SCATSAT – ഒന്ന് ഉള്‍പ്പെടെ ഇന്ത്യയുടെ എട്ട് ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍

single-img
27 September 2016

scatsat

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹമായ സ്‌കാറ്റ്സാറ്റ് 1 ( SCATSAT-1 ) ഉള്‍പ്പടെ എട്ട് ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതില്‍ പിഎസ്എല്‍വി സി35 വിജയിച്ചു. ഇതോടെ ഉപഗ്രഹ വിക്ഷേപണരംഗത്ത് ചരിത്രം രചിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 09.12നാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ഒരേ വിക്ഷേപണത്തില്‍ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുകയെന്ന ദൗത്യമായിരുന്നു പ എസ്എല്‍വിയുടേത്. ഇത് ആദ്യമായാണ് ഐഎസ്ആര്‍ഒ ഇത്തരമൊരു ദൗത്യം നടപ്പാക്കുന്നത്.

വിക്ഷേപിച്ച് 17 മിനിറ്റ് കഴിഞ്ഞ് സ്‌കാറ്റ്സാറ്റിനെ 730 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. അതോടെ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയിച്ചു.

സാധാരണഗതിയില്‍ വിക്ഷേപണ ദൗത്യം ഇതോടെ തീരും. എന്നാല്‍, ഇത്തവണ ബാക്കി ഏഴ് ഉപഗ്രഹങ്ങളെ 639 കിലോമീറ്റര്‍ അകലെയുള്ള രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിക്കേണ്ടിയിരുന്നു.

സമുദ്രഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനും ഉതകുന്ന ഉപഗ്രഹമാണ് 377 കിലോഗ്രാം ഭാരമുള്ള SCATSAT-1. 120 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ നിര്‍മാണച്ചെലവ്. അള്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെ, ബെംഗളൂരുവിലെ പെസ് സര്‍വകലാശാല എന്നിവയുടെ ചെറുഉപഗ്രഹങ്ങളുമാണ് തിങ്കളാഴ്ച വിക്ഷേപിച്ചത്.