ടേക്ക് മാധ്യമ മേളയോടനുബന്ധിച്ച് സ്വദേശാഭിമാനിക്കും കേസരിക്കും ഗുരുവന്ദനം അര്‍പ്പിച്ച് മാധ്യമ വിദ്യാര്‍ഥികള്‍

single-img
26 September 2016

journos

തിരുവനന്തപുരം: മലയാള മാധ്യമ ആചാര്യന്‍മാര്‍ക്ക് മുമ്പില്‍ ആദരവ് അര്‍പ്പിച്ച് മാധ്യമ വിദ്യാര്‍ഥികള്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവര്‍ക്കാണ് കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആദരമൊരുക്കിയത്.

കേരള സര്‍വകലാശാല ജേര്‍ണലിസം പഠന വിഭാഗം നവംബറില്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമ മേളയായ ടേക് മീഡിയാ ഫെസ്റ്റിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

journos1

ഇതിനോട് അനുബന്ധിച്ച് ഇരുവരുടെയും നഗരത്തിലെ പ്രതിമകള്‍ ശുചീകരിച്ചു പുഷ്പാര്‍ച്ചന നടത്തി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 106ാം നാടുകടത്തല്‍ വാര്‍ഷികദിനത്തില്‍ കേസരി സ്മാരക ജേര്‍ണലിസം ട്രസ്റ്റിന്റെ സഹകരണത്തോടെയായിരുന്നു ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചത്. പാളയത്ത് രാമകൃഷ്ണപിള്ളയുടെയും പുളിമൂട്ടില്‍ കേസരിയുടെയും പ്രതിമകളാണ് ശുചീകരിച്ചത്.

കേരളത്തിലെ മാധ്യമ പഠന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കഴിഞ്ഞ നാല് വര്‍ഷമായി കേരള സര്‍വകലാശാല ജേര്‍ണലിസം പഠന വിഭാഗം നടത്തി വരുന്ന മേളയാണ് ‘ടേക്ക് മീഡിയ ഫെസ്റ്റ്’. 2012ല്‍ ആരംഭിച്ച മേള ആദ്യ രണ്ടു വര്‍ഷം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും പിന്നീട് കാര്യവട്ടം കാമ്പസിലുമാണ് നടന്നത്.

പരിസ്ഥിതി സൗഹൃദ മേള എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടേക്ക് മീഡിയ ഫെസ്റ്റ് വളരെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. ഇത്തവണ സ്ത്രീ സൗഹൃദ മേള എന്നതാണ് പ്രത്യേകത.

‘ഫ്യൂച്ചര്‍ ഈസ് ഓണ്‍ലൈന്‍’ എന്ന ടാഗ് ലൈനോട് കൂടി നടത്തുന്ന മേളയില്‍ ഡിജിറ്റല്‍ ജേണലിസത്തിന്റെ സാധ്യതകളും മാധ്യമങ്ങളുടെ വളര്‍ച്ച ദിനപത്രങ്ങളുടെ മാറ്റങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. നവംബറില്‍ നടക്കുന്ന മേളയില്‍ പത്ര ദൃശ്യ മാധ്യമ രംഗത്തെ പ്രമുഖരും സ്വീഡനിലെ ലുണ്ട് സര്‍വ്വകലാശാലയില്‍ നിന്നുള്ള അധ്യാപകരും ക്ലാസുകള്‍ നയിക്കും.

കേരളത്തിനകത്തു നിന്നും പുറത്തുനിന്നും തെരഞ്ഞെടുക്കപെട്ട ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. മാധ്യമ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കേരളത്തില്‍ നടക്കുന്ന ഏക മേളയാണ് ‘ടേക്ക് മീഡിയ ഫെസ്റ്റ്’

ഗുരു വന്ദനം പരിപാടിയില്‍ ജേര്‍ണലിസം പഠന വിഭാഗം മേധാവി ഡോ. സുഭാഷ് കുട്ടന്‍, കേസരി സ്മാരക ജേര്‍ണലിസം ട്രസ്റ്റ് ചെയര്‍മാന്‍ സി. റഹീം, അധ്യാപകരായ ഡോ.എം.എസ് ഹരികുമാര്‍, ജെ. മാഗി, പി.വി. യാസീന്‍ എന്നിവരും മുപ്പതോളം വിദ്യാര്‍ഥികളും പങ്കെടുത്തു.