം സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അവഗണനയുടെയും പരിഹാസത്തിന്റെയും ചക്രവ്യൂഹത്തില്‍ അകപ്പെടുന്നവര്‍ അത് ഭേദിക്കാന്‍ കഴിയാതെ തളര്‍ന്ന് ഒറ്റപ്പെടലിന്റെ ലോകത്തില്‍ വീര്‍പ്പുമുട്ടുന്നു. ഇങ്ങനെ അവര്‍ക്കുണ്ടാകുന്ന ഹൃദയഭേദകമായ വേദന നാളെ തനിക്കും വരുമെന്ന് ഒരിക്കല്‍പോലും തള്ളിവിടുന്നവര്‍ ചിന്തിച്ചു കാണില്ല. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാടു കാണിക്കേണ്ട മാതാപിതാക്കളെ അനായാസം വലിച്ചെറിയുകയാണ്. ലോകത്തിന് നേരെ നോക്കാനും ധൈര്യത്തോടെ ചുവടുകള്‍ വച്ച് മുന്നോട്ടു പോകാനും പഠിപ്പിച്ച ആ മാതാപിതാക്കളെ ഒറ്റപ്പെടുത്താന്‍ മാത്രം ഇന്നത്തെ തലമുറ വളര്‍ന്നു കഴിഞ്ഞുവെന്നതാണ് സത്യം.

സ്‌നേഹരാഹിത്യമാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് പ്രധാന കാരണം. മാതാപിതാക്കളെ തെരുവിലേക്കും ഒറ്റപ്പെടലിന്റെ ലോകത്തേക്കും തള്ളിവിടുന്നതിനും പകരം ഇതിനെതിരെയുള്ള കേരളീയരുടെ നീതിബോധം ഉണരേണ്ടിയിരിക്കുന്നു. ഇതിന് വേണ്ടി സാമൂഹിക ബോധവത്ക്കരണമോ മറ്റ് പ്രവര്‍ത്തനങ്ങളോ അല്ല മറിച്ച് ഓരോ വ്യക്തിയും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എപ്പോഴും മനസാക്ഷിയുടെ തൃപ്തിയാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ സ്വന്തം മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്തവര്‍ക്ക് തൃപ്തികരമായ ജീവിതമാണ് മുന്നോട്ടു നയിക്കുന്നത് എന്ന് എങ്ങനെ പറയാന്‍ കഴിയും? പ്രകാശ വേഗതയില്‍ കുതിക്കുന്ന പുതുതലമുറ ആത്മാര്‍ത്ഥത എന്തെന്നു പോലും അറിയാത്തവരാണ്. വല്ലപ്പോഴും ഒരു ആശുപത്രിയോ വൃദ്ധസദനമോ മാനസികാരോഗ്യ കേന്ദ്രമോ സന്ദര്‍ശിക്കുന്നത് ജീവിതത്തില്‍ കുറേകൂടി യാഥാര്‍ത്ഥ്യബോധം ഉണ്ടാവാന്‍ സഹായകമായിരിക്കും. വൃദ്ധസദനത്തില്‍ ഉള്ളവരില്‍ പലരും ബന്ധുക്കളാല്‍ അനാഥമാകുന്നവരാണ്. ബാക്കിയുള്ളവര്‍ ആരോരുമില്ലാത്തവരും. ഇവരില്‍ പലരും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. ചിലര്‍ക്ക് മറവി രോഗം, അവഗണിക്കപ്പെട്ട വാര്‍ദ്ധക്യത്തിന്റെ പരിഛദം എന്നുവേണെമെങ്കില്‍ പറയാം. ഇങ്ങനെ സ്വന്തക്കാരുടെ പരിചരണമില്ലാതെ ജീവിക്കുന്ന ഒട്ടേറെ പേര്‍ പെരുകി വരുന്നതായി കാണാം. ഇതോടൊപ്പം തന്നെ പരിചരിക്കാനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞു വരുന്നതും മറ്റൊരു കാരണമാണ്.

എന്നാല്‍ സ്‌നേഹിക്കുന്നവരെ മനപ്പൂര്‍വ്വം മറക്കാന്‍ പഠിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ വൃദ്ധജനങ്ങളെ മാറ്റി നിര്‍ത്തുന്ന സ്ഥിതിവിശേഷത്തിന് മാറ്റം വരേണ്ടിയിരിക്കുന്നു. അവരെ ഇനി നാലുചവരുകള്‍ക്കുള്ളില്‍ ഒതുക്കാതെ, ഏകാന്തതയുടെ തടവറയിലേക്ക് തള്ളിവിടാതെ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് തുറന്നു വിടണം. വൃദ്ധജനങ്ങളെ സംതൃപ്തിയോടെ പരിചരിച്ചാല്‍ നമുക്ക് അതില്‍ നിന്ന് ലഭിക്കുന്ന പാഠങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തിയാല്‍ നന്മയുടെ വേരുകള്‍ വരും തലമുറയില്‍ ആഴ്ന്നിറങ്ങുമെന്ന് ഉറപ്പാക്കാം. ഏകാന്തതയുടെ തടവറയില്‍ ജീവിക്കുന്നവരെ അഭ്രപാളികളില്‍ കണ്ട് കണ്ണു നിറയ്ക്കുന്നതിന് പകരം സ്വന്തം വൃദ്ധമാതാപിതാക്കളുടെ ദയനീയവസ്ഥയെ കുറിച്ച് ചിന്തിച്ച് അവര്‍ക്കായ് നമ്മുടെ ജീവിത യാത്രയോടൊപ്പം ഒരു ഇരിപ്പിടം ഒരുക്കുന്നതായിരിക്കും എപ്പോഴും അവരെ സന്തോഷിക്കുന്നതെന്ന് നാം തിരിച്ചറിയണം.