സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും

single-img
29 September 2016

school

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുളള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിപിഐ വഴിയാണ് പദ്ധതി നടപ്പിലാക്കുക. അപകടമരണത്തിന് 50,000 രൂപയും ചികിത്സാസഹായമായി 10,000 രൂപ വരെയും ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

വിദ്യാഭ്യാസവകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയിതര ഇനത്തില്‍ 50 ലക്ഷത്തോളം രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ അരലക്ഷം രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തും. ഇതിന്റെ പലിശ തുടര്‍പഠനത്തിന് ഉപയോഗിക്കാം.
കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ 15 ഏക്കര്‍ റവന്യൂ ഭൂമിയുടെ ഉപയോഗാനുമതി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് നല്‍കും. സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗത്വമുളള ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടര്‍, എല്‍സിഡി പ്രൊജക്ടര്‍, വൈ-ഫൈ, മൈക്ക്‌സെറ്റ് എന്നിവ വാങ്ങുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാന്‍ അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 150 തസ്തികകളും വാണിജ്യനികുതി വകുപ്പില്‍ നാല് ഡെപ്യൂട്ടി കമ്മിഷണര്‍, 12 അസിസ്റ്റന്റ് കമ്മിഷണര്‍ തസ്തികകളും പുതുതായി സൃഷ്ടിക്കും. ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 01-07-2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിക്കും.