ബി.ജെ.പി ദേശീയ സമ്മേളനത്തിനു ശേഷമുള്ള കടപ്പുറത്തെ മാലിന്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; മാധ്യമ വിദ്യാര്‍ഥിക്ക് സംഘപരിവാര്‍ ഭീഷണി

single-img
28 September 2016
ഷമീര്‍ കാസിമിന്റെ വീഡിയോയുടെ തുടക്കം

ഷമീര്‍ കാസിമിന്റെ വീഡിയോയുടെ തുടക്കം

കോഴിക്കോട്: കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ സമ്മേളനത്തിനു ശേഷമുള്ള കടപ്പുറത്തെ മാലിന്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച യുവാവിന് സംഘപരിവാര്‍ ഭീഷണി. കോഴിക്കോട് എം.ബി.എല്‍ മീഡിയ സ്‌കൂള്‍ വിദ്യാര്‍ഥി ഷമീര്‍ കാസിമിനുനേരെയാണ് ഭീഷണി.

ശനിയാഴ്ച പരിപാടി നടന്ന വേദിയിലെ മാലിന്യത്തിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച രാവിലെയാണ് പകര്‍ത്തി ഷമീര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ‘സ്വച്ഛ്ഭാരത് കാമ്പയിന്റെ പിതാവ് നരേന്ദ്രമോദി വന്നതിനുശേഷം കോഴിക്കോട് കടപ്പുറം’ എന്ന വിശേഷണത്തോടെയിട്ട ഈ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതോടെയാണ് ഭീഷണിയുണ്ടായതെന്ന് ഷമീര്‍ പറഞ്ഞു.

മാലിന്യങ്ങള്‍ വൃത്തിയാക്കുമെന്ന് കരുതി ഞായറാഴ്ച ഉച്ചവരെ കാത്തിരുന്നു. എന്നിട്ടും വൃത്തിയാക്കാതായതോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും ഷമീര്‍ പറയുന്നു. ഈ സംഭവത്തിനുശേഷം തന്നെ ഒരു പൊളിറ്റിക്കല്‍ വ്യൂവില്‍ ബ്രാന്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഒരു മാധ്യമ വിദ്യാര്‍ഥിയെന്ന നിലയില്‍ മാത്രമാണ് താന്‍ ആ പോസ്റ്റിട്ടതെന്നും ഷമീര്‍ വ്യക്തമാക്കി. മോദിയുടെ സ്ഥാനത്ത് മറ്റേത് പാര്‍ട്ടിയുടെ നേതാവായിരുന്നെങ്കിലും താനിതു ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ പൂക്കോട്ടുപാടത്ത് ചൊവ്വാഴ്ച രാത്രി ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഷമീറിനെതിരെ പ്രതിഷേധ ജാഥ നടത്തിയിരുന്നു. ‘കയ്യുവെട്ടും കാലുവെട്ടും’ എന്നിങ്ങനെയുള്ള പരസ്യമായ ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു ജാഥ. ഷമീറിന്റെ ചിത്രത്തിനൊപ്പം ‘ഇവന്‍ നിലമ്പൂരാണ്. നിലമ്പൂരില്‍ എവിടെക്കണ്ടാലും ശരിയാക്കിക്കൊള്ളൂ’ എന്ന കുറിപ്പും ചേര്‍ത്ത് പല ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളും വഴി പ്രചരിപ്പിക്കുകയാണ്.

സെപ്റ്റംബര്‍ 25ന് ഉച്ചയോടെയാണ് ഷമീര്‍ വീഡിയോ പോസ്റ്റു ചെയ്തത്. വീഡിയോ ഇതിനകം 27000 പേര്‍ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.