കോഴ വാങ്ങാന്‍ കോളേജുകള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തത് യുഡിഎഫ് സര്‍ക്കാര്‍; കോഴ വാങ്ങല്‍ അവസാനിച്ചതില്‍ അസ്വസ്ഥരായവര്‍ക്കു വേണ്ടിയാണു സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി

single-img
28 September 2016

pinarayi-vijayan

തിരുവനന്തപുരം: കോഴ വാങ്ങാന്‍ കോളേജുകള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴ വാങ്ങല്‍ അവസാനിച്ചതില്‍ അസ്വസ്ഥരായവര്‍ക്കു വേണ്ടിയാണു സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ പ്രശ്നത്തില്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

അഡ്മിഷനായി മുമ്പ് എട്ടു ലക്ഷം രൂപ കൊടുക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടര ലക്ഷം കൊടുത്താല്‍ മതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ 25,000 രൂപ കൊടുത്താല്‍ മതി. സീറ്റു വര്‍ധന സാമ്പത്തികമായും മറ്റും പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണു ഗുണകരമായത്. പല പേരുകളില്‍ കോഴ വാങ്ങാനുള്ള അവസരമാണു സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇതിലെന്തിനാണ് അസ്വസ്ഥതയെന്നും പിണറായി ചോദിച്ചു. ഫീസിന്റെ തുകയില്‍ വര്‍ധനയുണ്ടായില്ലെങ്കിലും ഈയിനത്തില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. കൂടുതല്‍ കോളേജുകള്‍ കരാറില്‍ ഒപ്പുവച്ചതോടെ സീറ്റുകളുടെ എണ്ണം കൂടി. കൂടുതല്‍ കുട്ടികള്‍ക്ക് 25,000 രൂപയ്ക്കു പഠിക്കാന്‍ അവസരമുണ്ടായി. മുമ്പു പത്തോളം കോളേജുകള്‍ മാത്രമായിരുന്നു കരാര്‍ ഒപ്പിട്ടത്. ഇപ്പോള്‍ അതു 20 കോളേജായി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ കുട്ടികള്‍ക്കു പഠിക്കാന്‍ കഴിയുന്നതില്‍ എന്തിനാണ് യുഡിഎഫ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.

സ്വന്തം നിലയില്‍ ഫീസ് ഈടാക്കാന്‍ പല മാനേജ്മെന്റുകളെയും കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത്തവണ അതും ഒഴിവാക്കി. പണത്തിന്റെ ബലത്തില്‍ മാത്രം പ്രവേശനം നടത്തുന്ന അവസ്ഥ മാറി. മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തവണ പ്രവേശനമെന്നും പിണറായി വ്യക്തമാക്കി.

മാനേജ്മെന്റുകള്‍ മുമ്പ് എടുത്ത നിലപാടുകള്‍ കാശു വാങ്ങി പ്രവേശനം എന്നായിരുന്നു. ഇപ്പോള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമാണു പ്രവേശനം. അമിത ഫീസ് കൊടുത്തു പഠിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതാണു സര്‍ക്കാര്‍ നയം. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതു മനസിലായിട്ടുണ്ട്. അതിനാല്‍ തന്നെ പൊതുസമൂഹം ഇതിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംഘാടകര്‍ക്കു സ്വാഭാവികമായി വിഷമമുണ്ടാകും. അതുകൊണ്ടാണു നിയമസഭയ്ക്കകത്തു സഭാനടപടികള്‍ അലങ്കോലപ്പെടുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതും.

കോഴ നല്ലതു പോലെ വാങ്ങുന്ന മാനേജ്മെന്റുകള്‍ക്കു നല്ല സമീപനം യുഡിഎഫ് സര്‍ക്കാരില്‍ നിന്നു ലഭിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പരിരക്ഷയും എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടില്ല എന്ന് അവര്‍ക്കു മനസിലായിട്ടുണ്ട്. കരാറില്‍ നിന്നു പിന്മാറാന്‍ കോളേജുകള്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യവിരുദ്ധമായി സഭയില്‍ കുഴപ്പം കാണിക്കുന്നതിനാണു പ്രതിപക്ഷം ശ്രമിച്ചത്. ഇതില്‍ നിന്നും കോണ്‍ഗ്രസിന്റെ താല്‍പര്യമെന്താണെന്ന് മനസിലാക്കാം. സമരത്തിനു ജനപിന്തുണയില്ല. സഭാനടപടികള്‍ അലങ്കോലപ്പെടുത്തുന്നതിലൂടെ സമരത്തെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു പ്രതിപക്ഷത്തിന്റെ ശ്രമം.

അക്രമാസക്തമായ സമരം നടന്നപ്പോള്‍ അവരെ പിരിച്ചുവിടുന്നതിനു വേണ്ടിയുള്ള ടിയര്‍ ഗ്യാസ് ഷെല്ലുകളും ഗ്രനേഡുകളും ഉപയോഗിച്ചു. പന്തലിലേക്കു കാറ്റടിച്ചപ്പോള്‍ പുക അടിച്ചിട്ടുണ്ടാകും. ഗ്രനേഡാക്രമണമൊന്നും പന്തലിനു നേര്‍ക്ക് ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ ഉന്നയിക്കുന്നതു തങ്ങള്‍ക്കു ഭൂഷണമാണോ എന്നു പ്രതിപക്ഷം ചിന്തിക്കണം.

ഒരു വശത്തു സഭയുടെ നടപടികള്‍ അലങ്കോലപ്പെടുത്തുക. അതോടൊപ്പം തെരുവില്‍ ആക്രമണം നടത്തുക എന്ന രീതി ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ഏറ്റവും പരിഹാസ്യമായ കാര്യം ഇന്നത്തെ ഹര്‍ത്താലാണ്. ഹര്‍ത്താല്‍ നടത്തേണ്ട ഘട്ടത്തില്‍ നടത്തേണ്ടി വരും. എന്നാല്‍, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണല്ലോ ഹര്‍ത്താലിനെതിരെ ബില്‍ കൊണ്ടുവന്നത്. ഉപവാസവും കോടതിയെ സമീപിക്കലും നിയമനിര്‍മ്മാണം നടത്തല്‍ പ്രഹസനവുമൊക്കെ നടത്തിയവരാണല്ലോ ഇപ്പോള്‍ ഹര്‍ത്താല്‍ നടത്താന്‍ ഇറങ്ങിയിരിക്കുന്നത്. ഇവരുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഭരണകാലത്തു സമരരംഗത്തുള്ള യുവജനങ്ങളുടെ തല സമരപ്പന്തലില്‍ വരെ കയറി തല്ലിപ്പൊളിച്ചവരായിരുന്നു യുഡിഎഫ്. ഇന്നു പൊലീസുകാര്‍ക്കാണു പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരാണു ഡീന്‍ കുര്യാക്കോസിനെയും മഹേഷിനെയുമൊക്കെ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതാണു മാറ്റം. ഇതാണു വി എം സുധീരനെ പോലുള്ളവര്‍ കാണേണ്ടതെന്നും പിണറായി പറഞ്ഞു