വിലയ്ക്ക് വാങ്ങുന്ന നിശബ്ദതയാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ ശാപം: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ്

single-img
28 September 2016

joshy-joseph1

തിരുവനന്തപുരം: വിലയ്ക്ക് വാങ്ങുന്ന നിശബ്ദതയാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ ശാപമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ്. സ്വദേശാഭിമാനി പത്രം കണ്ടുകെട്ടി പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ നാട്കടത്തിയതിന്റെ 106- വാര്‍ഷികദിനത്തോടനുബന്ധിച്ച് ”കോര്‍പ്പറേറ്റ് വത്കരിക്കപ്പെട്ട മാധ്യമരംഗത്ത് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ സാധ്യത’ എന്ന വിഷയത്തെക്കുറിച്ച് സ്വദേശാഭിമാനി മാധ്യമ പഠന കേന്ദ്രം സംഘടിപിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും കുത്തക വ്യവസായികളുടെയും അവിശുദ്ധ ബന്ധങ്ങളുടെ നേര്‍ചിത്രം സ്വദേശാഭിമാനി മാധ്യമപഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളോട് അദ്ദേഹം സംവദിക്കുകയുണ്ടായി. ജോസി ജോസഫ് തുറന്നുവിട്ട പാര്‍ലമെന്റെ അംഗങ്ങളുടെ യാത്രാബത്ത കുംഭകോണം, 2ജി സ്‌പെക്ട്രം, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് തിരിമറി, ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി തട്ടിപ്പ്, നിധിന്‍ ഗഡ്കരിയുടെ പണമിടപാടുകള്‍, നേവല്‍ രഹസ്യ ചോര്‍ച്ച കേസ്, അമേരിക്കയുടെ അഫ്ഗനിസ്ഥാന്‍, പാകിസ്ഥാന്‍, കാശ്മീര്‍ ഇടപാടുകള്‍ തുടങ്ങി നിരവധി പഴുതടച്ച പത്ര വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമ രംഗത്തിന്റെ ശക്തിയും വിശ്വാസ്യതയും അരക്കിട്ട് ഉറപ്പിക്കുവാന്‍ ചെറുതായൊന്നുമല്ല സഹായിച്ചത്.

ജോസി ജോസഫ് തന്റെ രണ്ട് ദശാബ്ദക്കാലത്തെ ആംഗലേയ പത്രപ്രവര്‍ത്തനത്തിനിടയില്‍ എഴുതിയിട്ടും വെളിച്ചം കാണിക്കാനാകാത്ത തന്റെ നൂറുകണക്കിന് വാര്‍ത്തകളുടെ ശവപ്പെട്ടിയില്‍ നിന്നും പ്രശസ്ത പ്രസാധകരായ ഹാര്‍പ്പിന്‍ കോളിന്‍സ് ഈ അടുത്തിടെ പ്രസിദ്ധീകരിച്ച ‘എ ഫീസ്റ്റ് ഓഫ് വള്‍ചേഴ്‌സ് (കഴുകന്മാരുടെ വിരുന്ന്)’ എന്ന പുസ്തകം ഇതിനകം തന്നെ പ്രസാധകനും ഗ്രന്ഥകര്‍ത്താവിനുമെതിരെ ഒട്ടനവധി മാനനഷ്ട കേസുകളും ഭീഷണിയും നേടിയെടുത്തു കഴിഞ്ഞു.

പലപ്പോഴും പത്രലേഖകരെയും പ്രസാധകരേയും വ്യാകുലപ്പെടുത്തുന്നത് വ്യാപകമായി പൊതുജനങ്ങളെ ഹനിക്കുന്ന സംഭവങ്ങളെകുറിച്ചുള്ള വാര്‍ത്തകളില്‍ മൗനംപാലിക്കേണ്ടി വരുമ്പോഴാണ്. ചിലരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്നത്തെ ‘ 5 രൂപയ്ക്ക് വില്‍ക്കേണ്ടി വരുന്ന പത്രങ്ങള്‍ക്ക് സ്വന്തം നിലനില്‍പ്പിന് വേണ്ടി ഇത്തരം കൊള്ളരുതായ്മകള്‍ക്ക് മുന്നില്‍ മൗനം പാലിക്കേണ്ടതായി വരുന്നു.

