കുഞ്ഞേ നിനക്കായി ഇനി ഞങ്ങള്‍ എങ്ങു പോവും; മകളുടെ മരണത്തിന്റെ സത്യത്തെ തേടി ഒരു അഛനും അമ്മയും

single-img
27 September 2016
രുദ്രമോള്‍

രുദ്രമോള്‍

എസ്എടി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ചികിത്സ പിഴവില്‍ മരണമടഞ്ഞ നാലുമാസം പ്രായമായ രുദ്രയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുന്നതിനായി രുദ്ര വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ വിഷയാവതരണം നടന്നോ എന്നു കൂടി അറിയാതെ രുദ്രയുടെ മാതാപിതാക്കള്‍ ഇന്നു രാവിലെ മുതല്‍ നിയമസഭക്ക് മുന്നില്‍ കാത്തു നില്‍ക്കുകയാണ്.

രുദ്രയുടെ മാതാപിതാക്കള്‍ രാവിലെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് അവര്‍ സെക്രട്ടേറിയറ്റിലെ പ്രധാന കവാടത്തിന് മുന്നിലെ റോഡില്‍ കിടക്കാനൊരുങ്ങുകയാണ്.

മകളുടെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ വൈകുന്നേരം രുദ്രയുടെ മാതാപിതാക്കളായ സുരേഷും സൗമ്യയും സ്റ്റാച്ചുവിന്റെ മുന്നില്‍ സമരം നടത്തിയിരുന്നു. ആ സമരത്തില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടി ഇവരെ സന്ദര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.സി.സി സെക്രട്ടറി സൂരജ് ഹെഡ്‌ഗേ , എംഎല്‍എമാരായ വി.ടി ബല്‍റാം, വി എസ് ശിവകുമാര്‍, കെ എസ് ശബരിനാഥന്‍, മുന്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷ്, ഡി സി സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ഡി.സി സി ജന സെക്രട്ടറി ജോയ് നരുവാമൂട്, അഡ്വ രാജീവ് കുമാര്‍, സനീഷ് തുടങ്ങിയവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

മലയന്‍കീഴ് യൂത്തു കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് രുദ്രയുടെ മാതപിതാക്കള്‍ക്കു നീതി ലഭ്യമാക്കുതിനായി നേതാക്കളെ കാണാന്‍ അവസരമൊരുക്കിയത്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് രുദ്ര മരണപ്പെട്ടത്. കഫക്കെട്ട് മൂലമാണ് മകള്‍ മരിച്ചതെന്നാണ് ഡി.എം.ഓയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സംഭവത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഈ വാര്‍ത്തയോട് പ്രതികരിച്ചു.