Breaking News, Latest News

ഹര്‍ത്താലില്‍ പരക്കെ അക്രമം; കെഎസ്ആര്‍ടിസി ഡിപ്പോയിലെ കമ്പ്യൂട്ടര്‍ തകര്‍ത്തു

സമരക്കാര്‍ ബസുകള്‍ തടഞ്ഞിട്ടിരിക്കുന്നു
സമരക്കാര്‍ ബസുകള്‍ തടഞ്ഞിട്ടിരിക്കുന്നു

കഴക്കൂട്ടത്തും ശ്രീകാര്യത്തും വാഹനങ്ങള്‍ തടഞ്ഞു
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്
പാറശാലയില്‍ എ ടി ജോര്‍ജ്ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ വന്‍തോതില്‍ അക്രമം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ സര്‍ക്കാര്‍ നേരിട്ട രീതിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ജില്ലാഘടകം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പാറശാലയില്‍ എ ടി ജോര്‍ജ്ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ വന്‍ തോതില്‍ അക്രമം അഴിച്ചുവിട്ടു. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപറ്റി. പോലീസ് പലയിടത്തും നിഷ്‌കൃയമായി നോക്കിനില്‍ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സ്റ്റാച്യുവില്‍ പെട്രോള്‍ പമ്പ് അടപ്പിക്കാനെത്തിയ സമരക്കാരെ നാട്ടുകാര്‍ തടഞ്ഞു. പെട്രോള്‍ വിതരണം തുടരാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. കാട്ടക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കമ്പ്യൂട്ടര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പരിക്കേറ്റ ജീവനക്കാരി ഷിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം, ശ്രീകാര്യം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയാണ്. കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.

പാറശാലയില്‍ എ ടി ജോര്‍ജ്ജ് എംഎല്‍എയും പോലീസുകാരും തമ്മിലുണ്ടായ തര്‍ക്കം
പാറശാലയില്‍ എ ടി ജോര്‍ജ്ജ് എംഎല്‍എയും പോലീസുകാരും തമ്മിലുണ്ടായ തര്‍ക്കം

ബാലരാമപുരത്ത് സമരക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷം ലാത്തിച്ചാര്‍ജ്ജില്‍ കലാശിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹര്‍ത്താല്‍ ആദ്യ മണിക്കൂറുകളില്‍ നഗരത്തില്‍ കടകള്‍ തുറന്നിരുന്നെങ്കിലും പലയിടങ്ങളിലും സമരാനുകൂലികള്‍ ബലമായി ഇവ അടപ്പിച്ചു. നഗരത്തില്‍ കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസുകളും സര്‍വീസ് ആരംഭിച്ചിരുന്നു. കഴക്കൂട്ടത്ത് വിജയ ബാങ്കുള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും സമരക്കാര്‍ ബലമായി അടപ്പിക്കുകയായിരുന്നു. കാട്ടാക്കട കിള്ളിയിലാണ് ബസിനു നേരെ കല്ലേറുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയിലും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിരുന്നു. നഗരത്തില്‍ കാര്യമായ പ്രതിസന്ധികള്‍ ഇല്ലെങ്കിലും ഗ്രാമീണമേഖലയില്‍ അങ്ങിങ്ങായി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബാലരാമപുരത്തുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിപത്രം
ബാലരാമപുരത്തുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിപത്രം

രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഹര്‍ത്താല്‍ ബാധിക്കാതിരിക്കുന്നതിനായി ബദല്‍ യാത്രാ സൗകര്യങ്ങളും കേരളാ പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രതിഷേധ സൂചന എന്ന നിലയിലാണ് ഇന്ന് ജില്ലാ ഘടകം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ ജില്ലാഘടകം മാത്രം എടുത്ത തീരുമാനം ആണെന്നും നേതാക്കളുടെ നിര്‍ദേശം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് വിവരം.

കെഎസ്ആര്‍ടിസി ഡിപ്പോയിലെ കമ്പ്യൂട്ടര്‍ തകര്‍ത്ത നിലയില്‍
കെഎസ്ആര്‍ടിസി ഡിപ്പോയിലെ കമ്പ്യൂട്ടര്‍ തകര്‍ത്ത നിലയില്‍

കഴിഞ്ഞ ദിവസം തന്നെ ജില്ലാഘടകം ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും നിര്‍ബ്ബന്ധിതമായി കടകള്‍ അടപ്പിക്കുക, വാഹനങ്ങള്‍ തടയുക പോലെയുള്ള ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് അണികള്‍ക്ക് സം്സ്ഥാന നേതൃത്വത്തില്‍ നിന്നും നിര്‍ദേശം കിട്ടിയതായിട്ടാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലില്‍ കയറി പോലും പോലീസ് നടപടി ഉണ്ടായതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ എല്ലാ കേന്ദ്രങ്ങളിലും കൂടുതല്‍ പോലീസിനെ ഇറക്കിയിട്ടുണ്ട്.

സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം നടന്നേക്കാമെന്നാണ് പോലീസ് പറയുന്നത്. അക്രമം ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.