ബിഹാറിലെ സമ്പൂര്‍ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി

single-img
30 September 2016

nitish-kumar-pti_650x400_41463019809

പാട്‌ന: ബിഹാറില്‍ നിതിഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ മദ്യ നിരോധനം നിയമവിരുദ്ധമെന്ന് വിലയിരുത്തി പാട്‌ന ഹൈക്കോടതി റദ്ദാക്കി. ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ബില്‍- 2016 ആണ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്.

ഈ ബില്‍ അനുസരിച്ച് ഏതെങ്കിലും വീട്ടില്‍ നിന്നും മദ്യം കണ്ടെത്തിയാല്‍ ആ വീട്ടിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിയുണ്ട്. ബില്ലിലെ എല്ലാ വകുപ്പുകളും ജാമ്യമില്ലാ വകുപ്പുകളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ നിന്നും ജാമ്യമെടുക്കാതെ കോടതിയില്‍ ജാമ്യം തേടാനാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഇവയുള്‍പ്പെടെയുള്ള നിബന്ധനകള്‍ നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്.

സംസ്ഥാന നിയമസഭയുടെ ഇരു സഭകളും ബില്‍ പാസാക്കിതിനെ തുടര്‍ന്ന് സംസ്ഥാന ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് അനുമതി നല്‍കിയിരുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം വനിതാ വോട്ടര്‍മാര്‍ക്ക് മദ്യവിമുക്ത ബിഹാര്‍ എന്ന വാഗ്ദാനം നല്‍കിയാണ് നിതിഷ് സംസ്ഥാനത്ത് ആദ്യമായി തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തുന്ന മുഖ്യമന്ത്രിയായത്.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴേ ഈ പരുക്കന്‍ നിയമം മദ്യത്തിന്റെ വ്യാജ ഉല്‍പ്പാദനം വര്‍ദ്ധിക്കാന്‍ ഇടവരുത്തുമെന്നും വിഷമദ്യ ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം വിഷമദ്യം കുടിച്ച് 17 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. രാജ്യത്ത് ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള ബിഹാര്‍ ആണ് കേരളത്തിന് ശേഷം സമീപകാലത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനം.

മദ്യ നിരോധനം പ്രഖ്യാപിച്ച ഏപ്രില്‍ മുതല്‍ ഇതുവരെ 13,000 പേരാണ് ഇതിന്റെ പേരില്‍ അറസ്റ്റിലായത്. ഒട്ടനവധി പേര്‍ മദ്യം ലഭിക്കാതെ നിര്‍ജ്ജലീകരണം മൂലവും മറ്റും മരിക്കുകയും ചെയ്തു.