നിയമസഭ പിരിഞ്ഞു; മൂന്ന് എംഎല്‍എമാര്‍ നിരാഹാരത്തില്‍

single-img
28 September 2016

assembly

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ കുത്തിയിരിക്കുന്നു. നിയമസഭ നടത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിച്ചു വിട്ടു.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് മൂന്ന് പ്രതിപക്ഷ എംല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമിരിക്കുന്നത്. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു മുസ്ലീം ലീഗ് എംഎല്‍എമാരായ കെ.എം ഷാജിയും എന്‍. ഷംസുദ്ദീനും അനുഭാവ സത്യാഗ്രഹം അനുഷ്ഠിക്കാനും ബുധനാഴ്ച രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.

നിയമസഭാ കവാടത്തിന് മുന്നിലാണ് എംഎല്‍എമാര്‍ നിരാഹാരമിരിക്കുന്നത്. ഒന്‍പത് ദിവസമായി കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹരം ഇരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറായില്ല. ഇതോടെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് വന്‍ സംഘര്‍ഷത്തിനടയാക്കിയിരുന്നു. പോലീസ് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചു.

mlas-on-strike
സമരത്തെ അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സ്വശ്രയ മനേജ്മെന്റുകളുമായി സര്‍ക്കാരുണ്ടാക്കിയ ധാരണയില്‍ നിന്ന് പിറകോട്ടില്ലെന്നും ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ പരിഹസിക്കുകയാണ് പിണറായി ചെയ്തത്.