ലൈംഗിക ആരോപണം: ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വിനയകുമാരന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു

single-img
28 September 2016

vinayakumaran-nair

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍ വിനയകുമാരന്‍ നായരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം റാവിസ് ഹോട്ടലില്‍ നടന്ന ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പോലീസിംഗ് കോണ്‍ഫറന്‍സില്‍ അവതാരകയായിരുന്ന യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

കോണ്‍ഫറന്‍സിന്റെ അവസാന ദിവസമായിരുന്ന കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം യുവതി അന്ന് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് എബ്രഹാം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിനയകുമാരന്‍ നായരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ഡിജിപി ലോക്‌നാഥ് ബഹ്ര കൊല്ലം റൂറല്‍ എസ്പി അജീത ബീഗത്തെ വിശദമായ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.

പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇയാള്‍ യുവതിയെ ശല്യപ്പെടുത്തുകയും മൊബൈല്‍ നമ്പരും വാട്‌സ്ആപ്പ് നമ്പരും ചോദിക്കുകയുമായിരുന്നു. വേദിയിലുണ്ടായിരുന്ന അജീത ബീഗം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിവരം അറിഞ്ഞപ്പോഴേക്കും ഇയാള്‍ വേദി വിട്ട് പോയിരുന്നതായും മനോജ് എബ്രഹാമിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. വിനയകുമാരന്‍ നായരുടെ പെരുമാറ്റം യുവതിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം യുവതി രേഖാമൂലമുള്ള പരാതിയല്ല നല്‍കിയിരിക്കുന്നത്. കോണ്‍ഫറന്‍സില്‍ ഇയാള്‍ പങ്കെടുക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹത്തിന് അതിന്റെ ഔദ്യോഗിക ചുമതലകളൊന്നും നല്‍കിയിരുന്നില്ലെന്നും എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ശരിവച്ചുകൊണ്ടുള്ള അജീത ബീഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. പ്രഥമദൃഷ്ട്യാ ഇയാള്‍ കുറ്റക്കാരനാണെന്ന് തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാതിരിക്കാന്‍ ആകില്ലെന്നും അജീത ബീഗം ഇ-വാര്‍ത്തയോട് പറഞ്ഞു.