പാളങ്ങള്‍ തെറ്റുന്ന സുരക്ഷ

railway_station

‘വണ്ടി വണ്ടി നിന്നെപ്പോലെ വയറിലെനിക്കും തീയാണേ’ എന്ന ഗാനം പരിചയമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. ഇതുപോലെയാണ് ഇന്ന് ഓരോ വ്യക്തിയും ട്രെയിനില്‍ യാത്ര ചെയ്യുന്നത്. 1963ല്‍ ഡോക്ടര്‍ എന്ന ചിത്രത്തിലുള്ള ഈ മനോഹരമായ പാട്ടിന്റെ ഔചിത്യം ഇന്നാണ് കൂടുതല്‍ യോജിക്കുന്നത്.

കേരളത്തില്‍ തുടര്‍ച്ചയായി റെയില്‍ പാളത്തില്‍ വിള്ളല്‍ കാണുന്നതും ട്രെയിനുകള്‍ പാളം തെറ്റുന്നതും യാത്രക്കാരെ ഭയപ്പെടുത്തുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയത്, കരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളം തെറ്റിയത്, കോഴിക്കോട് കൊയിലാണ്ടിയില്‍ റെയില്‍വേ പാളത്തില്‍ സ്‌കൂട്ടര്‍ അട്ടിമറി ശ്രമം, മറ്റിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തിയത് ഇതെല്ലാം സുരക്ഷാ വീഴ്ച്ച മൂലമാണെ് തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെ വിചിത്രമായ കാര്യങ്ങളാണ് ഓരോദിവസവും മാധ്യമങ്ങളിലൂടെ പുറത്തേക്കു വരുന്നത്.

ഓഗസ്റ്റ് 28ന് നടന്ന സംഭവത്തില്‍ പ്രതിദിന ട്രെയിനിന്റെ 12 ബോഗികളാണ് തകര്‍ന്നത്. ആയിരത്തിലധികം യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട ബോഗികളില്‍ ഉണ്ടായിരുന്നു. ഏതാനും പേര്‍ക്ക് നിസ്സാരപരിക്കേറ്റതൊഴിച്ചാല്‍ വലിയ ദുരന്തമാണ് ഒഴിഞ്ഞുപോയത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ട്രയിന്‍ ഗതാഗതം സാധാരണ നിലയില്‍ പുന:സ്ഥാപിച്ചത്. എന്നാല്‍ ഇതിന്റെ ക്ഷീണം മാറുന്നതിന് മുന്‍പു ഇക്കഴിഞ്ഞ 20ാം തിയ്യതി ചരക്കുവണ്ടി കരുനാഗപ്പള്ളിയില്‍ പാളം തെറ്റി. ഒന്‍പതു വാഗണുകളാണ് നിശേഷം തകര്‍ന്നു പോയത്. 300 മീറ്ററിലേറെ പാളവും തകര്‍ന്നു. കാലപ്പഴക്കം ചെന്ന പാതകളാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതെങ്കിലും ട്രെയിനിന്റെ ചക്രങ്ങളിലെ അപാകതകളാണ് അപകടം ഉണ്ടാക്കിയതെന്നും വാദമുണ്ട്. ഒരു മാസത്തിനിടെ നടന്ന രണ്ടാമത്തെ അപകടമാണിത്. ഇതില്‍ നിന്നും ട്രെയിന്‍ യാത്രക്കാര്‍ എത്രമാത്രം സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന കാര്യം വ്യക്തമാകുന്നുണ്ട്.

റെയില്‍വേ പാളങ്ങളില്‍ അട്ടിമിറി ശ്രമം നടക്കുന്നതും വര്‍ദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്. നിസ്സാരമായി ആര്‍ക്കും എന്തു പ്രവര്‍ത്തിയും നടത്താന്‍ പാകത്തിനാണ് റെയില്‍വേ പാളങ്ങള്‍ എന്നതിന് ഇതില്‍പരം മറ്റൊരു ഉദാഹരണമില്ല. ഇതുപോലെ ട്രെയിനു നേരെ കല്ലെറുണ്ടാകുന്നതും ഒറ്റപ്പെട്ട സംഭവമല്ല. ഷണ്ടിങ്ങിനിടെ ബോഗികള്‍ വിട്ടുപോകുതും ഇടയ്ക്കിടെ സംഭവിക്കുന്നുണ്ട്.

