മോഹന്‍ലാലിന്റെ മകനും നായകനാകുന്നു; സംവിധാനം ജിത്തു ജോസഫ്

single-img
30 September 2016

pranav

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും മലയാള സിനിമയില്‍ നായകനായി രംഗപ്രവേശം ചെയ്യുന്നു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫ് ആണ്. ഊഴത്തിന് ശേഷം ജിത്തു ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന് ശേഷം ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഇതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശത്തില്‍ ജിത്തു ജോസഫിന്റെ സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു. അഭിനയത്തേക്കാള്‍ പ്രണവിന് താല്‍പര്യം സംവിധാനത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് പ്രണവ് ആയിരുന്നു. പിന്നീട് മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനിയില്‍ നായകനാകുകയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് മുഖംകാണിച്ചിരുന്നു.

മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ പ്രണവും അഭിനയരംഗത്തേക്ക് എത്തുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഏറെ നാള്‍ കാത്തിരുന്ന് ഇപ്പോഴാണ് അത് സംഭവിക്കുന്നത്. ദുല്‍ഖര്‍ ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ ഒരാളായി നില്‍ക്കുമ്പോള്‍ പ്രണവിന്റെ വരവും ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്.