പൊരുതി ജയിക്കാന്‍ സിറ്റി താരങ്ങള്‍

single-img
26 September 2016

man-city-new-crest-1

ലണ്ടന്‍: കരുത്ത് വ്യക്തമാക്കിക്കൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നില്‍. നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ യുണൈറ്റഡ് 4-1ന് തകര്‍ത്തപ്പോള്‍ സ്വാന്‍സി സിറ്റിയുടെ മൈതാനത്ത് 1-3ന് ജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഓന്നാം സ്ഥാനം ഭദ്രമാക്കി.

വിലക്കുകള്‍ മറികടന്ന് എത്തിയ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ പുതിയ ക്ലബില്‍ ആദ്യ ഗോള്‍ കണ്ടെത്തി. സെര്‍ജിയോ അഗ്വിറൊയുടെ ഇരട്ട ഗോളാണ് സിറ്റിയെ വിജയക്കുതിപ്പ് തുടരാന്‍ സഹായിച്ചത്.

എന്നാല്‍ മറ്റൊരു മത്സരത്തില്‍ ചെല്‍സിക്ക് അടിപതറി. ആഴ്‌സണലിനോട് ദയനീയ പരാജയമായിരുന്നു അവര്‍ ഏറ്റുവാങ്ങിയത്. ഏകപക്ഷീയമായ മൂന്നു ഗോളിനായിരുന്നു പരാജയം. മത്സരത്തിന്റെ ആദ്യപകുതിയില്‍ത്തന്നെ ആഴ്‌സണല്‍ വ്യക്തമായി ലീഡ് നേടി വിജയം ഉറപ്പിച്ചു. 11-ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസും 14ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടും 42ാം മിനിറ്റില്‍ ജര്‍മന്‍ താരം മെസ്യൂട്ട് ഓസിലും ചെല്‍സിയുടെ വല തുളച്ചു.

2010 ഡിസംബറിനു ശേഷം ആദ്യമായാണ് ആഴ്‌സണല്‍ ചെല്‍സിയെ മുട്ടുകുത്തിക്കുന്നത്. സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രജിലില്‍ നിന്നും നിരാശയോടെയാണ് ചെല്‍സി താരങ്ങള്‍ സ്റ്റേഡിയം വിട്ടിറങ്ങിയത്. ചെല്‍സിക്കെതിരേയുള്ള ഈ വിജയത്തോടെ ആഴ്‌സണലിന്റെ കോച്ച് വെംഗറിന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍കൂടിയായി.

ലീഗില്‍ ആറു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പട്ടികയില്‍ 18 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതും ടോട്ടനം ഹോട്‌സ്പര്‍ 14 പോയിന്റോടെ രണ്ടാമതും, ആഴ്‌സണല്‍ 14 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. എഫ്‌സി ചെല്‍സിയാകട്ടെ 10 പോയിന്റോടെ എട്ടാം സ്ഥാനത്താണ്.