അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

single-img
26 September 2016

Cricket- India and New Zealand 1st Test Day 5
കാണ്‍പൂര്‍: അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യക്ക് ന്യൂസിലന്റിനെതിരെ ഗംഭീര വിജയം. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 197 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ആര്‍. അശ്വിനാണ് കിവികളെ എറിഞ്ഞിട്ടത്. ആറു വിക്കറ്റാണ് അശ്വന്‍ വീഴ്ത്തിയത്. രണ്ട് ഇന്നിങ്സിലുമായി അശ്വിന്‍ പത്ത് വിക്കറ്റ് നേടി. അതിനിടെ ടെസ്റ്റില്‍ 200 വിക്കറ്റ് ക്ലബിലും അശ്വിന്‍ അംഗമായി. 37 ടെസ്റ്റുകളിലാണ് ഈ നേട്ടം. അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ താരം കൂടിയായി അശ്വിന്‍. സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ: 318, 377/5 dec. ന്യൂസിലാന്‍ഡ്: 262, 236.

ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലാന്‍ഡിനെ സ്പിന്‍ കെണിയൊരുക്കിയാണ് ഇന്ത്യ നേരിട്ടത്. കരുതലോടെയാണ് ന്യൂസിലാന്‍ഡ് കളിച്ചതെങ്കിലും ഇന്ത്യയുടെ കെണിയില്‍ വീണു പോയി. മുന്‍ ക്യാപ്റ്റന്മാരെ സാക്ഷിനിര്‍ത്തി അഞ്ഞൂറാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ വ്യക്തമായ മേധാവിത്വമാണ് കളിയിലുടനീളം കാണിച്ചത്.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 434 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് നാലാം ദിവസം അവസാനിക്കുമ്പോള്‍ 93 റണ്‍സിന് 4 വിക്കറ്റെന്ന നിലയില്‍ പരുങ്ങുകയായിരുന്നു.

നാലാം ദിനം 159ന് ഒന്ന് എന്ന നിലയില്‍ രണ്ടാമിന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 377ന് അഞ്ച് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രോഹിത് ശര്‍മ(68*), ജഡേജ (50*) എന്നിവരാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് (18) രണ്ടാമിന്നിങ്സിലും കാര്യമായി തിളങ്ങാനായില്ല. അജിങ്ക്യരഹാനെ 40 റണ്‍സ് നേടി. മിച്ചല്‍ സാന്റ്നര്‍, ഐഷ് സോധി എന്നിവര്‍ ന്യൂസിലാന്റിനായി രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം മത്സരം ഈ മാസം 30ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കും.