സംവിധായകന്‍ വിനയന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

single-img
29 September 2016

director-vinayan-jpg-image-784-410

കൊച്ചി: സിനിമാ സംഘടനകളായ ഫെഫ്ക്കയും അമ്മയും തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് കാണിച്ച് സംവിധായകന്‍ വിനയന്‍ നല്‍കിയ പരാതിക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊളളരുതെന്ന് കാണിച്ച് സംവിധായകരായ ബി. ഉണ്ണിക്കൃഷ്ണന്‍, കമല്‍,സിബി മലയില്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

2014 ലാണ് സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും അഭിനേതാക്കളുടെ സംഘടനയായ അമ്മയും വിലക്ക് ഏര്‍പ്പെടുത്തിയെന്ന് കാണിച്ച് വിനയന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ (സി.സി.ഐ) പരാതി നല്‍കിയത്

മുന്നൂറോളം പേജുളള റിപ്പോര്‍ട്ടില്‍ സംവിധായകന്‍ വിനയനെ തൊഴില്‍ ചെയ്യിക്കാതിരിക്കാനും വിലക്കാനും സംഘടനയെ ഉപയോഗിച്ചെന്നും ഫെഫ്കയുടെയും അമ്മയുടെയും നേതാക്കള്‍ വ്യക്തിപരമായി ഗൂഢാലോചന നടത്തിയെന്നും ഇന്ത്യന്‍ കോമ്പറ്റീഷന്‍ ആക്റ്റിന്റെ ലംഘനം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

കേസില്‍ ഒന്നര വര്‍ഷം കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിസിഐ അന്വേഷണം പൂര്‍ത്തിയാക്കുകയും 2015 നവംബര്‍ 11ന് ഫെഫ്ക, അമ്മ എന്നീ സംഘടനകളും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, ഫെഫ്ക നേതാക്കളായ ബി. ഉണ്ണിക്കൃഷ്ണന്‍, കമല്‍, സിദ്ദിഖ്, സിബി മലയില്‍ എന്നിവരും കുറ്റക്കാരാണെന്ന് കാണിച്ച് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

വിധി പുറപ്പെടുവിക്കുന്നതിന് മുന്‍പ് സി.സി.ഐ നല്‍കിയ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് കാണിച്ചായിരുന്നു ഹൈക്കോടതിയില്‍ ഫെഫ്ക നേതാക്കളും സംവിധായകരുമായ ബി.ഉണ്ണിക്കൃഷ്ണന്‍,കമല്‍, സിബി മലയില്‍, സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് ഹര്‍ജി നല്‍കിയത്.

ഇതാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയത്. ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അടുത്ത മാസം സി.സി.ഐയുടെ ഡല്‍ഹി കോടതിയില്‍ നിന്നും അന്തിമ വിധിയുണ്ടാകും.