കുട്ടിയെ കഴുത്തറുത്തു കൊന്ന വീട്ടുവേലക്കാരിയെ വധശിക്ഷക്കു വിധേയമാക്കി • ഇ വാർത്ത | evartha
saudi arabia, World

കുട്ടിയെ കഴുത്തറുത്തു കൊന്ന വീട്ടുവേലക്കാരിയെ വധശിക്ഷക്കു വിധേയമാക്കി

soudi

റിയാദ്: റിയാദ് സിറ്റിയില്‍ ലമീസ് ബിന്‍ത് മുഹമ്മദ് എന്ന സൗദി പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് കക്കൂസില്‍ തള്ളിയ കേസില്‍ എത്യോപ്യന്‍ സ്വദേശിനിയായ വീട്ടുവേലക്കാരിയെ തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംസം അബ്ദുല്ല ബൂരികയാണ് പ്രതി.

എത്യോപ്യന്‍ സ്വദേശിയായ ഇവര്‍ കുട്ടിയെ ബലമായി പിടിച്ചു കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു കക്കൂസില്‍ തള്ളിയെന്നാണ് കേസ്. സുരക്ഷ വിഭാഗം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക കഥ പുറം ലോകം അറിഞ്ഞത്. ജനറല്‍ കോടതി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി വധശിക്ഷ വിധിച്ചു. പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷ അംഗീകരിക്കുകയായിരുന്നു.

ഇന്നലെ ഇവരുടെ വധശിക്ഷ കൂടി നടപ്പാക്കപ്പെട്ടതോടെ ഈവര്‍ഷം സൗദിയില്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 119 ആയി. ജനുവരി രണ്ടാം തിയതി മാത്രം 47 പേരെയാണ് വിവിധകുറ്റങ്ങളുടെ പേരില്‍ തലയറുത്ത് കൊന്നത്. ഇതില്‍ ഒരു ഷിയ പുരോഹിതനും ഉള്‍പ്പെടുന്നു. തീവ്രവാദക്കുറ്റത്തിനാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്.