പണം നഷ്ടപ്പെട്ടതിനത്തെുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങിയ വീട്ടമ്മക്ക് ഐ.എസിന്റെ ഭീഷണി സന്ദേശം:ഒടുവിൽ പോലീസ് അന്വേഷിച്ചപ്പോൾ സന്ദേശമയച്ചതും പണം മോഷ്ടിച്ചതും മകന്‍

single-img
23 September 2016

mobile-learning-sms-largeകാഞ്ഞിരംകുളം:തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പല തവണയായി പണം നഷ്ടപ്പെട്ടതിനത്തെുടര്‍ന്ന് പൊലീസില്‍ പരാതി കൊടുക്കാന്‍ പോയ വീട്ടമ്മക്ക് ഐ.എസ് എന്ന പേരില്‍ ഭീഷണി സന്ദേശം.
മക്കളെ കൊലപ്പെടുത്തും എന്നായിരുന്നു എസ്.എം.എസ്.

വീട്ടമ്മയുടെ പരാതി ലഭിച്ച നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കര്‍ വീട്ടമ്മയെയും മക്കളെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത് .
ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ വീട്ടമ്മയുടെ ഇളയ മകന്‍ പതറി. അമ്മയറിയാതെ പണം പിന്‍വലിച്ചത് മകനാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ആറിനാണ് വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്ന് 8000 രൂപ നഷ്ടമായത്.
പണം നഷ്ടമായ വിവരം പൊലീസില്‍ പറഞ്ഞാല്‍ മോഷണക്കേസില്‍ മകനെ പ്രതിയാക്കുമെന്നായിരുന്നു ആദ്യ സന്ദേശം

യഥാര്‍ഥ മോഷ്ടാവിന്റെ സ്ഥാനത്ത് മകന്റെ മുഖം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും, പരാതി നല്‍കിയാല്‍ മക്കളുടെ തലയില്ലാത്ത ഉടല്‍ കാണേണ്ടി വരും തുടങ്ങിയ ഭീഷണികള്‍ ഉള്ള എസ്.എം.എസ് സന്ദേശം അയച്ചിരുന്നു.
ബുധനാഴ്ച രാത്രി പൊലീസില്‍ പരാതി നല്‍കാന്‍ വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴാണ് അവസാന സന്ദേശം എത്തിയത് -‘സ്റ്റോപ് യുവര്‍ ജേണി’ എന്നായിരുന്നു ആ സന്ദേശം . ഐ.എസ് ഭീകരരാണ് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനുള്ള സൂചനകളും എഴുതിയിരുന്നു. വീട്ടമ്മയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയശേഷം മകന്‍ എസ്.എം.എസ് അയച്ചതായിരുന്നെന്ന് പൂവാര്‍ സി.ഐ എസ്.എം. റിയാസ്, കാഞ്ഞിരംകുളം എസ്.ഐ ബി. ജയന്‍ എന്നിവര്‍ പറഞ്ഞു.

പണം നഷ്ടമായതിലല്ല, സ്വന്തം മക്കളുടെ ജീവനുള്ള ഭീഷണി കണ്ട് ഭയന്നാണ് പരാതിയുമായി വീട്ടമ്മയത്തെിയത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ കേസ് വേണ്ടെന്ന് അഭ്യര്‍ഥിച്ച് മടങ്ങുകയായിരുന്നു. കോവളം കാരോട് ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത വകയില്‍ ഈ കുടുംബത്തിന് 45 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ തുകയില്‍ നിന്നാണ് കുറവ് വന്നത്.