പൊട്ടിപ്പൊളിഞ്ഞ ബോഗിയും, ശുചിത്വമില്ലായ്മയും, മോശം ഭക്ഷണവും, ബോഗികളിലെ സുരക്ഷയില്ലായ്മയും എല്ലാം സഹിച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായി. കാലോചിതമായ ഇടപെടല്‍ ഇല്ലാത്തതുക്കൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് റെയില്‍വേ വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതേ സമയം പാളങ്ങള്‍ പകുതിയിലേറെ കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലാണെന്നതടക്കം വിശദമായ റിപ്പോര്‍ട്ടുകള്‍ റെയില്‍വേയുടെയും സര്‍ക്കാരിന്റെയും കൈയിലുണ്ട്. പഴയ ബോഗികള്‍ സമയപരിധി നിശ്ചയിച്ച് മാറ്റണം, പാളങ്ങളും പാലങ്ങളും തുടര്‍ച്ചയായ ശാസ്ത്രീയ നിരീക്ഷണത്തിലായിരിക്കണം. നിസ്സാരമെന്നുതോന്നുന്ന സാങ്കേതിക പ്രശ്നങ്ങള്‍പോലും വന്‍ ദുരന്തത്തിന് കാരണമാകുന്നുവെന്ന ബോധം അധികൃതര്‍ക്ക് ഉണ്ടാകണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ വിള്ളലുകളും അട്ടിമറി ശ്രമങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ആരുടെയെങ്കിലുമൊക്കെ സമയോചിതമായ ഇടപെടല്‍ക്കൊണ്ട് വലിയ ദുരന്തങ്ങള്‍ ഒഴിവായി. റെയില്‍വേ പാളങ്ങളുടെ ആയുസ്സ് ഏകദേശം 25 വര്‍ഷമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ പഴക്കമുള്ള പാളങ്ങളിലൂടെയാണ് ഇപ്പോഴും ട്രെയിനുകള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ട്രെയിന്‍ യാത്ര ഓരോ വ്യക്തിക്കും പേടിസ്വപ്നമായി മാറുകയാണ്. എന്നാല്‍ വിള്ളല്‍ പരിഹരിക്കാതെ ട്രെയിന്റെ വേഗത കുറയ്ക്കാനാണ് റെയില്‍വേ ആവശ്യപ്പെടുന്നത്.

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ സുരക്ഷ ഉറപ്പാക്കുതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായ ഇടപെടല്‍ നടത്തണം എന്ന ആവശ്യമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. കേരളത്തില്‍ 300 സ്ഥലങ്ങളില്‍ പാളത്തില്‍ വിള്ളല്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഭീതി ജനിപ്പിക്കുന്ന ഒന്നാണ്. ട്രെയിന്‍ അപകടങ്ങള്‍ തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എല്ലാ റെയില്‍ ബജറ്റിലും പ്രഖ്യാപനമുണ്ടാകാറുണ്ട്. പഴക്കം ചെന്ന പാളങ്ങള്‍ ഒറ്റയടിക്ക് മാറ്റുന്നത് പ്രായോഗികമല്ലെങ്കിലും ഘട്ടംഘട്ടമായി ഇതെല്ലാം മാറ്റേണ്ടി വരും. ആധുനിക ട്രാക്ക് സംവിധാനം, ഭാരമേറിയ റെയില്‍, മെച്ചപ്പെട്ട വെല്‍ഡിംഗ്, സിഗ്‌നലിംഗ് പരിഷ്‌കരണം, റെയില്‍വേ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനം ഇതെല്ലാം എല്ലാവര്‍ഷവും എടുത്തു പറയാറുള്ളതാണ്. എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ എണ്ണക്കുറവും ജോലിക്കൂടുതലും ഇവിടെ യാത്രക്കാരുടെ ഉറക്കം കെടുത്തുകയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആരംഭിച്ച റെയില്‍വേ ഇന്ന് വലിയ തോതില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ഒരുലക്ഷത്തി പതിനായിരത്തിലേറെ കിലോമീറ്റര്‍ പാളവും ഏഴായിരത്തിലധികം സ്റ്റേഷനുമുള്ള പൊതുമേഖലയിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇന്ന് ഇന്ത്യന്‍ റെയില്‍വേ. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വര്‍ക്കുകകളില്‍ ഒന്നാണ് നമ്മുടേത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പാളം സംരക്ഷണത്തിന് കാര്യക്ഷമമായി നീങ്ങുക തന്നെ വേണം. മതിയായ രീതിയില്‍ റെയില്‍വേ വികസനം സംസ്ഥാനത്ത് ഉണ്ടാകാതെ പോകുന്നതാണ് ഇതിന്റെ പ്രധാന കാരണം. കേരളം ആഗ്രഹിക്കുന്ന രീതിയില്‍ റെയില്‍വേ വികസനം ഉണ്ടാകുന്നതിനോടൊപ്പം സുരക്ഷയും വര്‍ധിപ്പിക്കേണ്ടതാണ്.

 

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ഓര്‍ഗനൈസിംഗ് സെക്രട്ടറി ശാന്തിഗിരി ആശ്രമം