ക്ഷമ പരീക്ഷിക്കരുത്: പാക്കിസ്ഥാനെതിരെ ഇന്ത്യ അധികകാലം സംയമനം പാലിക്കില്ലെന്നു യുഎസ് മാധ്യമം

single-img
28 September 2016

modisharif

വാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരെ ഇന്ത്യ അധികകാലം സംയമനം പാലിക്കില്ലെന്നു യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. സംയമനം പാലിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന നയമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് എല്ലാക്കാലവും തുടരുമെന്ന് പാക്കിസ്ഥാന്‍ കരുതുന്നു. എന്നാല്‍ അത് അങ്ങനെ അല്ല. പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയെന്ന മോദിയുടെ വാഗ്ദാനത്തെ നിരസിച്ചാല്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ നീചത്വ രാജ്യമായി പാക്കിസ്ഥാന്‍ മാറുമെന്നും യുഎസ് ദിനപത്രമായ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക്ക് സൈന്യം ആയുധധാരികളെ അയക്കുന്നുണ്ട് ഇത് വീണ്ടും തുടരുകയാണെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തമായ നടപടികള്‍ സ്വീകരിക്കും. അതു സൈനിക നീക്കത്തിലൂടെയല്ല, മറിച്ച് മറ്റു പല മാര്‍ഗങ്ങളിലൂടെയാകും. സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള നീക്കവും വ്യാപാര ഇടപാടുകളില്‍ പാക്കിസ്ഥാനുള്ള അഭിമതരാഷ്ട്ര പദവി പുനഃപരിശോധിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.

യുദ്ധമുഖത്തിലേക്ക് നീങ്ങാതെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താനാണ് മോദി ശ്രമിച്ചതെന്നും പത്രം വ്യക്തമാക്കുന്നു.