കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്നിൽ വാഹന അപകടം : സഹായമെത്തിക്കാന്‍ അധികൃതരുടെ അനാസ്ഥ, രാജ്യം ഭീകരാക്രമണത്തിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോഴും രാത്രിയിൽ ഫോൺ സ്വിച്ച്ഓഫ്‌ ചെയ്ത് കേരള പോലീസ്

14369927_10210603332742883_2786533775940786347_n

കഴക്കൂട്ടം : കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്‍പില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. 3 പേര്‍ ആശുപത്രിയില്‍. സഹായമെത്തിക്കാന്‍ പോലീസും ആംബുലന്‍സും വൈകിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി കരുനാഗപള്ളിയില്‍ നിന്ന് എയര്‍പോര്‍ട്ടിലെക്ക് സഞ്ചരിച്ചിരുന്ന കാറും തിരുവനന്തപുരത്തുനിന്നു വന്ന ലോറിയും തമ്മില്‍ ടെക്നോപാര്‍ക്കിനു മുന്നില്‍ വച്ചാണ് കൂട്ടിയിടിച്ചത്.അപകടം അറിഞ്ഞ് പ്രദേശവാസിയായ ഇ-വാർത്ത സബ് എഡിറ്റർ ശരത് കഴക്കൂട്ടം സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍, എ.എസ്.ഐ, ക്രൈം എസ്.ഐ തുടങ്ങിയവരുടെ മൊബൈല്‍ ഫോണുകളിൽ വിളിച്ചെങ്കിലും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.ഒടുവിൽ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നേരിട്ട് വിളിക്കുകയായിരുന്നു.അപകടം നടന്ന് പോലീസ് എത്തിയത് സമയമേറെക്കഴിഞ്ഞായിരുന്നു.

ആംബുലന്‍സ് വന്നത് അര മണിക്കൂറിനു ശേഷവും. അപകടം പറ്റിയ 2 പേരെ പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു ഒരാളെ പിന്നീട് ആംബുലന്‍സ് എത്തിയപ്പോള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ കഴക്കൂട്ടം എ.സി.പി പ്രമോദ് കുമാർ പോലീസ് എത്താൻ താമസിച്ചെന്ന വാർത്ത നിഷേധിച്ചു. പോലീസ് എത്തിയാണ് സഹായം നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടം പോലീസ് സ്റ്റേഷനും ടെക്നോപാര്‍ക്കും തമ്മില്‍ കേവലം ഒന്നര കിലോമീറ്റര്‍ ദൂരം പോലും ഇല്ല. രാത്രി നിരന്തരം പോലീസ് പട്രോളിംഗ് നടത്തുന്നതാണ്. എന്നാല്‍ ഐടി നഗരത്തിൽ ഒരപകടം നടന്നിട്ട് പോലീസ് എത്താൻ വൈകിയത് പോലീസിന്റെ വലിയ അനാസ്ഥയാണ് എന്ന് സംഭവ സ്ഥലത്ത് നിന്നവര്‍ പറഞ്ഞു.

ടെക്‌നോപാര്‍ക്ക് കവാടത്തില്‍ പരിശോധനക്ക് നിര്‍ത്തിയ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് യുവതിക്ക് പരുക്കേറ്റ സംഭവം നടന്നിട്ട് കുറച്ചു നാള്‍ ആകുന്നത്തെ ഉള്ളു.
ടെക്നോപാര്‍ക്കില്‍ ഒരു 108 ആംബുലന്‍സ് സര്‍വീസ് ഉണ്ട് എന്നാല്‍ പലപ്പോഴും ഇവരും ഫോണ്‍ കോളുകള്‍ സ്വീകരിക്കാറില്ല എന്നും പരാതിയുണ്ട്.