ഷവോമിയുടെ രണ്ട് കിടിലന്‍ 5 എസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തി

xiaomi-mi-5-white-and-black

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ എല്ലാ സമവാക്യങ്ങളും ഷവോമി പൊളിച്ചടുക്കുകയാണ്. ചൈനയില്‍ നിന്നുള്ള ആപ്പിള്‍ ഫോണുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഷവോമി ഫോണുകളുടെ രണ്ട് പുത്തന്‍ മോഡലുകള്‍ കൂടി പുറത്തിറങ്ങി. എം ഐ 5 എസ്, എം ഐ 5 എസ് പ്ലസ് എന്നീ രണ്ട് ആന്‍ഡ്രോയിഡ് മോഡലുകളാണ് ഷവോമി സ്മാര്‍ട് ഫോണ്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ അല്‍പ്പം വലുപ്പക്കൂടുതലുള്ള എം ഐ 5 എസ് പ്ലസ് പിന്നില്‍ ഇരട്ട കാമറയും പിടിപ്പിച്ചാണ് ഈയിടെ പുറത്തിറങ്ങിയ ഐഫോണ്‍ 7 ശ്രേണിയിലെ ഫോണുകളെ വെല്ലുവിളിക്കാന്‍ ഷവോമി എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 821 സിസ്റ്റം ഓണ്‍ ചിപ്പ് പ്രോസസര്‍ ഘടിപ്പിച്ചെത്തുന്ന ഈ രണ്ട് ഫോണുകളും മൊബൈല്‍ ലോകത്ത് മികച്ച പ്രതികരണം സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഒരു ഇമേജ് സെന്‍സറും കളര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ മറ്റൊരു സെന്‍സറുമാണ് എം ഐ 5 എസ് പ്ലസിലുള്ളത്. 13 മെഗാപിക്‌സല്‍ വ്യക്തത നല്‍കുന്ന ഈ കാമറകളുടെ ഔട്ട്പുട്ട് ഫോട്ടോഗ്രാഫി പ്രേമികളെ വശീകരിക്കും.

തെളിച്ചമേറിയ ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള എഫ് 2.0 അപ്പേര്‍ച്ചര്‍, 4 മെഗാ പിക്‌സല്‍ സെല്ഫിഷൂട്ടറാണ് ഇരു ഫോണുകളിലുമുള്ളത്. 1080×1920 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഇവയുടേത്. എം ഐ 5 എസ് സ്മാര്‍ട്ട് ഫോണിന് 5.15 ഇഞ്ച് സ്‌ക്രീനാണുള്ളതെങ്കില്‍ എം ഐ 5 എസ് പ്ലസിന്റെ സ്‌ക്രീന്‍ 5.7 ഇഞ്ചാണ്. രണ്ടു നാനോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന ഈ രണ്ടുഫോണുകളും ഇന്ത്യയിലെ 4ജി ഉപയോഗത്തിന് പാകമാണ്.

12 മെഗാ പിക്‌സല്‍ പിന്‍ കാമറയുമായി എത്തുന്ന എം ഐ 5 എസ് സ്മാര്‍ട്ട് ഫോണിന് 3200 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. എം ഐ 5 എസ് പ്ലസ് അല്പം കൂടി ഉയര്‍ന്ന ശേഷിയുള്ള 3800 എം.എ.എച്ച് ബാറ്ററി പിടിപ്പിച്ചാണെത്തിയിരിക്കുന്നത്. 3 ജിബി, 4 ജിബി എന്നീ രണ്ട് റാം ഓപ്ഷനുകളില്‍ 5 എസ് എത്തുമ്പോള്‍ എം ഐ 5 എസ് പ്ലസിന്റെ റാം 4 ജിബി, 6 ജിബി എന്ന രണ്ടു വേരിയന്റുകളില്‍ ലഭ്യമാകും. ഇരു ഫോണുകള്‍ക്കും കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താന്‍ കഴിയാത്ത 64 ജിബി, 128 ജിബി എന്നീ രണ്ട് ആന്തരിക മെമ്മറി ഓപ്ഷനുകളാണുള്ളത്.

ഹോം ബട്ടണില്‍ തന്നെ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമായി എം ഐ 5 എസ് എത്തുമ്പോള്‍ പിന്നിലെ കാമറയ്ക്കു താഴെയാണ് എം ഐ 5 എസ് പ്ലസ് ഫോണുകളില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. എം ഐ 5 എസ് ഫോണിന്റെ ആദ്യ വേരിയന്റ് 20,000 രൂപയ്ക്കു ലഭിക്കുമ്പോള്‍ റാം ശേഷിയും ആന്തരിക സംഭരണ ശേഷിയും കൂടിയ മോഡല്‍ ഏകദേശം 22,900 രൂപയ്ക്കാകും ഇന്ത്യയിലെ ഉപയോക്താക്കളുടെ കൈകളിലെത്തുക. എം ഐ 5 എസ് പ്ലസിന്റെ അടിസ്ഥാന മോഡല്‍ 22,900 രൂപയ്ക്കും, ഉയര്‍ന്ന റാം ശേഷിയുള്ള വേരിയന്റ് 25,900 രൂപയ്ക്കും വാങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.