നല്ല പത്രങ്ങള്‍ മുപ്പതോ അന്‍പതോ രൂപയ്ക്ക് പത്രങ്ങള്‍ വില്‍ക്കുകയും ശുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ മനസ്സിരുത്തിയാല്‍ അത്തരം പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വായിക്കുവാന്‍ നല്ല വായനക്കാരുമുണ്ടാകും. അവിടെ എത്രപേര്‍ വാങ്ങിച്ചു എന്ന കണക്കല്ല ആരൊക്കെ വായിച്ചു എന്ന കണക്കിനായിരിക്കും പ്രസക്തി. ഇതാണ് പുറംരാജ്യങ്ങളിലെ പ്രവണത. ഇന്ത്യയില്‍ അച്ചടിക്ക് മാത്രം 25ഉം 30ഉം രൂപ ചിലവുള്ള പത്രങ്ങള്‍ 5 രൂപയ്ക്ക് വില്‍ക്കേണ്ടി വരുമ്പോള്‍ അടിയറവു പറയേണ്ടി വരുന്നത് മാധ്യമങ്ങളില്‍ വായനക്കാര്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെയാണ്. അപ്പോള്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് അല്ലെങ്കില്‍ അവരുടെ വ്യവസായ താത്പര്യങ്ങള്‍ക്ക് ഹാനിയാകുന്ന വാര്‍ത്തകളെ മാധ്യമങ്ങള്‍ക്ക് വിഴുങ്ങേണ്ടി വരും അത്തരം ചില വാര്‍ത്തകള്‍ വിഴുങ്ങുന്നതിനു 3 കോടി രൂപ വരെ തനിക്ക് വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു എന്ന് ജോസി ജോസഫ് പറഞ്ഞു.

ഒളി ക്യാമറ റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെ ചോദ്യത്തിന് താന്‍ ഒരിക്കലും ഒളി ക്യാമറ ഉപയോഗിച്ചിട്ടില്ലെന്നും എന്നും തന്റെ ലേഖന രീതി പഴുതടച്ചു സമാഹരിച്ചിട്ടുള്ള വസ്തുതകളുടെയും സാക്ഷികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഇല്ലെങ്കില്‍ ശക്തരായ കുറ്റവാളികളെക്കാള്‍ കൂടുതല്‍ കാലം താന്‍ അഴിയെണ്ണേണ്ടി വരുമായിരുന്നുവെന്ന് ജോസി ജോസഫ് തമാശ രീതിയില്‍ പ്രസ്താവിച്ചു.

ഇന്നത്തെ ചിലവേറിയ തിരഞ്ഞെടുപ്പുകള്‍ ഭരണത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികളെ വന്‍കിട കച്ചവടക്കാരുടെ ദാസന്‍മാരാക്കിയിരിക്കും. ഇന്ത്യ ഭരിക്കുന്നത് വെറും ആയിരത്തില്‍ താഴെ ആളുകളാണ്. ഇതില്‍ ഒന്നില്‍ മൂന്ന് വന്‍കിട കച്ചവടക്കാരും ബാക്കിയുള്ളവര്‍ അവരുടെ സഹായത്തോടെ പാര്‍ലമെന്റിലേക്ക് കടന്നു കയറിയവരുമാണ്. നിയമ നിര്‍മ്മാണ സഭകള്‍ ഈ കച്ചവടകുത്തകകള്‍ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. ഈ അവസ്ഥ മാറുവാന്‍ അധികം സമയം വേണ്ട.

ഇന്ന് ഇന്ത്യയുടെ ജനസംഖ്യയുടെ ഭൂരിപക്ഷം 25 വയസ്സില്‍ താഴെയുള്ള യുവാക്കളാണ്. ഈ യുവത്വം പഴയ കാല കുതിരക്കച്ചവടങ്ങള്‍ സഹിക്കണമെന്നില്ല. നവ മാധ്യമങ്ങളിലൂടെ ഇന്നു പുറത്തു വരുന്ന എതിര്‍പ്പുകള്‍ ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും, ജോസി ജോസഫ് പറഞ്ഞു.

സ്വദേശാഭിമാനി മാധ്യമ പഠന കേന്ദ്രത്തില്‍ സംവദിക്കാന്‍ ലഭിച്ച അവസരം തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു മുഹൂര്‍ത്തമായിരുന്നുവെന്ന് ജോസി ജോസഫ് പ്രസ്താവിച്ചു. ചടങ്ങില്‍ പ്രൊഫസര്‍ വി.കെ ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പഠന കേന്ദ്രത്തിന്റെ ചെയര്‍മാന്‍ എ.കെ സുഹൈര്‍, ഡയറക്ടര്‍മാരായ സബീന്‍ ഇക്ബാല്‍, രാം കമല്‍ എന്നിവരും കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് ശ്രീ. റഹീമും ചടങ്ങില്‍ പ്രസംഗിച്ചു.