നായ്ക്കളെ കൊന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കണം; കെ എം മാണിക്ക് പേറ്റയുടെ കത്ത്‌

single-img
29 September 2016

stray-dogs-youth-front-jpg-image-784-410

കൊച്ചി: കോട്ടയത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ യൂത്ത് ഫ്രണ്ട്(മാണി വിഭാഗം) പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കെ എം മാണിക്ക് മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്(പേറ്റ)ന്റെ നിര്‍ദ്ദേശം. നായ്ക്കളെ കൊല്ലാനുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കര്‍ശന പോലീസ് നടപടി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പോഷക സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് രേഖാമൂലമാണ് പേട്ട ആവശ്യപ്പെട്ടത്. പത്തോളം തെരുവുനായ്ക്കളെയാണ് യൂത്ത് ഫ്രണ്ട്(എം) പ്രവര്‍ത്തകര്‍ കൊന്നൊടുക്കിയത്. ഇതില്‍ ഏതാനും നായ്ക്കളുടെ മൃതദേഹങ്ങള്‍ ഒരു വടിയില്‍ കെട്ടിയിട്ട് കോട്ടയം നഗരത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പുറത്താക്കപ്പെടുന്ന പ്രവര്‍ത്തകരെ തിരിച്ച് പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മികച്ച മനശാസ്ത്ര ചികിത്സയ്ക്ക് വിധേയരാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

മൃഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ കടുത്ത മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണമാണെന്നും കത്തില്‍ പറയുന്നു. മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നവര്‍ പിന്നീട് കുട്ടികളോടും സ്ത്രീകളോടും മറ്റുള്ളവരോടും ക്രൂരമായി പെരുമാറുമെന്ന് മനശാസ്ത്രത്തിലും ക്രിമിനോളജിയിലും നടന്ന ഗവേഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പേട്ടയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് കോ-ഓര്‍ഡിനേറ്റര്‍ മീറ്റ് അഷര്‍ ആണ് കത്തില്‍ ഒപ്പ് ഇട്ടിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയനും അയച്ചിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ പതിനഞ്ച് യൂത്ത് ഫ്രണ്ട്(എം) പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കൊന്ന നായ്ക്കളെ വടിയില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ചത്. തെരുവു നായ്ക്കളുടെ വര്‍ദ്ധനവിലും ഇതില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ നിലപാടിലും പ്രതിഷേധിച്ചാണ് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.