സ്വാശ്രയ കോളേജുകളുടെ തലവരി പണം: മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

single-img
30 September 2016

cm

തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ തലവരി പണം വാങ്ങുന്നത് സംബന്ധിച്ച ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇന്നലെയാണ് സ്വാശ്രയ കോളേജുകള്‍ തലവരി പണം വാങ്ങുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നത്.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും എന്നാല്‍ കോളേജ് നടത്താനാകാത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം പരിയാരത്തെ മെറിറ്റ് സീറ്റിലെ വര്‍ദ്ധനവ് കുറയ്ക്കില്ല. സ്വാശ്രയ കോളേജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് സഭയില്‍ അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച ആരോഗ്യമന്ത്രി തെളിവുകള്‍ സര്‍ക്കാരിന് കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയുടെ സിഡി സഭയില്‍ വച്ചു.

നിയമസഭയില്‍ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദനം അര്‍പ്പിക്കുന്നു

നിയമസഭയില്‍ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദനം അര്‍പ്പിക്കുന്നു

പ്രതിപക്ഷ എംഎല്‍എ വി ടി ബല്‍റാമാണ് ഈ വിശയത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത്. സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. തലവരിപ്പണം വാങ്ങുന്നതിന് തെളിവുണ്ടെന്നും മുഖ്യമന്ത്രി പറയുന്നത് പോലെ തോന്നലല്ലെന്നും ബല്‍റാം പരിഹസിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. അതേസമയം സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്(എം) അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ഇത്.

ഇന്നത്തെ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം സഹകരിച്ചിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ നിരാഹാര സമരം തുടരുകയാണ്. തിങ്കളാഴ്ച വരെ നിരാഹാരം തുടരാനാണ് തീരുമാനം. സഭയില്ലാത്ത നാളെയും ഞായറാഴ്ചയും നിയമസഭയുടെ പുറത്തെ കവാടത്തിലോ സെക്രട്ടേറിയറ്റിന് മുന്നിലോ ആയിരിക്കും സമരം. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ സ്പീക്കറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു.