ഷവോമിയുടെ ആന്‍ഡ്രോയിഡ് 4കെ സ്മാര്‍ട്ട് ടിവി വരുന്നു

xiaomi_1474960267940

ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ടിവികളിലെ പുത്തന്‍ താരോദയം; 4കെ പിന്തുണയുള്ള ടിവി ഷവോമി പുറത്തിറക്കി.

എം ഐ ടിവി 3 എസ് എന്ന പേരില്‍ 55 ഇഞ്ച്, 65 ഇഞ്ച് എന്നീ വലിപ്പങ്ങളിലാകും ഷവോമിയുടെ 4കെ ടിവികള്‍ വിപണിയിലെത്തുന്നത്. 178 ഡിഗ്രി വ്യൂവിങ് ആംഗിള്‍ നല്‍കുന്ന ടിവിക്ക് 9 .3 എം.എം കനം മാത്രമാണുള്ളത്.

എല്‍ ജി, സാംസങ് എന്നീ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരുടെ ഡിസ്പ്ലേകള്‍ ആണ് ഈ ടിവികള്‍ക്ക് കരുത്ത് പകരുക. 55 ഇഞ്ച് ടിവിയില്‍ എല്‍ ജിയുടെയും 65 ഇഞ്ച് ടിവിയില്‍ സാംസങ്ങിന്റേയും ഡിസ്‌പ്ലേ പാനലാണ് ഉപയോഗിച്ചിരിക്കുന്നത്.

ഷവോമിയുടെ രണ്ട് പുത്തന്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയ വേദിയില്‍ തന്നെയാണ് 4കെ ടിവികളുടെ അവതരണവും ഷവോമി നടത്തിയത്. 8 എം.എസ് ഡൈനാമിക് റെസ്‌പോണ്‍സ് നല്‍കുന്ന ടിവി, 5000:1 കോണ്‍ട്രാസ്റ്റ് റേഷ്യോ പിന്തുണയ്ക്കുന്നു. 85% എന്‍ ടി എസ് സി നിറവ്യാപ്തി നല്‍കുന്ന ടിവി ക്വാഡ് കോര്‍ 64 ബിറ്റ് എ.എം ലോജിക്ക് പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

ഷവോമി പുറത്തിറക്കിയ എംഐ ടിവി-3 എസിന്റെ അടിസ്ഥാന മോഡലായ 55 ഇഞ്ച് വേരിയന്റ് ഏകദേശം 35,000 രൂപയ്ക്കും, 65 ഇഞ്ച് വേരിയന്റ് ഏകദേശം 49,000 രൂപയ്ക്കും ഇവയുടെ ഹോം തിയേറ്റര്‍ പതിപ്പ് ഏകദേശം 60000 രൂപയ്ക്കുമാണ് ഇന്ത്യന്‍ വിപണിയിലെത്തുക.

3840×2160 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന സ്‌ക്രീനോട് കൂടിയ ഈ സ്മാര്‍ട്ട് ടിവികളില്‍ 2 ജിബി റാം, 8 ജിബി ആന്തരിക സംഭരണശേഷി എന്നിവയാണുള്ളത്. വൈഫൈ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി സൗകര്യമുള്ള ടിവി എച്ച് ഡി ആര്‍ ചിത്രങ്ങളെയും പിന്തുണയ്ക്കും.