ഉറിയില്‍ വീഴ്ച്ച ഇനി ആവർത്തിയ്ക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍;ഉറി ആക്രമണം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

single-img
22 September 2016

uriencounterഉറി ആക്രമണം തടയുന്നതിൽ പിഴവുകൾ ഉണ്ടായതായി സമ്മതിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. എന്തോ ചില പിഴവുകള്‍ പറ്റിയിട്ടുണ്ടെന്നും ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തെ നടുക്കിയ ഉറി ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുമ്പേ സൈന്യത്തിന് ഇതുസംബന്ധിച്ച രഹസ്യവിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എട്ട് ലഷ്‌കര്‍ ഭീകരര്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്നും അവര്‍ ആക്രമണം നടത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സപ്തംബര്‍ 15 ന് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയിലേക്ക് നൂറുകണക്കിന് ഭീകരരെ കടത്തിവിടാനുള്ള ശ്രമം പാകിസതാന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയന്ത്രണ രേഖയില്‍ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയായ പൂഞ്ച്, രജൗറി, ജമ്മു മേഖലകളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍കൂടിയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്തിരിക്കുന്നതെന്നും ഇവര്‍ 200-300 പേര്‍ വരുമെന്നും അതിര്‍ത്തി കടന്ന എട്ട് ലഷ്‌കര്‍ ഭീകരരില്‍ നാല് പേര്‍ സംസ്ഥാനത്ത് ഒളിച്ച് കഴിയുന്നുണ്ടെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചിന് നിയന്ത്രണ രേഖയ്ക്ക് സമീപം ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നാല് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ കരസേനയ്ക്ക് നേരെ നടന്ന വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.