ഗൂഗിൾ അലോ വാട്സാപ്പിനേക്കാൾ മികച്ചത്; കാരണങ്ങളറിയണ്ടേ?

allowhatsapp

വാട്സാപ്പിന് പണി നൽകാൻ ഗൂഗിൾ തുറന്നു വിട്ട അലോ ആപ്പ് പണി തുടങ്ങിക്കഴിഞ്ഞു. അലോയുടെ പല പ്രത്യേകതകളും പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച മെസ്സഞ്ചർ ആപ്പായി അറിയപ്പെടുന്ന വാട്സാപ്പ് ഏറെ പിന്നിലാണെന്നാണ് അലോ ഉപയോഗിച്ച വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വെറും ഒരു ടെക്സ്റ് മെസ്സേജിംഗ് ആപ്പ് എന്നതിൽ കവിഞ്ഞ് ചില കിടിലൻ പ്രത്യേകതകളാണ് അലോയെ വേറിട്ട് നിർത്തുന്നത്.

ഗൂഗിൾ അസിസ്റ്റന്റ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത സേവനമാണ് അലോയെ ഏവർക്കും പ്രിയങ്കരമാക്കി മാറ്റുന്നത്. ആപ്പിളിന്റെ സിരി, മൈക്രോസോഫ്റ്റിന്റെ കോർട്ടാന എന്നിവയിൽ നിന്നും വ്യത്യസ്തമായി ചാറ്റ് വിൻഡോയിൽ മാത്രം മര്യാദയ്ക്ക് പണിയെടുക്കുന്ന ഗൂഗിൾ അസിസ്റ്റന്റ് അലോ ഉപയോക്താക്കൾക്ക് ഏറെ ഉപകാരിയാണ്. ഒരു സുഹൃത്തിനോടെന്ന പോലെ വിവരങ്ങൾ ആരായുമ്പോൾ അതേ ചടുലതയോടെയും ഊഷ്മളതയോടെയും തിരിച്ചു മറുപടി നൽകുന്ന ഗൂഗിൾ അസിസ്റ്റന്റ് ഇതിനകം താരമായിക്കഴിഞ്ഞു. ഇവന്റെ പ്രതികരണം ഇഷ്ടപ്പെട്ടാലോ ഇല്ലെങ്കിലോ അത് പ്രകടിപ്പിക്കാനും ഉപയോക്താവിന് അവസരമുണ്ട്. ഗ്രൂപ് ചാറ്റിങ്ങിലും ഗൂഗിൾ അസിസ്റ്റന്റ് സേവനം ലഭ്യമാണ്.

അലോയുടെ സ്മാർട് റിപ്ലെ സേവനമാണ് മറ്റൊരു മികവായി വിലയിരുത്തപ്പെടുന്നത്. ആരെങ്കിലും നമ്മോടു കുശലം ചോദിച്ചാൽ അതിനുള്ള സാധ്യമായ മറുപടിയും അലോയുടെ ടെക്സറ്റ് വിൻഡോയ്ക്ക് മുകളിലായി തെളിയും.അവയിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായി തോന്നുന്നത് തെരെഞ്ഞെടുത്തത് മറുപടിയായി അയക്കാൻ കഴിയും; ഇത് അലോയിലെ ചാറ്റിങ് എളുപ്പമാക്കുന്നു. സ്മാർട് റിപ്ലെ കൂടാതെ വാട്സാപ്പുമായി താരതമ്യം ചെയ്യുമ്പോൾ അലോയെ മികച്ചതാക്കുന്ന മറ്റൊരു പ്രത്യേകതയാണ് ‘ഇൻകോഗ്നിറ്റോ ചാറ്റ്’. ഈ സൗകര്യം തിരഞ്ഞെടുത്ത ശേഷം നമ്മൾ നടത്തുന്ന ചാറ്റുകൾ ഒരു നിശ്ചിത സമയം കഴിയുമ്പോൾ തനിയെ ഡിലീറ്റ് ആയി പോകും.

വാട്സ്ആപ്പിൽ പത്തു ഫോട്ടോകൾ മാത്രമേ ഒരു സമയം അയക്കാൻ സാധിക്കുന്നുള്ളൂ എങ്കിൽ അലോയിൽ അതിലിരട്ടി ഫോട്ടോകൾ ഒരുമിച്ചയാക്കാം; അതായത് ഇരുപത് ഫോട്ടോകൾ വരെ ഒറ്റയടിക്ക് അലോയിൽ നിന്ന് അയക്കാൻ കഴിയും. വാട്സ്ആപ്പിനേക്കാൾ മികച്ച സ്റ്റിക്കർ ശേഖരവും , സ്മൈലികളും,സ്റ്റിക്കറുകളും ഡൗൺലോഡ് ചെയ്യാനുള്ള അവസരവും അലോയെ വാട്സാപ്പിനേക്കാൾ ഒരു പടി മുന്നിലേക്ക് ഉയർത്തി നിർത്തുന്നു. എന്നാല്‍ വരും ദിവസങ്ങളിൽ വാട്സാപ്പ്, അലോ പോര് മുറുകുന്ന മുറയ്ക്ക് വാട്സ്ആപ് തങ്ങളുടെ സേവനം മെച്ചപ്പെടുത്തി മുന്നിലെത്തുമെന്നുമാണ് വാട്സാപ്പ് പ്രേമികൾ പ്രതീക്ഷിക്കുന്നത്.