ബാര്‍കോഴക്കേസിൽ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തില്‍ വിജി. മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും സുകേശനുമെതിരെ അന്വേഷണത്തിന് ഉത്തരവ്

single-img
23 September 2016

mani-sukesan-reddyബാര്‍ കോഴക്കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢിക്കും എസ്.പി ആര്‍ സുകേശനുമെതിരെ പ്രാഥമിക അന്വഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. 45 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തി മുന്‍മന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിലാണ് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ബാര്‍ കോഴ കേസിലെ കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. ബാര്‍ക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുന്‍ വിജിലന്‍സ് മേധാവി. ശങ്കര്‍ റെഡ്ഡിക്കും എസ്.പി സുകേശനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ആദ്യ വാദം കേട്ട ശേഷമാണ് കോടതി ഡയറി പരിഗണിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഡയറിയില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടന്നിട്ടുളളതായി കോടതി കണ്ടെത്തിയത്.

പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. കേസ് ഡയറിയില്‍ കൃത്രിമം നടത്തിയെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് അന്വേഷണ ഉത്തരവ്.