കാള്‍ ഡ്രോപ്പ് തുടര്‍ന്നാല്‍ ജിയോയ്ക്ക് പണി കിട്ടും; മുന്നറിയിപ്പുമായി ട്രായ്

jio-android-apps-apk

ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന അവസ്ഥയിലാണ് ജിയോ; മറ്റു മൊബൈല്‍ സേവന ദാതാക്കളെല്ലാം ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടെ ട്രായിയും ജിയോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. കാള്‍ഡ്രോപ്പ് വിഷയത്തിലാണ് ട്രായ് ജിയോയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ സിം ഉപയോഗിക്കുന്ന മിക്കവരും അനുഭവിക്കുന്ന പ്രശ്‌നമാണ് കാള്‍ കണക്ട് ആവാത്തതും ഇടയ്ക്ക് വച്ച് കാള്‍ മുറിഞ്ഞു പോകുന്നതും. മികച്ച 4 ജി സേവനത്തിലൂടെ വിപ്ലവം സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ച ജിയോയ്ക്ക് വോയിസ് കാള്‍ സേവനം ഒരു കീറാമുട്ടിയായി മാറിയിരിക്കുകയാണ്.

ജിയോയില്‍ നിന്നും മറ്റു സിമ്മുകളിലേക്ക് വിളിക്കുന്ന കാളുകളില്‍ 80 മുതല്‍ 90 ശതമാനം കാളുകളും സഫലമാകുന്നില്ല എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ രീതിയില്‍ കാളുകള്‍ നഷ്ടമാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നാണു ട്രായ്‌യുടെ ഭാഷ്യം. നെറ്റുവര്‍ക്കുകള്‍ക്കിടയിലുള്ള പോയിന്റ് ഓഫ് ഇന്റര്‍ കണക്ഷന്‍ (പി.ഒ.ഐ) സൗകര്യത്തിന്റെ പോരായ്മയാണ് ഈ കാള്‍ ഡ്രോപ്പിനു പിന്നില്‍.

സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ ലഭ്യമായ ട്രാഫിക്കിന്റെ അടിസ്ഥാനത്തിലാണ് ട്രായ് ജിയോയുടെ കാള്‍ ഡ്രോപ്പ് ഉള്‍പ്പടെയുള്ള പരിമിതികള്‍ വിലയിരുത്തിയിരിക്കുന്നത്. ഈ പ്രശ്‌നം തുടര്‍ന്നാല്‍ അത് ജിയോയുടെ ലൈസന്‍സിനെ വരെ ബാധിക്കാന്‍ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ മികച്ച ഡാറ്റാ സേവനം നല്‍കാന്‍ ജിയോ എത്തിയത് മറ്റുള്ള കുത്തക കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായതിന്റെ പക കാളുകള്‍ ശരിയായി കണക്ട് ചെയ്യാന്‍ അനുവദിക്കാതെ തീര്‍ക്കുകയാണ് എന്നും ജിയോയെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

ജിയോയില്‍ നിന്നും ഒരു ദിവസം 12 കോടി കാളുകളാണ് ലക്ഷ്യം കാണാതെ പോകുന്നതെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ഈ സംഖ്യ വളരെ ഭീമമാണെന്നും എന്നാല്‍ ജിയോ നെറ്റ്‌വര്‍ക്കില്‍ തന്നെയുള്ള കാളുകള്‍ ഡ്രോപ്പ് ആകാത്തത് നെറ്റ്‌വര്‍ക്കിന്റെ ഇന്റര്‍കണക്ഷന്‍ ആണ് വില്ലനെന്ന് വ്യക്തമാക്കുന്നുവെന്നും ടെലകോം രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.