മിന്നലാക്രമണത്തിനിടെ എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചു, ഒരാളെ പിടികൂടി: പാക് മാധ്യമങ്ങളുടെ വാദം തെറ്റെന്ന് ഇന്ത്യന്‍ സൈന്യം

single-img
30 September 2016

indian_army_760x400

ഇന്ത്യ അതിര്‍ത്തി രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനിടെ എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും ഒരാളെ പിടികൂടിയെന്നുമുള്ള പാകിസ്ഥാന്‍ മാധ്യമങ്ങളുടെ വാദം തെറ്റാണെന്ന് ഇന്ത്യന്‍ സൈന്യം. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഭീകരര്‍ തമ്പടിച്ചിരുന്ന ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തില്‍ നഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് സൈന്യം ഇപ്പോഴും പറയുന്നത്.

കൂടാതെ പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പിടിയിലായ സൈനികന്‍ രാഷ്ട്രീയ റൈഫിള്‍സിലെ അംഗമാണെന്നും ഇദ്ദേഹം മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സൈന്യം വിശദീകരിച്ചു. അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്നപ്പോഴാണ് ഈ സൈനികന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്. രണ്ട് ഭാഗത്തും സൈനികരോ ജനങ്ങളോ ഇത്തരത്തില്‍ നിയന്ത്രണരേഖ അബദ്ധത്തില്‍ കടക്കുന്നത് പതിവാണ്. അവരെ പിടികൂടുന്ന പതിവ് ഇക്കാലം വരെയും ഇരുഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

ഏതാനും പാക് മാധ്യമങ്ങളാണ് എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റുമാണ്. സൈനിക ഓപ്പറേഷന്‍സ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് പാകിസ്ഥാന്‍ സൈനിക ഓപ്പറേഷന്‍സ് മേധാവിയോട് പിടിയിലായ സൈനികനെ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും ഒരാളെ പിടികൂടിയെന്നും പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടതായാണ് ഇന്നലെ ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച രാത്രി നിയന്ത്രണ രേഖ കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ ഭീകരരുടെ ഏഴ് കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യയുടെ അവകാശവാദം യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കലാണെന്നാണ് പാക് സൈന്യം അവകാശപ്പെട്ടിരുന്നത്.