കുഞ്ഞ് ഒന്ന്; രക്ഷിതാക്കള്‍ മൂന്ന്; ചരിത്രത്തിലേക്ക് ഈ ആണ്‍കുട്ടി

single-img
29 September 2016
ഡോ. ജോണ്‍ ഴാങ് കുട്ടിയുമൊത്ത്

ഡോ. ജോണ്‍ ഴാങ് കുട്ടിയുമൊത്ത്

മെക്സിക്കോ സിറ്റി: രണ്ടമ്മ, ഒരച്ഛന്‍! ഈ മകന്റെ ജന്മം ശാസ്ത്രലോകത്തെ പുതിയ നേട്ടമാകുന്നു. ശാസ്ത്രജ്ഞര്‍ പറയുന്നു, ”വന്‍ നേട്ടമാണിത്, വമ്പന്‍ വിപ്ലവം.” മൂന്നു രക്ഷിതാക്കളില്‍ പിറന്ന കുട്ടി ആരോഗ്യത്തോടെ കഴിയുന്നു. ദാതാവായ അമ്മയാണ് മാതാപിതാക്കളല്ലാത്ത മൂന്നാമത്തെയാള്‍.

നാല് തവണ ഗര്‍ഭം അലസിപോവുകയും രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചുപോവുകയും ചെയ്ത ജോര്‍ദാനിയന്‍ ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. അമ്മയുടെ ജീനിന്റെ തകരാറ് മൂലമായിരുന്നു ഈ ദമ്പതികള്‍ക്ക് ഉണ്ടായ കുട്ടികള്‍ മരിച്ചുപോവാനിടയായത്. ഇതിനുപരിഹാരമായി മൂന്നാമതൊരാളുടെ ജീന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തായിരുന്നു പുതിയ കുട്ടിയുടെ ജനനം. ന്യൂയോര്‍ക്ക് സിറ്റിയിലെ ന്യൂഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ ജോണ്‍ ഴാങ് എന്ന ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു കുട്ടിക്കായുള്ള ചികിത്സയും ജനനവും.

ഷാങ്ങ് മൈറ്റോകോണ്‍ഡ്രിയ രോഗക്കാരില്‍ പ്രത്യുത്പാദനത്തിന് ഈ ശാസ്ത്രീയ വിദ്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന് പല രീതിയുണ്ട്. ബ്രിട്ടനില്‍ നിലവിലുള്ള പ്രോ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്ന രീതിയില്‍, അമ്മയുടെയും ദാതാവായ അമ്മയുടെയും അണ്ഡങ്ങള്‍ അച്ഛന്റെ ബീജവുമായി ചേര്‍ക്കും. അണ്ഡങ്ങള്‍ ഭ്രൂണമാകുന്നതിനു തൊട്ടുമുന്‍പ്, അണ്ഡങ്ങളിലെ ഓരോ ന്യൂക്ലിയസുകള്‍ മാറ്റും. ദാതാവിന്റെ അണ്ഡത്തിലെ ഒരു ന്യൂക്ലിയസ് നിര്‍വീര്യമാക്കി അമ്മയുടെ അണ്ഡത്തിലെ ന്യൂക്ലിയസ് പകരം വെക്കും.

മൈറ്റോകോണ്‍ഡ്രിയയിലുണ്ടാകുന്ന പരമ്പരാഗത വൈകല്യങ്ങള്‍ 65,000 കുഞ്ഞുങ്ങളില്‍ ഒന്നിനെന്ന തോതില്‍ രോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും അത് 50ജനറ്റിക് രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇത് മൂലം നിരവധി സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാത്ത അവസ്ഥയുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പുതിയ ഐവിഎഫ് ടെക്നിക്കിലൂടെ മറികടന്ന് ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ മാതാവിന്റെ തകരാറുള്ള മൈറ്റോകോണ്‍ഡ്രിക്ക് പകരം മറ്റൊരാളുടെ അണ്ഡത്തില്‍ നിന്നുമുള്ള മൈറ്റോകോണ്‍ഡ്രിയ എടുത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ വിവിധ തുറകളില്‍ നിന്നും ധാര്‍മികപരമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.