തോക്കുധാരികളെ കണ്ടെന്ന വിവരം:മുംബൈയില്‍ എന്‍.എസ്.ജിയെ വിന്യസിച്ചു.

single-img
23 September 2016

uran_suspects_sketch_650_636102219550753645ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപം തോക്കുധാരികളായ ചിലരെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുംബൈയിലെങ്ങും തീരമേഖലയിലുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശം. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈയില്‍ ദേശീയ സുരക്ഷ ഗാര്‍ഡിനെ (എന്‍.എസ്.ജി) വിന്യസിച്ചു. മുംബൈയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് എന്‍.എസ്.ജിയെ വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്ട്രാ പോലീസും ഭികര വിരുദ്ധ സേനയും നാവികസേനയ്ക്കുമൊപ്പം ചേര്‍ന്ന് ശക്തമായ തിരച്ചില്‍ ഓപ്പറേഷന് നേതൃത്വം നല്‍കാനാണ് എന്‍.എസ്.ജിയെ വിന്യസിച്ചിരിക്കുന്നത്.

സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പത്തോടെ പത്താന്‍ സ്യൂട്ട് ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന തോക്കുധാരികളായ സംഘത്തെ കണ്ടുവെന്ന് ഉറാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസിനു വിവരം കൈമാറിയതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്തൊനായില്ല.

ദിവസങ്ങള്‍ക്കു മുമ്പ് കശ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. മുംബൈ, നവി മുംബൈ, താണെ, റൈഗാര്‍ഡ് തീരമേഖല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ നാവല്‍ബേസ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍, റിഫൈനറീസ്, രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ പോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപത്താണ്.